എറണാകുളം-തേക്കടി സംസ്ഥാന പാതയിലെ തിരക്കേറിയ നെല്ലാട് കവല.
മൂവാറ്റുപുഴ: എറണാകുളം-തേക്കടി സംസ്ഥാന പാതയിലെ തിരക്കേറിയ നെല്ലാട് കവലയില്‍ മീഡിയനോ ട്രാഫിക് ഐലന്റോ ഇല്ലാത്തതുകൊണ്ട് അപകടങ്ങള്‍ പതിവാകുന്നുവെന്ന് പരാതി. നാല് റോഡുകള്‍ സംഗമിക്കുന്ന ഇവിടെ വാഹനങ്ങള്‍ തോന്നുംപടി തിരിക്കുന്നതിനാല്‍ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്.
അമിത ലോഡുമായി എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ടോറസ്, കണ്ടെയ്നര്‍ വാഹനങ്ങള്‍ പലപ്പോഴും കയറ്റം വലിക്കാതെ നിരങ്ങി നീങ്ങുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. നെല്ലാട് കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ കമ്പനികളിലെ ജോലിക്കാരും, വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ എത്തുന്ന രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഗതാഗതക്കുരുക്ക് ഏറെയും.
റോഡ് കുറുകെ കടക്കാനും വളരെയേറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. വാളകം, മണ്ണൂര്‍ ഭാഗങ്ങളില്‍ നിന്നും അമിത വേഗയില്‍ വരുന്ന പരിചിതരല്ലാത്ത വാഹന ഡ്രൈവര്‍മാര്‍ക്ക് നെല്ലാട് എത്തുമ്പോള്‍ മുന്നില്‍ തിരക്കേറിയ സംസ്ഥാന പാതയുണ്ടെന്ന് തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ലാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
ഇതിനു പുറമേ സ്ഥല പരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗും മറ്റൊരു ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
അടിയന്തരമായി അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Tags : Local News Nattuvishesham Ernakulam