ശ്രീധർമശാസ്താ ക്ഷേത്രത്തിൽ സിസിടിവി കാമറ മറയ്ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം.
ഉപ്പുതറ: ചപ്പാത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ മോഷണം. ശീവേലി വിഗ്രഹവും വിഗ്രഹങ്ങളിൽ ചാർത്തിയ താലിയും ഭണ്ഡാരത്തിലെ പണവും മോഷ്ടിച്ചു. 35 വർഷം പഴക്കമുള്ള അഞ്ചു കിലോ തൂക്കംവരുന്ന ശീവേലി വിഗ്രഹം, വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ഭക്തർ സമർപ്പിച്ചിരുന്ന താലികൾ, കാണിക്കവഞ്ചിയിലുണ്ടായിരുന്ന പണം എന്നിവയാണ് അപഹരിച്ചത്.
രണ്ടുപേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നു സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 11.30നാണ് മോഷണം. തുണി ഉപയോഗിച്ച് മുഖംമറച്ച് മോഷ്ടാക്കളെത്തുന്ന ദൃശ്യവും സിസിടിവിയിൽനിന്നു ലഭിച്ചിട്ടുണ്ട്.
ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ പൂജാരി ശ്രീകോവിലിന്റെ വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട് നടത്തിയ അന്വേഷണത്തിലാണു മോഷണവിവരം പുറത്തറിയുന്നത്. ക്ഷേത്രം ഭാരവാഹികൾ നൽകിയ പരാതിയെത്തുടർന്ന് ഉപ്പുതറ പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വിരലടയാള വിദഗ്ധരേയും ഇതിനു പുറമേ ഇടുക്കി ഡോഗ് സ്ക്വാഡിലെ പൊലിസ് നായ ജെനിയേയും സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. പൊലിസ് നായ ക്ഷേത്ര പരിസരവും അതിർത്തിയിലെ തേയില എസ്റ്റേറ്റിലും മണം പിടിച്ച് മലയോര ഹൈവേയുടെ ഭാഗമായ ചപ്പാത്ത് റോഡിന്റെ സമീപംവരെ എത്തിയിരുന്നു. ഇവിടെനിന്നു മോഷ്ടാക്കൾ വാഹനത്തിൽക്കയറി പോയതായാണ് നിഗമനം.
Tags :