മാനന്തവാടി: വയനാട് മെഡിക്കൽ കോളജ് സാധാരണ രോഗികളെ പോലും ചികിത്സ നൽകാതെ റഫർ ചെയ്യുകയാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ ആധുനികവത്കരിച്ച് പൂർണതോതിൽ പ്രവർത്തന സജ്ജമാക്കുമെന്നും യുഡിഎഫ് ഭാരവാഹികൾ പ്രകടനപത്രികാ പ്രകാശന ചടങ്ങിൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും മികച്ച മെഡിക്കൽ കോളജായി സ്ഥാപനത്തെ ഉയർത്തും. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസസൗകര്യം ഒരുക്കും. സോഷ്യൽമീഡിയയിൽ മന്ത്രിക്ക് പ്രതിരോധം ഒരുക്കുന്ന മന്ത്രിയുടെ പിഎക്ക് പോലും ചികിത്സ കിട്ടാതെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണുണ്ടായത്. പത്തുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ ജനദ്രോഹനടപടികൾക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് വയനാട് മെഡിക്കൽ കോളജെന്ന് ഭാരവാഹികൾ പറഞ്ഞു.
നല്ലൂർനാട് അർബുദ ചികിത്സാ സംവിധാനം വിപുലപ്പെടുത്തുകയും രോഗികൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകാനുള്ള 150 കോടി രൂപ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തടസങ്ങളില്ലാതെ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കും.
വയനാട്ടിലെ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യാനും വിപണിയിൽ എത്തിക്കാനും നടപടി സ്വീകരിക്കും. സഹകരണമേഖലയിൽ കാലിത്തീറ്റ ഫാക്ടറി സ്ഥാപിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും. വാഴകൃഷിക്ക് താങ്ങുവില ഏർപ്പെടുത്തും.
വന്യമൃഗശല്യം മൂലം കൃഷിനാശമുണ്ടായ കർഷകർക്ക് ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും വന്യജീവി ആക്രമണത്തിൽ ജീവഹാനി സംഭവിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാനും ചികിത്സ ചെലവ് നൽകാനുമായി പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കും.
കാടും നാടും വേർതിരിക്കാൻ പ്രത്യേക പദ്ധതികൾ കൊണ്ടുവരും. 24 കോടി രൂപ മുടക്കി യുഡിഎഫ് സർക്കാർ നിർമിക്കുകയും എൽഡിഎഫ് സർക്കാർ ഉപയോഗശൂന്യമാക്കുകയും ചെയ്ത മക്കിമലയിലെ കെട്ടിടത്തിൽ കലിംഗ മോഡൽ വയനാട് യൂണിവേഴ്സിറ്റി യാഥാർഥ്യമാക്കുമെന്നും നേതാക്കൾ പറഞ്ഞു. പ്രകടന പത്രികാ പ്രകാശന ചടങ്ങിൽ പൊന്നണ്ണ എംഎൽഎ, ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, എച്ച്.ബി. പ്രദീപ്, പി.കെ. ജയലക്ഷ്മി, എൻ.കെ. വർഗീസ്, പടയൻ മുഹമ്മദ്, ടി. മൊയ്തു, എം.ജി. ബിജു, എ.എം. നിശാന്ത്, കൊച്ചി ഹമീദ്, വേണുഗോപാൽ എന്നിവർ സംബന്ധിച്ചു.
Tags : nattu vishesham Wayanad Medical College will be modernized