ചെങ്ങന്നൂർ മേഖല വൊക്കേഷണൽ എക്സ്പോ ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
ഓമല്ലൂർ:വിദ്യാർഥികളുടെ അറിവും തൊഴിൽനൈപുണ്യവും സർഗാത്മകതയും പ്രായോഗിക തലത്തിൽ പ്രകടമാക്കുന്ന ചെങ്ങന്നൂർ മേഖല വൊക്കേഷണൽ എക്സ്പോയ്ക്ക് ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വിഎച്ച്എസ്ഇ പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ഷീബ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ വി.കെ. പുഷ്പകുമാരി അധ്യക്ഷത വഹിച്ചു. സി.ആർ. ഗീത, കെ. സുമതി, റോജി പോൾ ഡാനിയേൽ, കെ. ശ്രീകുമാർ, ഡോ. രമേശ് ശർമ, കൃഷ്ണകുമാർ, ഉമേഷ്, ദീപു ഉമ്മൻ, വിനോദ് കുമാർ, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
ക്ലാസ് മുറികളിൽ നിന്ന് ആർജിക്കുന്ന അറിവ് വെറും പാഠഭാഗങ്ങളിൽ ഒതുങ്ങാതെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും നൂതന കണ്ടുപിടിത്തങ്ങളിലൂടെയും സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് എക്സ്പോയുടെ സവിശേഷത. വിദ്യാർഥികൾ സ്വന്തം ആശയങ്ങളും സാങ്കേതിക പരിജ്ഞാനവും ഉപയോഗിച്ച് വികസിപ്പിച്ച ഉത്പന്നങ്ങൾ, പ്രവർത്തന മാതൃകകൾ, നൂതന സാങ്കേതികവിദ്യാ പരീക്ഷണങ്ങൾ എന്നിവ പ്രദർശനത്തിൽ ശ്രദ്ധേയമാകുന്നു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ മാതൃകകളും ഉത്പന്നങ്ങളും പ്രദർശനത്തിന് മാറ്റുകൂട്ടുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽപരിശീലനം, സ്വയംതൊഴിൽ, സംരംഭകത്വം എന്നിവയ്ക്കും പ്രാധാന്യം നൽകുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദി കൂടിയാണ് എക്സ്പോ.
മൂന്ന് വിഭാഗങ്ങളിലായാണ് വൊക്കേഷണൽ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ തൊഴിൽപരമായ വൈദഗ്ധ്യവും പ്രവർത്തനക്ഷമതയും മത്സരവേദിയിൽ തെളിയിക്കുന്നതിനായി 19 ഇനങ്ങളിൽ തത്സമയ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ആശയങ്ങളെ പ്രവർത്തനങ്ങളാക്കി മാറ്റാനും കഴിവുകൾ നേരിട്ട് പ്രകടിപ്പിക്കാനും വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതാണ് മത്സരങ്ങൾ.
എക്സ്പോയുടെ ഭാഗമായി ഒരുക്കിയിരിക്കുന്ന പ്രദർശനം ഓമല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നും തുടരും. വിദ്യാർഥികളുടെ പഠനമികവും നൂതന ആശയങ്ങളും തൊഴിൽനൈപുണ്യവും അടുത്തറിയാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്.
Tags :