വറ്റിവരളുന്ന പന്പാനദി കാട്ടൂർ നീർപ്പാലത്തിൽനിന്നുള്ള ദൃശ്യം.
പത്തനംതിട്ട: പ്രതീക്ഷിച്ചതുപോലെ മഴ ലഭിക്കാതെ വന്നതോടെ വരൾച്ച രൂക്ഷമാകാൻ സാധ്യത. ഒക്ടോബർ, നവംബർ മാസങ്ങളിൽ ലഭിക്കേണ്ട തുലാമഴയിൽ 14 ശതമാനത്തിന്റെ കുറവാണ് ജില്ലയിലുള്ളത്. സംസ്ഥാനത്താകമാനം 24 ശതമാനം മഴയുടെ കുറവുണ്ട്.
പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെ 530.5 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് 458.8 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ വളരെകുറച്ച് ദിവസങ്ങളിൽ മഴ പെയ്തു മാറുകയായിരുന്നു. ഇതിനിടെയിൽ പെയ്ത മഴ ശക്തമായിരുന്നതു ഗുണകരമായെങ്കിലും നീരൊഴുക്ക് കാര്യമായി വർധിപ്പിക്കാനായില്ല.
ഒക്ടോബർ രണ്ടാംവാരം മുതൽ തുലാവർഷം പ്രതീക്ഷിച്ചിരുന്നു. ഇടിമിന്നലോടു കൂടിയ മഴയാണ് ഇക്കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്. എന്നാൽ ഇത്തവണ തുടർച്ചയായ മഴ ഈ ദിവസങ്ങളിലുണ്ടായില്ല. പകരം ഏതാനും ദിവസങ്ങളിൽ മാത്രമായി മഴ പെയ്തു. കഴിഞ്ഞ നവംബർ ഒന്നിനു മാത്രമാണ് ജില്ലയിൽ എല്ലായിടത്തും തുലാവർഷത്തിനു സമാനമായ മഴ ലഭിച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ മഴ ലഭിച്ചതുമില്ല. മഴക്കുറവിനേത്തുടർന്ന് ഭൂഗർഭ ജലനിരപ്പും താഴ്ന്നു കൊണ്ടിരിക്കുകയാണ്. കിണറുകളിലും ജലാശയങ്ങളിലും വളരെ പെട്ടെന്നാണ് ജലനിരപ്പ് താഴ്ന്നത്.
നദികളിൽ നീരൊഴുക്ക് കുറഞ്ഞു
മഴ കുറഞ്ഞതു കാരണം ജില്ലയിലെ നദികൾ നേരത്തേതന്നെ വറ്റിവരണ്ടിരിക്കുകയാണ്. പന്പയിൽ നീരൊഴുക്ക് നാമമാത്രമാണ്. ഇത്തവണ കാലവർഷത്തിലും കുറവുണ്ടായി. കാലവർഷ സീസണിൽ മഴ നാമമാത്രമായിരുന്നു. ഓഗസ്റ്റ് ആദ്യവാരം ലഭിച്ച ശക്തമായ മഴ മാത്രമാണ് ജലനിരപ്പ് ക്രമീകരിച്ചത്. എന്നാൽ അതിതീവ്രമഴ ജലനിരപ്പ് ക്രമീകരിക്കാൻ പര്യാപ്തമായില്ല. ഇതോടെ വെള്ളപ്പൊക്കെ കെടുതികളുണ്ടായെങ്കിലും വെള്ളം പെട്ടെന്നുതന്നെ താഴ്ന്നിറങ്ങി.
പന്പ, അച്ചൻകോവിൽ, മണിമല നദികൾ സാധാരണ നിലയിൽ ഒക്ടോബർ, നവംബർ ടമാസങ്ങളിൽ ജലസന്പുഷ്ടമാകേണ്ടതാണ്. എന്നാൽ ഇത്തവണ ഇവ നേരത്തേ ശോഷിച്ചു തുടങ്ങി. പന്പയുടെ പല ഭാഗങ്ങളിലും മണൽത്തിട്ടകൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ പന്പാനദി കേന്ദ്രീകരിച്ചുള്ള ജലവിതരണ പദ്ധതികളുടെ പ്രവർത്തനവും തടസപ്പെടും. നദികളിലേക്കു വന്നുചേരുന്ന നീർച്ചാലുകളും കൈത്തോടുകളുമെല്ലാം വറ്റിവരണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ വരൾച്ചയുടെ ലക്ഷണങ്ങളാണ് നേരത്തേ കണ്ടുവരുന്നത്. സാധാരണ നിലയിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ ജലനിരപ്പ് താഴ്ന്നിരുന്നത്.
പകൽച്ചൂടിന് കാഠിന്യം
മഴ മാറിയതോടെ പകൽച്ചൂടിന്റെ കാഠിന്യവുമേറി. വൃശ്ചികമാസത്തിലെ ശൈത്യം ഇപ്പോൾ അനുഭവപ്പെടുന്നില്ല. പകൽ അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ രാത്രിയിലും ഇതിന്റെ ആഘാതമുണ്ട്.
ശൈത്യത്തിന്റെ യാതൊരു സൂചനയും തുടങ്ങിയിട്ടില്ല. വൃശ്ചികമാസത്തിൽ പകൽ താപനില കുറഞ്ഞു നിൽക്കുകയും വൈകുന്നേരങ്ങളിൽ മഴ ലഭിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ പകൽച്ചൂട് 30 ഡിഗ്രിക്കു മുകളിലാണ്. കിണറുകളിലും ജലാശയങ്ങളിലും വെള്ളം വേഗത്തിൽ വറ്റുന്നതടക്കമുള്ള പ്രതിഭാസങ്ങൾക്ക് ഇതു കാരണമാകും.
Tags : drought will arrive sooner Nattuvishesham Districtnews