കായംകുളം: വോട്ടെടുപ്പ് പൂർത്തിയായതോടെ ഇഞ്ചോടിഞ്ച് പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കായംകുളം നിയമസഭാമണ്ഡലത്തിൽ വിജയപ്രതീക്ഷകളുമായി മുന്നണികൾ. ഇടത് ആധിപത്യം അവസാനിപ്പിച്ച് യുഡിഎഫ് അട്ടിമറി വിജയം നേടുമെന്നും എം. ലിജു വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമുള്ള വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം.
കായംകുളം ദേശീയപാതയിൽ ഉയരപ്പാത നിർമിക്കാൻ എംഎൽഎ ഇടപെടാത്തതിനെതിരേയുള്ള ജനങ്ങളുടെ പ്രതിഷേധവും സിപിഎം വോട്ടുകളിൽ വലിയ രീതിയിൽ ചോർച്ച ഉണ്ടായതായും ഇതെല്ലാം യുഡിഎഫിന് അനുകൂലമാകുമെന്നും അട്ടിമറി വിജയം നേടുമെന്നുമാണ് യുഡിഎഫ് കണക്കുകൂട്ടൽ.
കായംകുളം നഗരസഭ, ചെട്ടികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, ദേവികുളങ്ങര പഞ്ചായത്തുകളിൽ വലിയ മുന്നേറ്റം നേടുമെന്നും ഐക്യത്തോടെയുള്ള പ്രവർത്തനം ഗുണം ചെയ്തെന്നും യുഡിഎഫ് വിലയിരുത്തുന്നു. എന്നാൽ, ഇത്തവണയും ഹാട്രിക് വിജയത്തോടെ എൽഡിഎഫ് മികച്ചവിജയം നേടി മണ്ഡലം നിലനിർത്തുമെന്നും യു. പ്രതിഭ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.
യുഡിഎഫ് നടത്തിയ വ്യാജ പ്രചാരണങ്ങളെ ജനം തള്ളുമെന്നും പത്തുവർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചതായും വിജയം ഉറപ്പാണെന്നും എൽഡിഎഫ് കണക്കുകൂട്ടുന്നു. എൻഡിഎ സ്ഥാനാർഥി തമ്പി മേട്ടുതറയും തികഞ്ഞ വിജയപ്രതീക്ഷയിലാണ് കന്നിവോട്ടർമാരും സാമുദായിക വോട്ടുകളും ഇക്കുറി ഏറെ നിർണായകമാണ്. കായംകുളം മണ്ഡലത്തിൽ ഇത്തവണ 75.71 ശതമാനത്തിന്റെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
ജില്ലയിലെ വോട്ടിംഗ് ശതമാനത്തിൽ വർധന
ആലപ്പുഴ: വോട്ടെടുപ്പിന്റെ അവസാന കണക്ക് പുറത്തുവന്നപ്പോൾ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനത്തിൽ വർധന. എന്നാൽ ജില്ലയിലെ ആകെ പോളിംഗ് ശതമാനത്തിൽ കാര്യമായ മാറ്റമില്ല.
മണ്ഡലം തിരിച്ചുള്ള
പോളിംഗ് ശതമാനം.
അരൂർ: 83.35
ചേർത്തല: 82.07
ആലപ്പുഴ: 81.29
അമ്പലപ്പുഴ: 80.75
കുട്ടനാട്: 71.84
ഹരിപ്പാട്: 76.83
കായംകുളം: 75.71
മാവേലിക്കര: 72.62
ചെങ്ങന്നൂർ: 71.05
ആകെ വോട്ടർമാർ- 16,82,697
വോട്ട് ചെയ്തവർ-13,02,358
സ്ത്രീ വോട്ടർമാർ: 8,71,041
വോട്ട് ചെയ്തവർ: 6,82,430
പുരുഷ വോട്ടർമാർ: 8,11,641
വോട്ട് ചെയ്തവർ: 6,19,921
ട്രാൻസ്ജെൻഡേഴ്സ്: 15
വോട്ട് ചെയ്തത്: 7
ജില്ലയിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ
പോളിംഗ് ശതമാനം.
2016: 79.88
2021: 74.75
2026: 77.40
Tags : Kayamkulam nattuvishesham local news