ജോലി വേണോ, ജോബ് വേണോ ഡോട്ട് കോമിൽ കയറൂ...
ബിരുദ പഠനമൊക്കെ കഴിഞ്ഞു നിൽക്കുന്ന മിഡിൽ ക്ലാസ് കുടംബങ്ങളിലെ പല പെണ്‍കുട്ടികൾക്കും സ്വന്തമായി ഒരു വരുമാനം വേണം എന്ന് ആഗ്രഹിക്കുന്നവരോ അല്ലെങ്കിൽ ആവശ്യമുള്ളവരോ ആണ്. പക്ഷേ, എങ്ങനെ എന്നതിനെക്കുറിച്ച് പലർക്കും പലപ്പോഴും ധാരണകളില്ല. ഒരു ജോലിക്കായി എവിടെ അന്വേഷിക്കണം ആരോട് സഹായം ചോദിക്കണം എന്നീ കാര്യങ്ങളെക്കുറിച്ചും പലർക്കും അറിവില്ല. ഇവയൊന്നും ലഭ്യമാക്കാൻ കൃത്യമായൊരു പ്ലാറ്റ്ഫോമും ഇല്ല.

അനുഭവത്തിൽ നിന്നും

ഇനി ജോലിയുള്ളവരാണെങ്കിൽ തന്നെ പ്രസവാവധിയും മറ്റും കഴിഞ്ഞു വരുന്പോൾ പലപ്പോഴും സൗകര്യപ്രദമായ സമയത്തിന് അനുയോജ്യമായ ഒരു ജോലി കണ്ടുപിടിക്കാനും ബുദ്ധിമുട്ടും. സെയിൽസ് ബോയ്സ്, ഗേൾസ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യുട്ടീവ്സ് തുടങ്ങിയ ബ്ലൂകോളർ, ഗ്രേ കോളർ ജോലികൾക്ക് ജോലിക്കാരെ കിട്ടാനില്ലാത്ത ഒരു സ്ഥിതിയുമുണ്ട്. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ജോബ് വേണോ ഡോട്ട് കോം എന്ന സ്റ്റാർട്ടപ്പ് പ്ലാറ്റ്ഫോം. ജോബ് വേണോ ഡോട്ട് കോം ട്രാൻസ്റിസോഴ്സ് എച്ച്ആർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയുടെ ഉത്പന്നമാണ്. സ്ത്രീകളെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്ന ഈ സംരംഭത്തിന്‍റെ സ്ഥാപകയും ഒരു സ്ത്രീയാണ്. എറണാകുളം ഇടപ്പള്ളി സ്വദേശി പൂർണിമ വിശ്വനാഥൻ.പൂർണിമ വിശ്വനാഥനും ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുമാണ് വരുന്നത്. ബാങ്കിംഗ് മേഖലയിലായിരുന്നു പൂർണിമക്ക് ജോലി. പക്ഷേ, വീടും ജോലിയുമൊക്കെയായി ഒരുമിച്ച് കൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് മനസിലാക്കി ജോലി റിസൈൻ ചെയ്തതിനുശേഷമാണ് ഇത്തരത്തിലൊരു സംരംഭത്തിന് രൂപം കൊടുക്കുന്നത്.

എന്താണ് ജോബ് വേണോ


“ഒരു വർഷമെടുത്തു കന്പനി ഇത്തരത്തിലൊരു ആപ്ലിക്കേഷൻ രൂപീകരിക്കാൻ. ജോബ് വേണോ ഡോട്ട് കോം എന്നത് ഒരു ടച്ചിൽ തൊഴിൽ കണ്ടെത്താൻ, കരിയറിൽ ബ്രേക്ക് വന്നവർക്ക തിരികെ വരാനുള്ള ജോബ് ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി പരിഹാരം കാണാനുള്ള പ്ലാറ്റ്ഫോമാണിത്. ജിഗ് ഇക്കണോമിക്കാവശ്യമായ പാർട് ടൈം അല്ലെങ്കിൽ സെക്കണ്ടറി ജോലികൾ കണ്ടെത്താനുള്ള ഇടം കൂടിയാണ്. സാധാരണയായി കണ്ടു വരുന്ന ബയോഡാറ്റ പരിശോധിച്ചുള്ള തൊഴിൽ നൽകൽ രീതിയെ ഇത് പൊളിച്ചെഴുതുകയാണ് പൂർണിമ വ്യക്തമാക്കുന്നു. സാധാരണക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകളെയാണ് ഈ പ്ലാറ്റ്ഫോം ലക്ഷ്യം വെയ്ക്കുന്നത്.

എങ്ങനെയാണ് പ്രവർത്തനം

സാധാരണക്കാർക്കുള്ള പ്ലാറ്റ്ഫോമായതിനാൽ തന്നെ ഏറ്റവും ലളിതമായ പ്രവർത്തന രീതിയാണ് നൽകിയിരിക്കുന്നത്. ഇന്‍റർനെറ്റോ അല്ലെങ്കിൽ സ്മാർട്ഫോണോ ഉപയോഗിക്കാൻ അറിയാത്തവർക്ക് കസ്റ്റമർകെയർ സർവീസ് നന്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാം.ഈ ആപ്ലിക്കേഷൻ മാപ്പിനെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇതുവഴി ഓരോരുത്തർക്കും അവരവരുടെ അടുത്തുള്ള തൊഴിലുകളെ കണ്ടെത്താൻ സാധിക്കും. തൊഴിലുടമയും തൊഴിലാളിയും നിശ്ചിത ഫീസ് നല്കി രജിസ്റ്റർ ചെയ്തതിനുശേഷമാണ് തൊഴിലിനെയും തൊഴിലാളിയെയും തേടുന്നത്. മൊബൈൽ ആപ്ലിക്കേഷൻ, വെബ്സൈറ്റ്, കസ്റ്റമർകെയർ സർവീസ് നന്പർ എന്നിവയിൽ ഏതു വേണമെങ്കിലും രജിസിട്രേഷനായി ഉപയോഗപ്പെടുത്താം. അതുപോലെ തന്നെ തൊഴിലുടമയുമായി ബന്ധപ്പെടുന്പോൾ ഇരു കൂട്ടർക്കും വിളിക്കുന്ന നന്പർ കാണാനും സാധിക്കില്ല. ഇതുവഴി നന്പർ ദുരുപയോഗം ചെയ്യുമെന്നോ മറ്റുള്ള പേടിയും വേണ്ട.