കൊല്ലം: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. അപകടസമയത്ത് ഡ്രൈവര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നെന്നും അമിതവേഗതയിലാണ് ടിപ്പര്‍ ഓടിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്രദ്ധാപൂര്‍വം വാഹനമോടിക്കുകയും ഗതാഗതനിയമങ്ങള്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
രാവിലെ 7.11നായിരുന്നു അപകടം. അതിന് തൊട്ടുമുമ്പ് 7.10ന് ഡ്രൈവര്‍ നിസാം നടത്തിയ ഫോണ്‍വിളി അപകടം നടന്നതോടെയാണ് അവസാനിച്ചതെന്ന് കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിച്ചു. ഇറക്കം ഇറങ്ങി പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഭാരം കയറ്റിയ വാഹനങ്ങള്‍ മണിക്കൂറില്‍ 20 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ മാത്രമേ സഞ്ചരിക്കാവൂ.
എന്നാല്‍ അപകടസമയത്ത് ടിപ്പര്‍ മണിക്കൂറില്‍ 56.3 കിലോമീറ്റര്‍ വേഗത്തിലായിരുന്നുവെന്നാണ് വാഹനത്തിലെ ജിപിഎസ് വിവരങ്ങളില്‍ നിന്ന് കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട ടിപ്പര്‍ ഓടിക്കാന്‍ ആവശ്യമായ ഹെവി വാഹന ലൈസന്‍സ് ഡ്രൈവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അപകടത്തില്‍ മോട്ടോര്‍ വഹാന വകുപ്പ് നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എംവിഐ സുധിന്‍ ഗോപി, എഎംവിഐ ശരത് എസ്.കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് നടപടി.
അപകടത്തില്‍പ്പെട്ട വാഹനത്തിന് 17 വര്‍ഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തിയിരുന്നു. ജൂണ്‍ 23നായിരുന്നു ബസ് കാത്തുനില്ക്കുന്ന വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മേല്‍ ടിപ്പര്‍ ലോറി കയറി മൂന്ന് പേർ മരിച്ചത്.
Tags : Local News Nattuvishesham Kollam