നെടുങ്കണ്ടം: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ട്രാഫിക് പരിഷ്കാരങ്ങൾ 10 മുതൽ നടപ്പാക്കും. ആദ്യഘട്ടത്തിൽ അഞ്ചിന നിർദേശങ്ങളാണ് നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഓട്ടോറിക്ഷകളുടെ പാർക്കിംഗ് ക്രമീകരണം, ബസ് സ്റ്റോപ്പുകളുടെ ക്രമീകരണം, പഞ്ചായത്ത് ഓഫീസിന് സമീപത്തുകൂടി ഹൈവേയിൽനിന്ന് സ്റ്റേഡിയം റോഡിലേക്കുള്ള റോഡും പടിഞ്ഞാറെ കവലയിൽനിന്ന് ജീവമാതാ ആശുപത്രി ഭാഗത്തേക്കുള്ള റോഡും വൺവേയായി നിലനിർത്തുക, മൃഗാശുപത്രി പരിസരത്തുനിന്ന് ഭാരവാഹനങ്ങളുടെ പാർക്കിംഗ് മാറ്റിസ്ഥാപിക്കുക തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.
സ്കൂൾ വാഹനങ്ങൾ അനാവശ്യമായി പ്രധാന പാതയിലൂടെ കടന്നുപോകുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഗതാഗത പരിഷ്കാരങ്ങൾ കർശനമായി നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സേനാപതി വേണു എംഎൽഎയുടെയും പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കലിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. ജനപ്രതിനിധികൾ, വ്യാപാരികൾ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Traffic reforms