തൃശൂർ: ജില്ലയിൽ വേനൽമഴയും കടുത്തവെയിലും മാറിമാറിവരുന്ന പ്രതികൂല കാലാവസ്ഥയിൽ പനി ബാധിതരുടെ എണ്ണം പ്രതിദിനം അഞ്ഞൂറും കടന്ന് മുന്നോട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം ജില്ലയിൽ 3,924 പേർക്കു പനി ബാധിച്ചതായാണ് ഒൗദ്യോഗിക കണക്ക്. ഇതിൽ 29 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണിലെ ഏറ്റവും ഉയർന്ന പനിനിരക്ക് രേഖപ്പെടുത്തിയത്. അന്നു മാത്രം 698 പേരാണു പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത്. ചൊവ്വാഴ്ചയാണ് ഏറ്റവും കൂടുതൽ പേരെ (ഏഴ്) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നതും.
ഡെങ്കിപ്പനിയും എലിപ്പനിയും
സാധാരണ പനിക്കുപുറമെ ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 76 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ പന്ത്രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ തൃശൂർ കോർപറേഷൻ പരിധിയിൽമാത്രം മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഒൻപതുപേർ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതിൽ ഏഴുപേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ജില്ലയിൽ ഹെപ്പറ്റൈറ്റിസ് എ ഏഴു പേർക്കും ഇൻഫ്ളുവൻസ പത്തുപേർക്കും ഇതിനകം സ്ഥിരീകരിച്ചു.
ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ജില്ലയിൽ നിലവിൽ പനിക്കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയില്ലെന്നും മഴ തുടങ്ങിയാലാണ് കേസുകൾ വർധിക്കുകയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സാധരണ നിരക്ക് മാത്രമാണു നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റു പകർച്ചവ്യാധികളുടെ കണക്കുകളും കാര്യമായി ഉയർന്നിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഓർക്കുക
കാലാവസ്ഥാവ്യതിയാനം തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം അധികൃതർ നിർദേശിച്ചു. പനി വന്നാൽ യാതൊരു കാരണവശാലും സ്വയംചികിത്സയ്ക്ക് മുതിരരുതെന്നും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറുടെ സേവനം തേടണമെന്നും അധികൃതർ ഓർമിപ്പിച്ചു. ഡെങ്കിപ്പനി തടയുന്നതിനായി കൊതുക് വളരുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ വീടും പരിസരവും വൃത്തിയായിസൂക്ഷിക്കുകയും ചിരട്ടകളിലും പ്ലാസ്റ്റിക് കപ്പുകളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുകയും വേണം.
മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങളെ പ്രതിരോധിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എലിപ്പനി സാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരും മലിനജലവുമായി സന്പർക്കത്തിൽ വരുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നുകൾ കൃത്യമായി കഴിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
Tags : nattu vishesham Weather changes