പ്രതീകാത്മക ചിത്രം
ഇരിട്ടി: 500 രൂപയിൽ താഴെ വരുന്ന വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷ സ്വീകരിക്കണമെങ്കിൽ 1000 രൂപയ്ക്ക് മുകളിൽ വരുന്ന കെട്ടിടനികുതി (വീട്ടുനികുതി) കൂടി അടയ്ക്കണമെന്ന മുഴക്കുന്ന് പഞ്ചായത്തിന്റെ നിർദേശത്തിനെതിരേ യുഡിഎഫ് പ്രതിഷേധിച്ചു.
പഞ്ചായത്തിന്റെ വാർഷിക പദ്ധ തിയിൽ ഉൾപ്പെടുത്തിയാണ് വൃക്തിഗത ആനുകൂല്യങ്ങൾ നൽകുന്നത്. പഞ്ചായത്തീരാജ് നിയമ ത്തിലോ സർക്കാർ മാർഗനിർദേശങ്ങളിലോ പറയാത്ത കാര്യമാണ് മുഴക്കുന്ന് പഞ്ചായത്തിൽ മാത്രം നടപ്പാക്കുന്നത്. ഹരിത സേനയ്ക്ക് നൽകുന്ന ഫീസ് വരവുവെക്കുന്ന കാർഡിന്റെ പകർപ്പ് അപേക്ഷകളോടൊപ്പം നൽകണമെന്ന നിബന്ധന കുറച്ച് കാലമായി നിലവിലുണ്ട്. കൂടാതെ, കാർഷികമേഖലയുമായി ബന്ധപ്പെട്ട അപേക്ഷകളോടൊപ്പം ഭുനികിതിയടച്ച രസീതിന്റെ പകർപ്പും വെക്കണം.
ഇതിനെല്ലാം പുറമേ കെട്ടിടനികുതിയുടെ രസീതുകൂടി വേണമെന്നാണ് പഞ്ചായത്തിന്റെ പുതിയ വ്യവസ്ഥ. കാലവർഷത്തിന്റെ പ്രയാസമനുഭവിക്കുന്ന ജനങ്ങളുടെമേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷാഫോറം വിതരണത്തിലും പിശുക്ക് കാട്ടുകയാണ്. ഭരണസമിതി അംഗങ്ങൾ വഴി ഒരു വീട്ടിൽ ഒരു അപേക്ഷാ ഫോറം മാത്രമാണ് നൽകുന്നത്. മുപ്പതിലധികം ഇനങ്ങളിൽ രണ്ടെണ്ണത്തിലെങ്കിലും അപേക്ഷിക്കണമെങ്കിൽ ജനങ്ങൾ പകർപ്പിനായി അലയണം.
ഇത്തരം ജനദ്രോഹ നടപടി മുഴക്കുന്ന് പഞ്ചായത്ത് അധികൃതർ തിരുത്തണമെന്ന് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മൊയ്തീൻ ചാത്തോത്ത് അധ്യക്ഷത വഹിച്ചു. കെ.പി. നമേഷ്, ഒ. ഹംസ, വി. രാജ, ടി.കെ. മാഹിൻ, എ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.വി. റഷീദ്, പി.പി. മുസ്തഫ, നസീർ നല്ലൂർ, കെ.എം. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.