സീനിയര്‍ ബോയ്സ് ട്രിപ്പിള്‍ ജംപിൽ സ്വർണം നേടിയ കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ അഭിഷേക് ആര്. നായരുടെ പ്രകടനം.
കൊച്ചി: പോയിന്റ് പട്ടികയില്‍ കുതിച്ചുകയറി കോതമംഗലം കിരീടത്തിലേക്ക്. റവന്യു ജില്ലാ സ്കൂള്‍ കായികമേളയുടെ മൂന്നാംദിനം പിന്നിടുമ്പോള്‍ ഉപജില്ലാ വിഭാഗത്തില്‍ കോതമംഗലവും സ്കൂള്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസും ആധിപത്യം തുടരുകയാണ്. മെഡല്‍വേട്ടയില്‍ എതിരാളികളെ ഏറെ പിന്നിലാക്കിയാണ് കോതമംഗലത്തിന്റെ കുതിപ്പ്. 28 സ്വര്‍ണവും 22 വെള്ളിയും 20 വെങ്കലവുമടക്കം 70 മെഡലുകൾ കോതമംഗലം സ്വന്തമാക്കി. 93 പോയിന്റുമായി അങ്കമാലിയാണ് രണ്ടാം സ്ഥാനത്ത്. എട്ടു സ്വര്‍ണവും ഒമ്പതു വെള്ളിയും ഏഴു വെങ്കലവുമാണ് അങ്കമാലിയുടെ സമ്പാദ്യം. എട്ടു സ്വര്‍ണവും നാലു വെള്ളിയും 12 വെങ്കലവും നേടി 79 പോയിന്റോടെ പെരുമ്പാവൂർ മൂന്നാം സ്ഥാനത്തുണ്ട്.
സ്കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആധിപത്യത്തിന് ഇനിയും ഇളക്കമില്ല. 170 പോയിന്റുമായി മുന്നേറുന്ന സ്കൂള്‍ 22 സ്വര്‍ണവും 15 വെള്ളിയും 15 വെങ്കലവും നേടി. 36 പോയിന്റുമായി വെങ്ങോല ശാലേം ഹൈസ്കൂളാണ് രണ്ടാം സ്ഥാനത്ത്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും അഞ്ചു വെങ്കലവുമാണ് ശാലേമിന്റെ നേട്ടം. 24 പോയിന്റുമായി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് എച്ച്എസ് മൂന്നാം സ്ഥാനത്താണ്. ഒരു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമാണ് സ്കൂളിന്റെ സമ്പാദ്യം. ഇന്നലെ 65 ഇനങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി.
അവസാനദിനങ്ങളിലേക്ക് കടക്കുമ്പോള്‍ പോയിന്റ് നിലയില്‍ മാറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് കൂടുതല്‍ താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും. ഇന്ന് സീനിയര്‍ വിഭാഗത്തില്‍ 5000, 800, 200 മീറ്ററുകള്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ഹാമര്‍ ത്രോ, ജാവലിന്‍ ത്രോ എന്നിവയാണ് പ്രധാന ഇനങ്ങള്‍. ജൂനിയര്‍ വിഭാഗത്തില്‍ 3000, 200 മീറ്ററുകള്‍, ട്രിപ്പിള്‍ ജമ്പ്, ഹാമര്‍ ത്രോ, 400 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവ നടക്കും. സബ് ജൂനിയര്‍ വിഭാഗത്തിലും മത്സരങ്ങള്‍ അരങ്ങേറും.
Tags : NattuVishesham DistrictNews