അടൂർ: സ്വകാര്യ ബസിൽ യാത്ര ചെയ്ത വയോധികയുടെ സ്വർണാഭരണങ്ങൾ തമിഴ്നാട് സ്വദേശികളായ സ്ത്രീകൾ കവർന്നു. വയോധികയുടെ സമയോചിതമായ ഇടപെടലിൽ സ്വർണം കവർന്ന മൂന്ന് സ്ത്രീകൾ പോലീസ് പിടിയിൽ.
അടൂർ അമ്മകണ്ടകര മോഹന വിലാസത്തിൽ വിജയമ്മ (65) യുടെ സ്വർണാഭരണങ്ങളാണ് ബസിൽ സഞ്ചരിക്കവെ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 1.45-ന് നഷ്ടമാകുന്നത്. ഈ സംഭവത്തിൽ തമിഴ്നാട് തെങ്കാശി പൂതർ സ്വദേശികളായ പ്രിയ, മുരുകമ്മ, കാളി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അടൂർ കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി പിടിച്ച വകയിൽ ഈടുവച്ച് എടുത്ത സ്വർണവുമായി അടൂരിൽ നിന്നും കെപി റോഡ് വഴി കായംകുളം ഭാഗത്തേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു വിജയമ്മ. അടൂർ ചേന്നംമ്പള്ളി ജംഗ്ഷനും ലൈഫ് ആശുപത്രിക്കും മധ്യേ വായനശാല ജംഗ്ഷനിൽ ബസിറങ്ങിയശേഷം നോക്കിയപ്പോഴാണ് കൈവശം ഉണ്ടായിരുന്ന ബാഗ് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
പരിശോധിച്ചപ്പോൾ ബാഗിൽ ഉണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടു. മൂന്ന് വള, ലോക്കറ്റ്, കൊലുസ് എന്നിവ അടങ്ങുന്ന അഞ്ചു പവൻ സ്വർണമായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്. സ്വർണം എടുത്തത് ബസിൽ തന്നോടൊപ്പം സമീപത്തു നിന്നു യാത്ര ചെയ്ത ഒരു സ്ത്രീയാണെന്ന് സംശയം തോന്നി. ഇതോടെ വിജയമ്മ അതുവഴി വന്ന ഒരു പരിചയക്കാരന്റെ വാഹനത്തിൽ കയറി ബസിനെ പിന്തുടർന്നു.
പതിനാലാം മൈൽ ജംഗ്ഷനു സമീപം എത്തിയപ്പോൾ ബസിൽ ഉണ്ടായിരുന്ന പോലെയുള്ള ഒരു സ്ത്രീ നടന്നു പോകുന്നതായി കണ്ടു. ഇതോടെ ഇവരെ തടയാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് ഇവരുടെ സമീപത്ത് കൂടി നടന്നു പോയ മറ്റു രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സമയം വിജയമ്മ ബഹളം വച്ചതോടെ നാട്ടുകാർ മൂന്ന് പേരെയും തടഞ്ഞുവച്ചു. തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.
Tags : nattu vishesham arrested for stealing elderly woman's gold