നെടുമങ്ങാട്: നെടുമങ്ങാട്-മഞ്ച- അരുവിക്കര റോഡ് നവീകരണം എങ്ങുമെത്തിയില്ലെന്ന് ആക്ഷേപം. ഒന്നാം റീച്ചിലെ നവീകരണ ജോലികൾ ഇഴയുന്നു.
എൽഎംഎ എൽപിഎസ്, മഞ്ച ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ, വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് പോളിടെക്നിക്, അരുവിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളുടെ യാത്ര ദുരിതത്തിൽ.
റോഡിന്റെ ശോച്യാവസ്ഥമൂലം ഓട്ടോ ഉൾപ്പെടെയുള്ള വാഹനങ്ങൾ അമിത കൂലി ഈടാക്കിയാണ് വിദ്യാർഥികളെ എത്തിക്കുന്നത്. അധ്യാപക-വിദ്യാർഥി സംഘടനകൾ നിരവധി പരാതികൾ നൽകിയെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി നെടുമങ്ങാട് -അരുവിക്കര-കുളക്കോട് റോഡിന്റെ നവീകരണത്തിന് 144.38 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഇതിൽ അരുവിക്കര ഡാം- കുളക്കോട് റോഡ് എഫ്ഡിആർ സാങ്കേതിക വിദ്യയിൽ നവീകരിച്ചു.
നെടുമങ്ങാടുനിന്ന് അരുവിക്കരയിലേക്കുള്ള പ്രധാന റോഡിൽ രണ്ട് റീച്ചുകളിലായാണു ജോലികൾ. നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷൻ മുതൽ മുള്ളിലവിൻമൂട് കണ്ണങ്കാര പമ്പ് ഹൗസ് വരെയാണ് ഒന്നാം റീച്ച്. ഇവിടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ നടക്കുന്നതേയുള്ളൂ.
പമ്പ് ഹൗസ് മുതൽ അരുവിക്കര ഡാം വരെയാണ് രണ്ടാം റീച്ച്. ഇവിടെ ഓട, സംരക്ഷണ ഭിത്തി, കലുങ്ക് എന്നിവയുടെ ജോലികൾ നടക്കുന്നുണ്ട്. അരുവിക്കര ജംഗ്ഷൻ വികസനവും രണ്ടാം റീച്ചിലാണു വരുന്നത്. നവംബറോടെ രണ്ടാം റീച്ചിൽ ജോലികൾ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 10 മീറ്റർ വീതിയിലാണു നവീകരണമെങ്കിലും ഏഴുമീറ്റർ വീതിയിലാണ് ടാറിംഗ് ജോലികൾ പുരോഗമിക്കുന്നത്.
നെടുമങ്ങാട്- മഞ്ച- മുള്ളിലവൻമുട് ഭാഗത്ത് 73 ലക്ഷം രൂപ വിനിയോഗിച്ചാണു കുഴികൾ അടയ്ക്കുന്ന ജോലികൾ ചെയ്തത്. ഇതിനുശേഷം കളത്തറ ഭാഗത്ത് ടാറിംഗ് തകർന്നു റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇവിടെയും യാത്ര ദുഷ്കരമാണ്. ഓടയില്ലാത്തതിനാൽ മഴയിൽ പലഭാഗത്തും ജലം ഒഴുകുന്നത് റോഡിലൂടെയാണ്.
ടാറിംഗ് തകർന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപെടുന്നതോടെ കാൽനടയാത്രയും ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി. പൈപ് ലൈനിൽ ജോലികൾ നടക്കുന്നതിനാൽ ചിലയിടങ്ങൾ ചെളിക്കുളമായി മാറിയിട്ടുണ്ട്.
Tags : nattu vishesham Waterlogging worsens with rainy season