കട്‌ലെറ്റില്‍ തുടങ്ങിയ കാറ്ററിംഗ് ബിസിനസ്
കട്‌ലെറ്റില്‍ തുടങ്ങിയ  കാറ്ററിംഗ് ബിസിനസ്
കുടുംബം കുട്ടികള്‍, പഠിച്ചത് ഈ വിഷയം ഇനിയിപ്പോ എന്തു ജോലി ചെയ്യാന്‍ പറ്റും ഇങ്ങനെ ചിന്തിക്കുന്നവര്‍ക്കൊക്കെയുള്ള ഉത്തരമാണ് തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിനി നിയ അരുണ്‍ കുന്നപ്പിള്ളി. എറണാകുളം ജില്ലയിലെ തോപ്പുംപടിയില്‍ വിവാഹം കഴിച്ചെത്തിയതാണ് തൃശൂര്‍ക്ക്. എംഎസ് സി സുവോളജിയാണ് വിദ്യാഭ്യാസ യോഗ്യത. വിവാഹിതയും അഞ്ചും മൂന്നു വയസുള്ള രണ്ട് കുട്ടികളുടെ അമ്മയുമാണ് നിയ. നിയയുടെ സംരംഭമെന്താണെന്നോ രുചിയൂറുന്ന വിഭവങ്ങളുണ്ടാക്കി വിളമ്പുന്ന കാറ്ററിംഗ്. കൂടാതെ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ തൃശൂര്‍ നഗരത്തില്‍ ഒരു ഔട്ട്‌ലെറ്റും.

പേരുപോലെ ഊണും

മൂന്നു വര്‍ഷം മുമ്പാണ് നിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ഹോം കുക്ക് എന്നതാണ് സംരംഭത്തിന്‍റെ പേര്,പേരുപോലെ തന്നെയാണ് ഓരോ വിഭവങ്ങളും. വീട്ടിലെ രുചി അത് നിയയുടെ വിഭവങ്ങളുടെ മുഖമുദ്രയാണ്. നിലവില്‍ തൃശൂര്‍ നഗരത്തില്‍ മാത്രമാണ് കാറ്ററിംഗ് സേവനം നല്‍കുന്നത്.'കട്‌ലെറ്റ് ഉണ്ടാക്കിയാണ് ഈ മേഖലയിലേക്കുള്ള പ്രവേശനം. ചെറിയതോതിലാണ് അതും ചെയ്തു തുടങ്ങിയത്. ആദ്യം കിട്ടിയ ഓര്‍ഡര്‍ 60 കട് ലെറ്റുകളായിരുന്നു. ചുറ്റുമുള്ള താമസക്കാരില്‍ നിന്നു തന്നെ ധാരാളം ഓര്‍ഡറുകള്‍ ലഭിക്കും. ഒരിക്കല്‍ 10,15 പേര്‍ക്ക് ബിരിയാണി ഉണ്ടാക്കി നല്‍കുമോയെന്ന് ചോദിച്ചു. അങ്ങനെ അത് ഉണ്ടാക്കി നല്‍കി. അതോടെ പതിയെ കാറ്ററിംഗിലേക്ക് ശ്രദ്ധിച്ചു തുടങ്ങി' നിയ തന്‍റെ സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നതിനെക്കുറിച്ച് പറഞ്ഞു.

ഇപ്പോള്‍ 300 പേര്‍ക്കു വരെ ഭക്ഷണം ഉണ്ടാക്കി നല്‍കും. അതിനൊപ്പമാണ് ഔട്ട്‌ലെറ്റും ആരംഭിച്ചിരിക്കുന്നത്. ജന്മദിന ആഘോഷങ്ങള്‍, കുടുംബങ്ങളും കൂട്ടുകാരുമൊക്കെ കൂടിച്ചേരുന്ന ചടങ്ങുകള്‍ എന്നിവയ്‌ക്കെല്ലാമാണ് കാറ്ററിംഗ് ചെയ്യുന്നത്.

ബിരിയാണി, കേരള വിഭവങ്ങള്‍ എന്നിവ മാത്രമാണ് ചെയ്യുന്നത്. അജിനോ മോട്ടോ തുടങ്ങിയ പ്രിസര്‍വേറ്റീവുകളൊന്നും ഉപയോഗിക്കുന്നുമില്ല. ഹോം മെയ്ഡ് രുചി തന്നെയാണ് നല്‍കുന്നത്.

പാചകത്തോട് ഇഷ്ടം

'പഠിച്ച വിഷയം വേറെയാണെങ്കിലും പാചകത്തോട് എന്നും ഇഷ്ടമുണ്ടായിരുന്നു. എന്‍റെ വല്യമ്മിച്ചിമാര്‍ നന്നായി പാചകം ചെയ്യും. അതേ കൈപ്പുണ്യമാണ് എനിക്കും ലഭിച്ചിരിക്കുന്ന തെന്ന് ബന്ധുക്കള്‍ പറയാറുണ്ട്' നിയ പറയുന്നു. കാറ്ററിംഗ് ഓര്‍ഡര്‍ കൂടുതലായും കിട്ടുന്നത് ആഴ്ച്ച അവസാനങ്ങളിലാണ്. കുറഞ്ഞത് 10 പേര്‍ക്കു മുതല്‍ കൂടിയത് 300 പേര്‍ക്ക് വരെയുള്ള ഓര്‍ഡറുകള്‍ ചെയ്തു നല്‍കും. വീട്ടിലെ കാറ്ററിംഗ് യൂണിറ്റില്‍ പാചകം ചെയ്ത് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

കാറ്ററിംഗ് ഓര്‍ഡര്‍ വരുമ്പോള്‍ പ്ലേറ്റിനനുസരിച്ചാണ് വില ഈടാക്കുന്നത്. രാവിലത്തെ ഭക്ഷണം അപ്പം ചിക്കന്‍ സ്റ്റൂ, പഴം പുഴുങ്ങിയത്, ചായ ഇത്രയും ചേര്‍ത്ത് 80 രൂപയാണ് ഒരു പ്ലേറ്റിന്. ഉച്ചയൂണ് കോഴി, പോര്‍ക്ക്, മീന്‍, ചോറ്, തോരന്‍, കാളന്‍, സാലഡ്, അച്ചാര്‍ എന്നിങ്ങനെ എട്ട് വിഭവങ്ങളടങ്ങിയ ഒരു പ്ലേറ്റിന് 220 രൂപയാണ് വില. ചിക്കന്‍ ബിരിയാണിക്ക് 120 രൂപ.ബീഫ് ബിരിയാണിക്ക് 140 രൂപ. എന്നിങ്ങനെയാണ് ബിരിയാണിയുടെ വില. ആളുകളുടെ ഇഷ്ടത്തിനും വിഭവങ്ങള്‍ ചെയ്തു നല്‍കും. അപ്പോള്‍ വിലയില്‍ വ്യത്യാസം വരാം.


ഡിന്നര്‍ ബിരായണി, നെയ്‌ച്ചോര്‍, പുലാവ് എന്നിങ്ങനെ കസ്റ്റമൈസ്ഡ് ആണ്. പുഡിംഗുകളും ചെയ്തു നല്‍കും. ചോക്ലേറ്റ്. സ്‌നോ, ടെന്‍ഡര്‍ കോക്കനട്ട്, ബട്ടര്‍ സ്‌കോച്ച്, പൈനാപ്പിള്‍, വനില എന്നിവയാണ് പുഡിംഗുകളിലെ വ്യത്യസ്ത രുചികള്‍. ആവശ്യപ്രകാം വെല്‍കം ഡ്രിങ്കും ചെയ്തു നല്‍കും.

പൊതിച്ചോറിന്‍റെ രുചി

പൊതിച്ചോറിന്‍റെ രുചി ഇഷ്ടമില്ലാത്ത ആളുകള്‍ കുറവായിരിക്കും. തൃശൂര്‍ നഗരത്തില്‍ റീജെന്‍സി ക്ലബിന് എതിര്‍വശത്തുള്ള ഹോം കുക്ക് ഔട്ട്‌ലെറ്റില്‍ വെജ്, നോണ്‍ വെജ് പൊതിച്ചോറുകള്‍ ലഭ്യമാണ്. ഔട്ട് ലെറ്റില്‍ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവുമാണ് നല്‍കുന്നത്. ഉച്ചഭക്ഷണം 11.30 മുതല്‍ 2 മണിവരെയും ഡിന്നര്‍ 5.30 മുതല്‍ 10.30 വരെയും ലഭിക്കും. ചിക്കന്‍ ബിരിയാണി, കേരള ഊണ് അത് പൊതിച്ചോറായാണ് നല്‍കുന്നത്. ചിക്കന്‍ ബിരിയാണി മൂന്ന് അളവില്‍ ലഭിക്കും. ഒരു പീസ് മാത്രമുള്ളത് 80 രൂപ. രണ്ട് പീസും ഒരു മുട്ടയും ഉള്ളത് 130 രൂപ, നാല് പീസും രണ്ട് മുട്ടയുമുള്ള ഒരു കിലോയ്ക്ക് 180 രൂപ.

പൊതിച്ചോറ് രണ്ട് തോരന്‍, അച്ചാര്‍, സാമ്പാര്‍, ഓംലെറ്റ്, മീന്‍ വറുത്തത് 120 രൂപ. മീനും ഓംലെറ്റുമില്ലാതെ പപ്പടം ചേര്‍ത്ത് വെജ് ഊണിന് 70 രൂപ.എന്നിങ്ങനെയാണ് വില.
ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങിച്ചുകൊണ്ടു പോകാം. ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ചെറിയതോതില്‍ ഒരുക്കിയിട്ടുണ്ട്. സ്വിഗ്ഗി, സൊമാറ്റോ എന്നിവരുമായി ടൈയപ്പുമുണ്ട്. നഗരത്തില്‍ മാത്രമെ വിതരണം ചെയ്യുന്നുള്ളു. അതു സൗജന്യവുമാണ്.

മെയിൻ കുക്ക് നിയ തന്നെ

ചെറിയ തോതില്‍ ഈവന്‍റ് മാനേജ് മെന്‍റും ചെയ്യുന്നുണ്ട്. ഭക്ഷണം വിളമ്പാനാശ്യമായ ആളുകള്‍,ഭക്ഷണം വിളമ്പാനുള്ള കൗണ്ടറുകള്‍ എന്നിവയെല്ലാം ഒരുക്കി നല്‍കും. ഇപ്പോള്‍ പൂര്‍ണമായ ശ്രദ്ധ കാറ്ററിംഗ് രംഗത്തു തന്നെയാണ്. നന്നായി മുന്നോട്ടു പോകുകയാണെങ്കില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ അങ്ങനെ വിപുലീകരിക്കണമെന്നും നിയക്ക് ആഗ്രഹമുണ്ട്.നാല് പേരാണ് ജോലിക്കാരായുള്ളത്. അതില്‍ ഒരാള്‍ ഔട്ടലെറ്റില്‍ ജോലി ചെയ്യുന്നു. മൂന്നുപേര്‍ വീട്ടിലും. നിയ തന്നെയാണ് പാചകത്തിന് നേത്വത്വം നല്‍കുന്നത്. ഭര്‍ത്താവ് അരുണ്‍ കുന്നപ്പിള്ളി അമരോണ്‍ ബാറ്ററിയുടെ ഫ്രാഞ്ചൈസി നടത്തുകയാണ് പാലക്കാടും തൃശൂരും. ലൂക്ക്, സാക്ക് എന്നിങ്ങനെ അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളാണിവര്‍ക്ക്. വീട്ടുകാര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു ആ പിന്തുണയുള്ളതുകൊണ്ടാണ് ഇത്രയും വരെ എത്തിയതെന്ന് നിയ പറയുന്നു.
ഫോൺ-9037393866