ഡോ. ഷിഹാബ് ഷാ വയനാട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍.
കല്‍പ്പറ്റ: കെന്‍സ ഹോള്‍ഡിംഗ്സ് വയനാട് മഞ്ഞൂറയില്‍ നടപ്പാക്കുന്ന വെല്‍നെസ് പ്രോജക്ടിന്റെ ആദ്യഘട്ടം പ്രവര്‍ത്തനം മൂന്നു മാസത്തിനകം ആരംഭിക്കുമെന്ന് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. ഷിഹാബ് ഷാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രോജക്ടില്‍ ആയുര്‍വേദ, നാച്യുറോപ്പതി ചികിത്സകള്ക്കായിരിക്കും പ്രാധാന്യമെന്നും കെട്ടിട നിര്‍മാണത്തില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തില്‍ ഡിഡിഎംഎ മുമ്പ് പരിശോധന നടത്തിയത്
താന്‍ അപേക്ഷിച്ചതുപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
വെല്‍നെസ് ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് തനിക്കെതിരേയുണ്ടായിരുന്ന കേസുകള്‍ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്. പ്രോജക്ട് ഭൂമിയില്‍ പ്രവൃത്തി പൂര്‍ത്തിയായ മുഴുവന്‍ കെട്ടിടങ്ങള്‍ക്കും തരിയോട് പഞ്ചായത്ത് നമ്പര്‍ അനുവദിച്ചിട്ടുണ്ട്. ഡിഡിഎംഎ മുന്‍ ചെയര്‍പേഴ്സന്റെ നിര്‍ദേശപ്രകാരം തരിയോട് പഞ്ചായത്ത് സെക്രട്ടറി കെട്ടിട നമ്പര്‍ റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തതാണ്. പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുന്നതോടെ പ്രോജക്ടില്‍ നാനൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ദുബായില്‍ സംരംഭങ്ങളുള്ള താന്‍ വലിയ സ്വപ്നങ്ങളുമായാണ് മെഡിക്കല്‍ ടൂറിസം പദ്ധതിക്കായി വയനാട്ടില്‍ വന്നത്. ദീര്‍ഘകാലത്തെ അന്വേഷണത്തിനൊടുവിലാണ് മഞ്ഞൂറയില്‍ ബാണാസുരസാഗര്‍ റിസര്‍വോയറിനോട് ചേര്‍ന്ന് 63 സെന്റ് സ്ഥലം എടുത്തത്. പിന്നീട് 18 ആധാരങ്ങളിലായി ഏഴ് ഏക്കറില്‍പരം ഭൂമി കൂടി വാങ്ങി. പ്രോജക്ടിന്റെ ഭാഗമായ നിര്‍മാണങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് കുപ്രചാരണങ്ങളും വ്യാജ പരാതികളും ഉയര്‍ന്നത്. പ്രോജക്ടിനും തനിക്കുമെതിരേ രംഗത്തുവന്നത് തിരുവനന്തപുരം കാസര്‍ഗോഡും ഉള്‍പ്പെടെ വിദൂരപ്രദേശങ്ങളിലുള്ളവരാണ്. തദ്ദേശീയരില്‍നിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്.
വിശ്വസിച്ച് കൂടെ നിര്ത്തിയവരടക്കം നടത്തിയ ഗൂഢാലോചനയാണ് തനിക്കും പ്രോജക്ടിനും എതിരായ പാരതികള്ക്കും ആരോപണങ്ങള്‍ക്കും പിന്നില്‍. താന്‍ 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ദുബായില്‍നിന്നു മുങ്ങിയെന്ന് ഒരു യൂട്യൂബ് ചാനലില്‍ വാര്‍ത്തവന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിലെ ചില മാധ്യമങ്ങളും വാര്‍ത്ത നല്കി. പ്രോജക്ടില്‍ വില്ലകള്‍ക്ക് പണം മുടക്കിയവരില്‍ ചിലര്‍ പൊലിസില്‍ പരാതി നല്കി. എന്നാല്‍ പ്രോജക്ടിന്റെ ഭാഗമായ വില്ലകള്‍ സ്ഥിതി ചെയ്യുന്ന ഭൂമി പരാതിക്കാരുടെ പേരിലാണെന്നും പ്രവൃത്തി പൂര്‍ത്തിയായെന്നും ബോധ്യപ്പെട്ട പൊലിസ് കേസെടുക്കാനാകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. താന്‍ തട്ടിപ്പുകാരനാണെന്ന് തെളിയിക്കുന്നവര്‍ക്ക് കെന്‍സ വെല്‍നെസ് പ്രോജക്ട് സൗജന്യമായി എഴുതിക്കൊടുക്കാന്‍ തയാറാണ്.
കെട്ടിടങ്ങളില്‍ ഒന്നിന്റെ ഒരു വശത്ത് അനുവദനീയമായതിലും 17 സെന്റി മീറ്റര്‍ ഉയരം കൂടുതലായതാണ് ചട്ടലംഘനമായി ഡിഡിഎംഎ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേ പഞ്ചായത്തില്‍ ഇതിലും കൂടുതല്‍ ഉയരത്തില്‍ നിര്‍മിച്ച കെട്ടിങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ചിട്ടുണ്ട്. ഡിഡിഎംഎ ചെയര്‍പേഴ്സണ്‍ വയനാട്ടിലെ സേവനകാലത്തിന്റെ അവസാന ദിവസമാണ് കെട്ടിട നമ്പര്‍ റദ്ദാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. നമ്പര്‍ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ കമ്മിഷന് മുഖേന കെട്ടിടങ്ങളുടെ ഉയരം അളന്നതിനുശേഷമാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.
കെന്‍സ വെല്‍നെസ് റിസോര്‍ട്ട് പ്രോജക്ട് തട്ടിപ്പാണെന്ന് പ്രചരിപ്പിച്ച് നിക്ഷേകരെ തെറ്റിധരിപ്പിക്കാനും തന്നെ സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കാനും നടന്ന ആസൂത്രിത നീക്കങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മാസം നാലു പേര്ക്കെിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം പടിഞ്ഞാറത്തറ പൊലിസ് കേസെടുത്തത്. വ്യാജ ആരോപണങ്ങളും പരാതികളും നിപ, കോവിഡ് ബാധയും പ്രോജക്ടിന്റെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് വിഘാതമായെന്നും ഷിഹാബ് ഷാ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Dr. Shihab Shah