അവസരങ്ങളെ പ്രയോജനപ്പെടുത്താം സംരംഭലോകത്ത് ഇടം നേടാം
അവസരങ്ങളെ  പ്രയോജനപ്പെടുത്താം സംരംഭലോകത്ത്  ഇടം നേടാം
Friday, September 6, 2019 4:35 PM IST
നിഷ കൃഷ്ണൻ, എറണാകുളം സ്വദേശിനി 15 വർഷത്തിലധികം മാധ്യമ മേഖലയിലാണ് ജോലി ചെയ്തത്. ഇപ്പോൾ സ്വന്തമായൊരു സംരംഭത്തിന്‍റെ അമരക്കാരിയാണ്. ചാനൽ അയാം ഡോട്ട് കോം എന്നതാണ് നിഷയുടെ സംരംഭം. സ്റ്റാർട്ടപ്പുകൾ, ചെറുകിട സംരംഭങ്ങൾ എന്നിവയെ സമൂഹത്തിന് പരിചയപ്പെടുത്തുകയും അവർക്കായി ലഭ്യമാകുന്ന സേവനങ്ങളെയും അവസരങ്ങളെയുംക്കുറിച്ച് അറിവ് നൽകുകയും ചെയ്യുന്ന സംരംഭം. സ്റ്റാർട്ടപ്പ് സംരംഭമായി തന്നെയാണ് നിഷയുടെയും സംരഭ ലോകത്തേക്കുള്ള വരവ്. നിലവിലുണ്ടായിരുന്ന ഒരു സംവിധാനത്തെ സാങ്കേതിക വിദ്യ സഹായത്തോടെ നവീകരിക്കുക മാത്രമാണ് നിഷ ചെയ്തിരിക്കുന്നത്. ഇതു തന്നെയാണ് ഓഗസ്റ്റ് ഒന്നിന് കളമശേരിയിലെ സ്റ്റാർട്ടപ്പ് ഇൻരഗ്രേറ്റഡ് സമുച്ചയത്തിൽ നടന്ന വനിത സമ്മിറ്റിലും പറഞ്ഞത്. സ്ത്രീകൾ സംരംഭ രംഗത്തേക്ക് പ്രത്യേകിച്ച് സ്റ്റാർട്ടപ്പ് പോലുള്ള നവീന മേഖലകളിലേക്ക് കടന്നു വരണം. അതിന് പുതിയ കണ്ടു പിടുത്തത്തിന്‍റെ ആവശ്യമൊന്നുമില്ല. നിലവിലുള്ളതിനെ ഒന്നു നവീകരിച്ചാൽ മാത്രം മതി.
സംരംഭ ലോകം ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനു വേണ്ടിയുള്ളതല്ല. മറ്റെല്ലായിടത്തും ലഭിക്കുന്ന തുല്ല്യത തന്നെ ഇവിടെയും സ്ത്രീക്ക് ലഭിക്കണം. അതിന് ലഭ്യമായിരിക്കുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തുക എന്നതാണ് ആദ്യ പടിയായി ചെയ്യാനുള്ളത്. സ്റ്റാർട്ടപ്പുകൾ, നൂതന സാങ്കേതിക വിദ്യ സംരംഭങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്ത്രീ പങ്കാളിത്തം ഇനിയും വർധിക്കേണ്ടതുണ്ട്. അതും ചെറിയതോതിലല്ല വലിയതോതിലുള്ള വളർച്ച തന്നെ വേണം.

ഇന്തോനേഷ്യ, ബ്രസീൽ, ചൈന തുടങ്ങി വളർന്നു വരുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വളരെക്കുറവാണ്. മെയ് മാസത്തിൽ പുറത്തിറങ്ങിയ ലേബർ സർവ്വേ പ്രകാരം 2018 ൽ നഗരങ്ങളിലെ തൊഴിലിടങ്ങളിലുള്ള വനിതാ പ്രാതിനിധ്യം 16 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 18.2 ശതമാനവുമാണ്. 2004ൽ 33 ശതമാനമായിരുന്നതാണ് ഇപ്പോൾ 18 ശതമാനമായി കുറഞ്ഞത്.

മാർഗനിർദേശത്തിന്‍റെ അഭാവം, അയവില്ലാത്ത സമയക്രമം, കുറഞ്ഞ ശന്പളം, തൊഴിൽ അന്തരീക്ഷം, വ്യക്തിപരമായ കാര്യങ്ങൾ എന്നിവയാണ് തൊഴിലിടങ്ങളിൽ സഹകരിക്കുന്നതിൽ നിന്നും വനിതകളെ അകറ്റുന്നത്.


സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിക്കൂ

എന്നൊക്കൊണ്ട് ഇത് സാധിക്കുമോ? ബിസിനസും മറ്റുമൊക്കെ അച്ഛന്‍റെ, ആങ്ങളയുടെ, ഭർത്താവിന്‍റെ മാത്രം ശ്രദ്ധ ചെല്ലേണ്ട ഇടമാണ്. അതൊന്നും നോക്കി നടത്താൻ എന്നെക്കൊണ്ടാകില്ല. ഞാൻ നടത്തിയാൽ ഇത് ശരിയാകില്ല എന്ന അഭിപ്രായമാണ് പല സ്ത്രീകൾക്കും.ആദ്യമേ വേണ്ടത് സ്വന്തം കഴിവിൽ വിശ്വാസമർപ്പിക്കുക എന്നുള്ളതാണ്. കാരണം ആ വിശ്വാസത്തിന്‍റെ പുറത്താണ് മുന്നോട്ടുള്ള യാത്രകൾ നടത്തേണ്ടത്. എപ്പോഴും നിലവിലുള്ള സംവിധാനത്തിൽ ഒതുങ്ങിക്കൂടാതെ അതിനപ്പുറത്തേക്ക് ചിന്തിക്കാൻ പറ്റണം. സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താൻ പറ്റണം. വിവിധ കാര്യങ്ങളെ ഒരേ സമയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ് സ്ത്രീകൾ.നല്ല മാനേജ്മെന്‍റ് കഴിവും സ്ത്രീകൾക്കാണുള്ളത്.

ഓരോരുത്തർക്കും ഓരോ രീതിയിലുള്ള ചിന്തകളും താൽപ്പര്യങ്ങളുമായിരിക്കും ഉള്ളത്. അതുകൊണ്ടു തന്നെ ഓരോരുത്തരും അവരവരുടെ ചിന്തകളെയും താൽപ്പര്യങ്ങളെയും പിന്തുടരുകയാണ് ചെയ്യേണ്ടതും. സ്വന്തം കയ്യൊപ്പ് ചാർത്തിവേണം ഓരോ കാര്യവും ചെയ്യാൻ. മറ്റുള്ളവർ അങ്ങനെ പറഞ്ഞു അതുകൊണ്ട് അങ്ങനെ ചെയ്തു. അല്ലെങ്കിൽ അവരുടേത് ഇങ്ങനെയാണ് അതുകൊണ്ട് ഇങ്ങനെ ചെയ്തു എന്നിങ്ങനെ ഒരു പിന്തുടരല്ല ആവശ്യം. സ്വന്തം കഴിവ്, താൽപ്പര്യം എന്നിവയിലാണ് ആശ്രയിക്കേണ്ടത്.

തൊഴിലിടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം, എങ്ങനെയാണ് ഒരു ബ്രാൻഡ് സൃഷ്ടിക്കേണ്ടത് തുടങ്ങി സംരംഭകർക്കും സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുമായി നിരവധി അറിവുകൾ പങ്കുവെച്ചു നൽകുന്ന ഒരു വേദിയായിരുന്നു ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിത സ്റ്റാർട്ടപ്പ് സമ്മിറ്റ്.
വരുന്ന പേജുകളിൽ സമ്മിറ്റിലെ ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ, വനിത സ്റ്റാർട്ടപ്പ് സംരംഭകർ, വനിതകൾക്ക് സാന്പത്തികവും സാങ്കേതികവുമായി പിന്തുണ നൽകുന്നവർ എന്നിവരെക്കുറിച്ചുറിച്ചുള്ള വിവരങ്ങളാണ്.

നൊമിനിറ്റ ജോസ്