ജാസിര്‍ അര്‍ഷാദ്, ഷഹാന മിധ.
പെരിന്തല്‍മണ്ണ: 11.63 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മണ്ണാര്‍മല പച്ചീരി സ്വദേശി റാവുത്തര്‍ വീട്ടില്‍ ജാസിര്‍ അര്‍ഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടില്‍ ഷഹാന മിധ (20) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിടിയിലായ ഷഹാന മിധ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയാണ്.
പെരിന്തല്‍മണ്ണ ടൗണ്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണിലെ ഒരു ലോഡ്ജില്‍ പെരിന്തല്‍മണ്ണ പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ വലയിലായത്. ജില്ലയില്‍ ലഹരിക്കടത്തും വില്പനയും തടയുന്നതിനായി ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരമാണ് ഓപ്പറേഷന് തൂഫാനിലൂടെ പരിശോധന ഊര്‍ജിതമാക്കിയത്.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്പനയ്ക്കുമായി വാഹനം വിട്ടുനല്‍കുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നവര്‍ക്കുമെതിരേ ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാര്‍ പറഞ്ഞു. സിഐ സുമേഷ് സുധാകരന്, എസ്ഐ അന്‍വര്‍ സാദിഖ്, പൊലിസ് ഉദ്യോഗസ്ഥരായ വിനോജ്, ആമിര്‍ സുഹൈല്‍, പത്മിനി, സുമിത്ര തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Tags : Nattuvishesham DistrictNews DeepikaNews