വീട് കത്തിച്ച നിലയിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ലഹരി മാഫിയയുടെ കുടിപ്പകയെ തുടർന്നു ഡീസലൊഴിച്ച് വീടു കത്തിച്ചു. കാട്ടാക്കട നെല്ലിക്കാട്ടായിരുന്നു സംഭവം. നെല്ലിക്കാട് സ്വദേശി ആനന്ദന്റെ വീടാണ് ഡീസൽ ഒഴിച്ച് കത്തിച്ചത്. പത്തോളം വരുന്ന സംഘമാണ് വീട്ടിലെത്തി ഡീസൽ ഒഴിച്ച് കത്തിച്ചത്. ഇവരുടെ കൈയിൽ വടിവാളും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നതായി ആനന്ദൻ പറഞ്ഞു. വീട്ടിനകത്ത് ഉണ്ടായിരുന്ന കട്ടിൽ ഉൾപ്പടെയുള്ള ഫർണിച്ചറുകൾ വീടിനു പുറത്തു വലിച്ചെറിഞ്ഞിരുന്നു.
ആനന്ദന്റെ സഹോദരീപുത്രൻ അഖിൽ ഈ വീട്ടിലുണ്ടെന്നു കരുതിയാകാം ആക്രമണമെന്നു കാട്ടാക്കട പൊലിസ് പറഞ്ഞു. അഖിലിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലിസ് വ്യക്തമാക്കി. ഈ കുടിപ്പകയാകാം ആക്രമണത്തിനു പിന്നിലെന്നും കാട്ടാക്കട പൊലിസ് അറിയിച്ചു. മലയിൻകീഴ് സ്റ്റേഷനിൽ അഖിലിന് ഒരു കേസ് ഉണ്ടെന്നും പൊലിസ് വ്യക്തമാക്കി. സംഭവത്തിൽ കാട്ടക്കട പൊലിസ് കേസെടുത്തു.