പിടിയിലായവർ.
കൊട്ടാരക്കര : സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വാളകം പൊലിക്കോട് മിഥുന് നിവാസില്‍ മിഥുന്(26), വാളകം വയയ്ക്കല്‍ ഫാത്തിമ മന്‍സിലില്‍ ജാസ്മി(40) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
വയയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലാണ് ക്രമക്കേട് നടത്തിയത്. കേസിലെ രണ്ടാം പ്രതി മാനേജര്‍ രാധാകൃഷ്ണ പിള്ള നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സ്ഥാപനം ഉടമയ്ക്ക് 1,46,79,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ജാസ്മി 2025 ജനുവരി എട്ടിന് ഇവിടെ 974.2 ഗ്രാം സ്വര്‍ണം പണയംവച്ച് പണം വാങ്ങി.
തുടര്‍ന്ന് മാനേജരുമായി ഉണ്ടാക്കിയ ധാരണയില്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെ നല്കി. സ്ഥാപനത്തില്‍ പലപ്പോഴായി 30 പേര് പണയം വച്ചിരുന്ന 655.4 ഗ്രാം സ്വര്‍ണവും ഇതേ രീതിയില്‍ മാറ്റിയതായും കണ്ടെത്തി.
ഫിനാന്‍സ് ഉടമയുടെ വിശ്വസ്തരായിരുന്നു മാനേജരും ക്ലര്‍ക്കും. അതുകൊണ്ടുതന്നെ കൂടുതല്‍ പരിശോധനകള്‍ നടത്തിയിരുന്നില്ല. ഓഡിറ്റ് നടത്തിയപ്പോഴാണ് വലിയ തോതില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഉടമ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയത്.
വിശദമായ അന്വേഷണത്തില്‍ 30 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചതിന്റെ രസീതുകളടകം കണ്ടെത്താനായി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി എസ്. ഷെരീഫ് അറിയിച്ചു.