കോഴിക്കോട്: മാസങ്ങളായി ജില്ല പനിക്കിടക്കയിൽ തുടരുന്നതിനിടെ പരിഭ്രാന്തി പടര്‍ത്തി അഞ്ചാംപനിയും. രോഗനിരക്ക് കുത്തനെ ഉയരുന്നത് വലിയ രീതിയില്‍ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ഒരുമാസത്തിനിടെ മൂന്നിരട്ടിയോളം വര്‍ധനയാണ് അഞ്ചാംപനി (മീസിൽസ്) രോഗനിരക്കിൽ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിൽ താഴെ രോഗങ്ങൾ സ്ഥിരീകരിച്ചത് സെപ്റ്റംബറിൽ 83 ആയി ഉയര്‍ന്നു. ആറുമാസം മുതൽ അഞ്ചുവയസ് വരെയുള്ള കുട്ടികളിലാണ് കൂടുതലായും രോഗം കണ്ടുവരുന്നത്. ചില മേഖലകളിൽ മുതിര്‍ന്നവരിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വായുവിലൂടെയും രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും പകരുന്ന വൈറസ് രോഗമാണിത്. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്ക അണുബാധ എന്നിവയ്ക്കിടയാക്കി മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. വാക്സിൻ എടുക്കാത്തവർക്കാണ് മരണസാധ്യതയെന്നതിനാൽ പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കണമെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.
ചുമയോടുകൂടിയ പനി, കണ്ണ് ചുവക്കൽ, ജലദോഷം, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയേറ്റ് 10-14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഉടൻ ചികിത്സ തേടേണ്ടതാണ്. രോഗബാധിതരായ കുട്ടികളെ സ്കൂളിലോ അങ്കണവാടിയിലോ അയക്കരുത്കണ്ണിൽനിന്നുള്ള സ്രവത്തിൽനിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുണ്ടാകുന്ന കണങ്ങൾ വഴിയോ രോഗം പകരാം. മുഖാമുഖം നമ്പർക്കം വേണമെന്നില്ല. രോഗിയുടെ സ്രവവുമായി സമ്പർക്കമുണ്ടായ 90 ശതമാനം പേർക്കും അഞ്ചാംപനി പിടിപെടാം.
വൈറൽ രോഗമായതിനാൽ മീസിൽസിന് പ്രത്യേകം ചികിത്സകളില്ല. ലക്ഷണങ്ങൾക്കാണ് ചികിത്സ. എന്നാൽ, വാക്സിനേഷനിലൂടെ പൂർണമായി തടയാനാവും. കുഞ്ഞ് ജനിച്ച് ആദ്യ ഡോസ് ഒമ്പത് മുതൽ 12 മാസത്തിനുള്ളിലും രണ്ടാം ഡോസ് 16 മുതൽ 24 മാസത്തിനുള്ളിലും നല്‍കണം. ഏതെങ്കിലും ഒരുഡോസ് എടുക്കാത്ത കുട്ടികൾക്ക് അഞ്ച് വയസ്സുവരെ വാക്സിൻ എടുക്കാമെന്ന് ആരോഗ്യവകുപ്പ്അധികൃതര്അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Threefold increase