കൊരട്ടി: അവധി ദിവസങ്ങളിലേക്ക് കടക്കുമ്പോൾ ദേശീയപാതയിൽ വാഹനത്തിരക്കു വർധിക്കുമെന്ന സാമാന്യബോധംപോലും പരിഗണിക്കാതെയാണ് കൊരട്ടി മേഖലയിൽ ഒറ്റവരി പരിഷ്കാരം നടപ്പിലാക്കിയതെന്ന് ആക്ഷേപം. ഇതിന്റെ ഫലമായി ഇന്നലെ രാവിലെ മുതൽ ദേശീയപാത കൊരട്ടി മേഖലയിലുടനീളം കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടിയിൽ മൂന്നു സ്പാനുകളിലായി തൂണുകളിൽ ഉയർത്തുന്ന പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനപാത പൊളിച്ച് വാഹനഗതാഗതം സർവീസ് റോഡിലൂടെയാണ് മാസങ്ങളായി തിരിച്ചുവിടുന്നത്. നേരത്തേത്തന്നെ മന്ദഗതിയിലായിരുന്ന വാഹനചലനം ഇന്നലെ രാവിലെയോടെ പൂർണമായും താളം തെറ്റിയ നിലയിലാണ്.
ഇന്നലെ രാവിലെ ചാലക്കുടി ഭാഗത്തേക്കുപോകുന്ന ദിശയിൽ കൊരട്ടി സർവീസ് സഹകരണ ബാങ്കിനു മുൻവശത്ത് നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി കുറച്ചുഭാഗം കോൺക്രീറ്റ് ബ്ലോക്കുകൾ സ്ഥാപിച്ച് വാഹനഗതാഗതം ഒറ്റവരിയാക്കി. ഇതോടെയാണ് ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരും പ്രദേശവാസികളും കടുത്ത ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്.
ഇന്നും നാളെയും അവധിയായതോടെ ദേശീയപാതയിൽ സ്വാഭാവികമായും തിരക്കേറുമെന്നിരിക്കെ യാതൊരു ദീർഘവിക്ഷണവും ക്രമീകരണവുമില്ലാത്ത പരിഷ്കാരം നടപ്പിലാക്കിയതിനെതിരേ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ വാഹനങ്ങളുടെ നീണ്ടനിര കറുകുറ്റിയും പിന്നിട്ടു. മണിക്കൂറു കളോളം വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാർ കടുത്ത അസ്വസ്ഥതയാണ് നേരിട്ടത്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ചില വാഹനങ്ങളെ ഗ്രാമീണ റോഡുകളിലൂടെ തിരിച്ചുവിട്ടുവെങ്കിലും അത് ഫലപ്രദമായില്ല. ഇടുങ്ങിയ ഗ്രാമറോഡുകളും ആവശ്യമായ മുന്നറിയിപ്പുകളുടെ അഭാവവും അവിടെയും പുതിയ കുരുക്കുകൾക്ക് വഴിയൊരുക്കി.
ഇത്തരത്തിലുള്ള നിർമാണപരിഷ്കാരങ്ങൾ തിരക്കേറിയ അവധി ദിവസങ്ങൾ ഒഴിവാക്കി ഇടദിവസങ്ങളിൽ നടപ്പിലാക്കേണ്ടതായിരുന്നുവെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും അഭിപ്രായം. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ പോരായ്മകൾ ഉടൻ കണ്ടെത്തി ബദൽ മാർഗങ്ങൾ ആവിഷ്കരിച്ച് ജന ങ്ങളുടെ ക്ലേശം ലഘൂകരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും ശക്തമായ ആവശ്യം ഉയരുന്നുണ്ട്.
Tags : nattu vishesham Traffic jam kilometers