മഞ്ചേരി: അപകടദുരന്ത വേളകളിൽ പതറാതെ രക്ഷാപ്രവർത്തനം നടത്തുന്നതിന് പൊതുജനങ്ങളെ സജ്ജരാക്കാൻ ജില്ലാ ട്രോമാ കെയർ പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മഞ്ചേരി കച്ചേരിപ്പടി ഐജിബിടിയിലെ ട്രോമാകെയർ കേന്ദ്രത്തിലാണ് പരിശീലനം.
ഹൃദയസ്തംഭനം സംഭവിച്ച വ്യക്തിക്ക് നൽകേണ്ട പ്രാഥമിക പരിചരണം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം നേരിട്ട വ്യക്തിയെ എങ്ങനെ രക്ഷപ്പെടുത്തണം, തീ പൊള്ളലേറ്റാൽ ആദ്യം എന്ത് ചെയ്യണം, ഉയരത്തിൽ നിന്നും വീണ വ്യക്തിയെ ശാസ്ത്രീയമായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്, സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും.
അപകട സമയത്ത് ശരീരത്തിന്റെ എല്ലുകൾ പൊട്ടൽ, പാന്പുകടിയേൽക്കൽ, നായയുടെ കടിയേൽക്കൽ, വൈദ്യുതാഘാതം തുടങ്ങിയ സാഹചര്യങ്ങളിൽ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ അപകടത്തിൽപ്പെട്ട വ്യക്തിയെ കൃത്യമായി ഫസ്റ്റ് എയ്ഡ് നൽകുവാനും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുവാനും സാധിക്കൂ.
ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ജീവൻ രക്ഷാപരിശീന ക്ലാസ്, വോളണ്ടിയർ ഐഡി കാർഡ് ലഭിക്കുന്ന വിവിധ ഘട്ടങ്ങൾ അടങ്ങിയ പരിശീലന ക്ലാസുകൾ, വിദ്യാർഥികൾക്ക് മാത്രമായിട്ടുള്ള സ്റ്റുഡന്റ്സ് ട്രോമാകെയർ പരിശീലനങ്ങൾ എന്നിവയാണ് നൽകി വരുന്നത്. ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9048 911 100 എന്ന നന്പറിൽ ബന്ധപ്പെടണം.