പുളിന്താനത്ത് കുര്യന്റെ വീടിന്റെ ജനൽ മോഷ്ടാവ് തകർത്ത നിലയിൽ.
പോത്താനിക്കാട്: പോത്താനിക്കാ ട് മേഖലയിൽ വ്യാപക മോഷണം. പല്ലാരിമംഗലം വെയ്റ്റിംഗ് ഷെഡ് കവലയിൽ സ്ഥാപിച്ചിട്ടുള്ള ദാറുൽ ഇസ്ലാം ജമാ - അത്ത് പള്ളിയുടെയും, മുബാറക്ക് മസ്ജിദിന്റെയും രണ്ട് ഭണ്ഡാരങ്ങൾ തകർത്ത് കഴിഞ്ഞ ദിവസം രാത്രി പണം കവർന്നു. പുളിന്താനത്ത് യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടിൽ കുര്യന്റെ വീട്ടിൽ ജനൽ തകർത്ത് കവർച്ചയ്ക്ക് ശ്രമം നടന്നെങ്കിലും സമീപത്തു താമസിക്കുന്ന ബന്ധു വാഹനവുമായി വരുന്നതു കണ്ട് മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇതിനിടെ ഇല്ലിച്ചുവട് ഭാഗത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ചെമ്പു വയറുകൾ മോഷ്ടിച്ച കേസിൽ ഇതരസംസ്ഥാനക്കാരൻ ഉൾപ്പടെ രണ്ടുപേരെ പിടിയിലായി.
പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി മെഹബുൽ ഷാദാർ (40), മോഷണ മുതൽ വാങ്ങിയ കാലാമ്പൂര് അഞ്ചൽപ്പെട്ടിയിലെ ആക്രിക്കട ഉടമ പുത്തൻപുരയിൽ ഷെമീർ (43) എന്നിവരെയാണ് ചെന്പുവയറുകൾ മോഷ്ടിച്ചതിന് പോത്താനിക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. വീടിന്റെ വെൽഡിംഗ് ജോലികൾ കരാറെടുത്തിരുന്ന പുളിന്താനം സ്വദേശി പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസ് എടുത്തത്. എസ്എച്ച്ഒ സി.ആർ. രഞ്ജുമോൾ, എസ്ഐ നിജു കെ. ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വൈകിട്ട് 6.30 ഓടെ വീട് പൂട്ടി പള്ളി പെരുന്നാളിന് പോയിരുന്ന പുളിന്താനത്ത് ഉന്നത്തുംവീട്ടിൽ കുര്യനും കുടുംബവും രാത്രി 9.30 ഓടെ മടങ്ങി എത്തിയപ്പോഴാണ് മോഷണശ്രമം നടന്നതായി അറിയുന്നത്. വീടിന്റെ പുറത്തിരുന്ന കോടാലി ഉപയോഗിച്ച് ജനലിന്റെ മരം കൊണ്ടുള്ള ക്രാസികൾ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കടന്നത്. വീടിനുള്ളിലെ അലമാരകളോ മേശകളോ പൊളിച്ചിട്ടില്ല. വീടിനുള്ളിലെ അടച്ചിട്ടിരുന്ന ഇട വാതിലുകൾ തുറന്ന നിലയിലായിരുന്നു. സമീപത്തുള്ള വീട്ടിൽ താമസിക്കുന്ന ബന്ധു രാത്രി ഒന്പതോടെ വാഹനവുമായി സ്വന്തം വീട്ടിലേക്ക് വരുന്നത് കണ്ട് മോഷണശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പോത്താനിക്കാട് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Tags :