ആനി ബാബു
മാവേലിക്കര: ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം സ്കൂട്ടർ യാത്രിക ടിപ്പറിടിച്ചു മരിച്ചു. ചെന്നിത്തല സൗത്ത് മുണ്ടുവേലിക്കടവ് തട്ടാരുപറമ്പിൽ ആൻസിവില്ലയിൽ ബാബു ജോർജിന്റെ ഭാര്യ ആനി (56) ആണ് മരിച്ചത്. മാവേലിക്കര-പന്തളം പ്രധാന പാതയിൽ മാവേലിക്കര ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം.
ആശുപത്രി ജംഗ്ഷനിൽനിന്നും കരയാവട്ടം ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ആനി ബാബുവിനെ അതേദിശയിൽ എത്തിയ ടിപ്പർ തട്ടുകയായിരുന്നു. ടിപ്പറിന്റെ ഇടിയേറ്റ സ്കൂട്ടർ റോഡിന്റെ ഇടതു ഭാഗത്തേക്കു നീങ്ങിയെങ്കിലും പാതയ്ക്കു സമീപമുള്ള ഓടയുടെ സ്ലാബുകൾ ഉയർന്നു നിന്നതിനാൽ അതിൽകയറി നിയന്ത്രണം തെറ്റി ടിപ്പറിനടയിലേക്ക് വീഴുകയായിരുന്നു. ടിപ്പറിന്റെ പിൻചക്രങ്ങൾ ആനിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. മകൾ: ആൻസി.
അപകടകാരണം ലോറി ഡ്രൈവറുടെ അശ്രദ്ധയും അശാസ്ത്രീയ ഓടനിര്‍മാണവും
മാവേലിക്കര: തട്ടാരമ്പലം-പന്തളം പാതയില്‍ ജില്ലാ ആശുപത്രി ജംഗ്ഷനു സമീപം ടിപ്പറിടിച്ച് സ്കൂട്ടര്‍ യാത്രികയായ വീട്ടമ്മയുടെ ദാരുണാന്ത്യത്തിനു കാരണമായത് ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയും അശാസ്ത്രീയ ഓടനിര്‍മാണവും. ചെന്നിത്തല സൗത്ത് മുണ്ടുവേലിക്കടവ് തട്ടാരുപറമ്പില്‍ ആന്സിവില്ലയില് ബാബു ജോര്‍ജിന്റെ ഭാര്യ ആനി ബാബു (56) ആണ് മരിച്ചത്.
ആശുപത്രി ജംഗ്ഷനു സമീപം ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. റോഡിന്റെ ഇടതുവശം ചേര്‍ന്ന് സാവധാനത്തില്‍ വരികയായിരുന്ന സ്കൂട്ടര്‍ യാത്രികയെ അതേ ദേശയിലെത്തിയ ടിപ്പര്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തട്ടുകയായിരുന്നു. ലോറി ഇടിക്കാതിരിക്കാന്‍ റോഡിന്റെ ഇടതുഭാഗത്തേക്ക് സ്കൂട്ടര്‍ പരമാവധി ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഉയരത്തില്‍ ഓട നിര്മിച്ചതിനാല് കഴിഞ്ഞില്ല. നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിയുകയും ടിപ്പറിന്റെ പിന്‍ചക്രങ്ങള്‍ ആനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.
അപകടം നടന്ന സ്ഥലത്ത് റോഡിനു വീതിക്കുറവും വളവുമാണ്. മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. പിന്നാലെയെത്തുന്ന വാഹനങ്ങള്‍ അരികുചേര്‍ന്ന് മറികടക്കുമ്പോള്‍ ഇടത്തേക്ക് ഒതുക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഓടയില്‍ തട്ടിമറിഞ്ഞ് നിരവധി അപകടങ്ങളാണ് ഈ ഭാഗത്ത് സംഭവിച്ചിട്ടുള്ളതെന്ന് സമീപവാസികള്‍ പറഞ്ഞു.
അശ്രദ്ധമായി സ്കൂട്ടറിനെ മറികടക്കാന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ ശ്രമിച്ചതാണ് ഇന്നലെ അപകടത്തിനു കാരണവും. മാവേലിക്കര ഭാഗത്തു നിന്നും നിരവധി ടോറസ്, ടിപ്പര്‍ ലോറികളാണ് ഒന്നിനു പിന്നാലെ ഒന്നായാണ് എത്തിയത്. മുന്നിലുണ്ടായിരുന്ന ടോറസ് സ്കൂട്ടറിനെ മറികടന്നു പോകുന്നതും പിന്നാലെ എത്തിയ ടിപ്പര്‍ ഇടത്തേക്കു കൂടുതല്‍ ചേര്‍ക്കുന്നതും മുന്‍ഭാഗം തട്ടി സ്കൂട്ടര്‍ മറിയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്കൂട്ടറില്‍ തട്ടിയപ്പോഴെങ്കിലും ലോറി നിര്‍ത്തിയിരുന്നെങ്കില്‍ ദാരുണാന്ത്യം സംഭവിക്കില്ലായിരുന്നവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അശാസ്ത്രീയമായി റോഡില്‍നിന്ന് വലിയ ഉയരത്തില്‍ ഓടനിര്മിച്ചത് നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനകം നിരവധി പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. റോഡിന്റെ വശങ്ങളില് ഒരാള്‍ താഴ്ചയില്‍ ഓടനിര്‍മിച്ച് മുകള്‍ വശത്ത് കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരിക്കുകയാണ്. ഉയര്‍ത്തിയും താഴ്ത്തിയും പല രീതിയില്‍ ഓട നിര്‍മിച്ച് സ്ലാബ് ഇട്ടിരിക്കന്നതിനാല് കാല്‍നടയാത്രികര്‍ക്കും ഗുണം ചെയ്യില്ല. റോഡിന്റെ വീതി കുറയുകയും അത്യാവശ്യവേളയില് വശത്തേക്ക് വാഹനം ഓടിച്ചുമാറ്റാന് കഴിയാത്ത അവസ്ഥയുമാണ്.
അശാസ്ത്രീയ ഓടനിര്‍മാണവും
Tags : death for scooter nattuvishesham district news deepika news Tragic death for scooter rider