സിപിആർ പരിശീലനവും കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും (ആരോഗ്യകേരളം) ആഭിമുഖ്യത്തില്‍ ജില്ലാതല ഉദ്ഘാടനവും സിപിആര്‍ പരിശീലനവും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ മെഡിക്കല്‍ ഓഫിസും ആരോഗ്യകേരളവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി കളക്ടർ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.എല്‍. ഷീജ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജു നെല്‍സണ്‍ പദ്ധതി വിശദീകരണം നടത്തി.
ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അടിയന്തര ഘട്ടത്തില്‍ ജീവന് രക്ഷിക്കാന്‍ സഹായിക്കുന്ന സിപിആര്‍ പോലുള്ള പ്രാഥമിക ജീവന്‍രക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനായാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അധ്യാപകര്‍, എന്‍എസ്എസ്, എന്‍ സി സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സന്നദ്ധപ്രവര്‍ത്തകര്‍ക്കും പ്രഥമ ശുശ്രൂഷ, സിപിആര്‍ പരിശീലനങ്ങള്‍ നല്‍കുമെന്ന് ഡി എംഒ അറിയിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഗസ്റ്റസ് മോറിസ് എ മുഖ്യപ്രഭാഷണം നടത്തി.
ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. കെ.ജി. പ്രവീണയുടെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാറും സിപിആര്‍ പരിശീലനവും നടന്നു. അധ്യാപകര്‍, അത്ലറ്റുകള്, നഴ്സിംഗ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.