അങ്കമാലി: പട്ടണത്തിലെ ഗതാഗത പരിഷ്കാരം ചർച്ച ചെയ്യാൻ നഗരസഭ വിളിച്ചുചേർത്ത യോഗം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ ആരോപണം. ഫിസാറ്റ് എൻജിനീയറിംഗ് കോളജ് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരം നടത്താൻ ആലോചിച്ചത്.
ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരെ വിളിച്ച് നഗരസഭ കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കരട് പ്ലാൻ വിശദീകരിക്കാൻ പഠനം നടത്തിയ സ്ഥാപന അധികൃതരോ, ഉത്തരവാദിത്വപ്പെട്ട പോലീസ്, വാഹനവകുപ്പ്, പൊതുമരാമത്ത് അധികൃതരോ ആരുംതന്നെ ഉണ്ടായില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തെങ്കിലും പരിഷ്കാരത്തെ സംബന്ധിച്ച സംശയ നിവാരണത്തിനോ , വ്യക്തമായ മറുപടി നൽകുവാനോ കഴിയുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. ഇത് യോഗത്തിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുന്ന അവസ്ഥയിലെത്തിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
അങ്കമാലി പട്ടണം അതീവ ഗുരുതരമായ ഗതാഗതക്കുരുക്കിൽപെട്ട് നട്ടം തിരിയുന്ന സാഹചര്യത്തിൽ നഗരസഭയുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതരമായ അനാസ്ഥയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസും എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഗ്രേസി ദേവസിയും ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യത്തോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പഠന റിപ്പോർട്ട് തയ്യാറാക്കിയ സ്ഥാപന അധികൃതരെയും പങ്കെടുപ്പിച്ച് യോഗം ചേർന്ന് ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്നും ഇരുവരും മുന്നറിയിപ്പ് നൽകി.
Tags : Local News Nattuvishesham Ernakulam