ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ അതിവിചിത്രമായ പ്ലന്പിംഗ്. പഴയ ആശുപത്രി കെട്ടിടത്തിലെ ന്യൂ ബ്ലോക്കിലാണ് ’നൂതനമായ പ്ലന്പിംഗ് ജോലികൾ’ പൂർത്തിയാക്കിയിരിക്കുന്നത്. സ്ത്രീകളുടെ വാർഡിലെ ശുചിമുറിക്കുള്ളിലെ വാഷ് ബേസിനിലെ പൈപ്പാണ് മുറിക്കുള്ളിലേക്കു തുറന്നുവച്ചിരിക്കുന്നത്.
പൈപ്പിലൂടെ ഒഴുകിവരുന്ന മലിനജനം പുറത്തേക്കു പോകാൻ സംവിധാനമില്ല. ഭക്ഷണശേഷം വാഷ് ബേസിനിൽ വായ കഴുകി തുപ്പുന്നത് സ്വന്തം കാലിൽ പതിക്കും വിധമാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ മറ്റൊരു വാഷ് ബേസിനിന്റെ പൈപ്പ് ആരോ നശിപ്പിച്ചുകളഞ്ഞിരിക്കയാണ്. മറ്റൊരു ശുചിമുറിയിലെ മലിന ജലം രോഗികളുടെ മുറിക്കുള്ളിലേക്കാണ് ഒഴുകുന്നത്. ജീവനക്കാർ ഈ ജലം തുടർച്ചയായി കോരി മാറ്റുകയാണ് ചെയ്യുന്നത്.
പുതുതായി നിർമിച്ചിരിക്കുന്ന ആശുപത്രിയുടെ ശുചിമുറിമാലിന്യം ആശുപത്രിയിലേക്കുള്ള റോഡിലേക്കാണ് തുറന്നുവിട്ടിരിക്കുന്നത്. മാലിന്യസംഭരണി നിറഞ്ഞു കഴിയുന്പോൾ മലിനജലം പുറത്തേക്ക് ഒഴുക്കിക്കളയും വിധമാണ് പൈപ്പ് റോഡിലെ ഓടയിലേക്കു തുറന്നിരിക്കുന്നത്.
ഒരു വർഷത്തിലധികമായി മലിനജലം പൈപ്പിലൂടെ റോഡിലേക്ക് ഒഴുകിക്കൊണ്ടിരിക്കയാണ്. കിറ്റ്കോയുടെ മേൽനോട്ടത്തിലാണ് പുതിയ ആശുപത്രി കെട്ടിടത്തിലെ പ്ലംന്പിംഗ് ജോലികൾ ചെയ്തിരിക്കുന്നത്. നിരുത്തരവാദപരമായ രീതിയിൽ പ്ലന്പിംഗ് ജോലികൾ ചെയ്തിരിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Nattuvishesham Local News Wastewater washbasin