സ്വപ്‌നനൂലിഴകളെ പ്രണയിച്ച ജിനി ഗോപാല്‍
സ്വപ്‌നനൂലിഴകളെ പ്രണയിച്ച പെണ്‍കുട്ടിയാണ് ജിനി ഗോപാല്‍. ശ്രേഷ്ഠനായ ഒരച്ഛന്റെ ഭാഗ്യം ചെയ്ത മകള്‍ എന്ന അഭിസംബോധന ഇഷ്ടപ്പെടുന്നവള്‍. ധൈര്യം എന്ന മൂലധനത്തില്‍ കെട്ടിയുയര്‍ത്തിയ ജീവിതമാണ് ഇവരുടേത്. ഈ പെണ്‍കുട്ടിയെ അറിയുമ്പോള്‍ ഇങ്ങനെയായിരിക്കണം പെണ്‍കുട്ടികളെന്നു മനസുകൊണ്ടു നമ്മളും എഴുതി ചേര്‍ക്കും. മലയോര മേഖലയായ ഇടുക്കി കുട്ടിക്കാനത്തു നിന്നും എറണാകുളം എന്ന വലിയ പണത്തിലേക്കു പറിച്ചു നടപ്പെടുമ്പോള്‍ ആകെയുണ്ടായിരുന്നത് ആത്മവിശ്വാസവും ധൈര്യവും മാത്രം. മാതാപിതാക്കളാണ് ഈ പെണ്‍കുട്ടിയുടെ ശക്തി. കുട്ടിക്കാനം പള്ളിക്കുന്ന് എന്ന കൊച്ചുഗ്രാമത്തില്‍ പീടികത്തറയില്‍ ഗോപാലന്‍ വാസന്തി ദമ്പതികളുടെ ഏകമകളാണ് ജിനി ഗോപാല്‍. ഏതുനിമിഷവും പൊട്ടിപ്പോകാവുന്ന നൂലിഴകള്‍ പോലുള്ള ജീവിതത്തെ തുന്നിച്ചേര്‍ത്തു മനോഹരമാക്കിയവള്‍. ആത്മവിശ്വാസം എന്ന ശക്തിയില്‍ മനസും മസിലും പെരുപ്പിച്ചു ചേര്‍ത്തുനിര്‍ത്തി ഇവള്‍ മിസ്റ്റര്‍ കേരള വിമെന്‍ ഫിറ്റ്‌നസ് 2018 ആയിരിക്കുന്നു. സിനിമയും കഥകളും വസ്ത്രങ്ങളും ചേര്‍ത്തു നിര്‍ത്തി വളരുന്ന ഇവര്‍ ഇനി ലക്ഷ്യമിടുന്നത് മിസ് ഇന്ത്യ പട്ടമാണ്. ഫാഷന്‍ലോകത്തു മികച്ച സംരംഭകയായി മാറി നില്‍ക്കുന്ന ഇവര്‍ക്കുചുറ്റും നൂറോളം ജീവനക്കാരുണ്ട്. ഇവര്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ മോഡലുകള്‍ മാത്രമല്ല, സിനിമാതാരങ്ങളും വീട്ടമ്മമാരും ഇഷ്ടപ്പെടുന്നു. ജിനി സിഗ്‌നേച്ചര്‍ ഡിസൈന്‍സ് എന്ന പേരില്‍ ആറ്റിറ്റിയൂഡില്‍ തയാറാക്കുന്ന കുര്‍ത്തികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പുകളില്‍ വില്‍പനയ്ക്കുണ്ട്.

മിസ്റ്റര്‍ കേരള വിമെന്‍ ഫിറ്റ്‌നെസ്

യാതൊരു മുന്‍പരിചയമില്ലാത്ത മേഖല. അതായിരുന്നു ബോഡി ബില്‍ഡിംഗ്. ഒരു മത്സരത്തില്‍ പോലും പങ്കെടുത്തിട്ടില്ല. ആദ്യമായി പങ്കെടുത്തത് മിസ്റ്റര്‍ കേരള വിമെന്‍ എറണാകുളം മത്സരമായിരുന്നു. അതു കരസ്ഥമാക്കിയതു വെറുതെയിരുന്നായിരുന്നില്ല. ദിവസം പത്തുമണിക്കൂര്‍ കഠിനമായ പരിശീലനമായിരുന്നു. തുടര്‍ന്നു ജനുവരിയില്‍ നടന്ന മിസ്റ്റര്‍ കേരള വിമെന്‍ ഫിറ്റ്‌നെസ് കിരീടവും കരസ്ഥമാക്കി. പരിചയ സമ്പന്നരെ മുഴുവന്‍ പിന്നിലാക്കിയുള്ള വിജയം. വിജയത്തിനു പിന്നിലുള്ള തയാറെടുപ്പ് ലളിതമായിരുന്നില്ല. എന്തിനെയും നേരിടാനുള്ള ചങ്കൂറ്റമുള്ള പെണ്‍കുട്ടിക്ക് ഇതും നിസാരമായിരുന്നു. രാവിലെ അഞ്ചരയ്ക്കു ആരംഭിക്കുന്ന പരിശീലനം. ആനന്ദ്‌രാജ് ആണ് പരിശീലകന്‍.

ജിനി വെട്ടിപ്പിടിച്ച നേട്ടങ്ങളെ കണ്ടു പഠിക്കുകതന്നെ വേണം. സ്വയം തെളിച്ച വഴികള്‍ ഒരു പക്ഷേ മലയോര ജനതയുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതും ജിനിയുടെ വിജയത്തിന് കാരണമാകാം. നേട്ടങ്ങളെക്കാള്‍ വലുതാണ് ജിനിക്ക് കുടുംബവും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും. സ്പന്ദനം ലൈഫ് കെയര്‍ ഫൗണ്ടേഷന്റെ അഞ്ച് ഡയറക്ടര്‍മാരില്‍ ഒരാളും, ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്റെ അംഗവുമാണ് ജിനി. തന്റെ സമ്പാദ്യത്തിന്റെ ഒരു പങ്ക് നിര്‍ധനരായ രോഗികള്‍ക്ക് സഹായധനമായും നല്‍കി വരുന്നു.

ശക്തി അച്ഛനുമമ്മയും

ജിനിയുടെ ശക്തി അച്ഛനും അമ്മയുമാണ്. അച്ഛനായിരുന്നു ഈ മകള്‍ക്കു ധൈര്യം പകര്‍ന്നത്. അമ്മയുടെ അത്ര ബോള്‍ഡായ ഒരു സ്ത്രീയെ ഇന്നുവരെ കണ്ടിട്ടില്ലെന്നു ജിനി പറയുന്നു. അമ്മ എന്ന ശക്തി കൂടെയുള്ളപ്പോള്‍ അച്ഛന്‍ മരിച്ചതിന്റെ വേദന ഇന്നും മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. ഗിത്താര്‍ വായിക്കുന്നത്, ഡാന്‍സ് ചെയ്യുന്നത്, പുസ്തകം എഴുതുന്നത് എല്ലാം കൂടെയിരുന്നു കണ്ട് ജിനി മാറി.

''അരനാഴികനേരം പോലും പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സ്‌നേഹക്കൂട്ടില്‍ നിന്നും എന്നെ തനിച്ചാക്കി എന്റെ അച്ഛന്‍ മരിച്ചിട്ട് മൂന്നുവര്‍ഷങ്ങള്‍ തികയുന്നു. കാലം വളരെ വേഗത്തില്‍ പോകുന്നുണ്ട്. അച്ഛനില്ല എന്ന സത്യത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് കുറച്ചു കാലംകൂടി വേണ്ടിവരും. ഞാനായിരുന്നു അച്ഛന്റെ ലോകം. എന്റെ കളിയും ചിരിയും കലപിലകളും പാദസരത്തിന്റെ കിലുക്കവുമില്ലാത്ത ഒരു ലോകത്ത് അച്ഛനൊരിക്കലും കഴിയാനാവില്ല.'' ഇതു ജിനി ഫെയ്‌സ്ബുക്കില്‍ എഴുതിയ മനസ് നീറുന്ന കത്താണ്. വളരെ മനോഹരമായി എഴുതിയെന്നതല്ല മറിച്ച് മനസ് പറിച്ചു വച്ചിരിക്കുന്നതാണ് എഴുത്തിനെ ഹൃദ്യമാക്കുന്നത്. അച്ഛനെ അത്രമാത്രം സ്‌നേഹിച്ച പെണ്‍കുട്ടി... അവര്‍ പറയുന്നതു കേള്‍ക്കാം...


എന്റെ 17ാം വയസില്‍ സഹോദരന്റെ പരിവേഷത്തിലെത്തിയ ഒരുവന്റെ മോശം കണ്ണുകള്‍ എന്റെ മേല്‍ പതിച്ചപ്പോഴാണ് അച്ഛന്‍ എത്ര ശക്തനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കഥകള്‍ മെനഞ്ഞപ്പോള്‍ കേട്ട് തളര്‍ന്ന് എനിക്കിനി ജീവിക്കണ്ട അച്ഛാ!'' എന്ന് പറഞ്ഞ പതിനേഴുകാരിയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അച്ഛന്‍ പറഞ്ഞ വാക്കുകളില്‍ നിന്നാണ് കരുത്തുറ്റ ഒരു പെണ്‍കുട്ടിയുടെ യാത്ര ആരംഭിക്കുന്നത്. ഏതൊരാളും തകര്‍ന്ന് പോയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നും വാനോളം ഉയരത്തില്‍ സ്വപ്‌നങ്ങള്‍ കാണാനും കൈയെത്തി പിടിക്കാനും തുടങ്ങി. മികച്ച വിദ്യാഭ്യാസം നേടി, ജോലി നേടി, സ്വന്തം കാലില്‍ സ്വയംപര്യാപ്തയായി ഉറച്ച ചുവടുകളോടെ ബിസിനസ് തുടങ്ങി, സ്വപ്‌നങ്ങള്‍ ഒരോന്നായി സഫലമാക്കി. എന്നിലൂടെ നൂറുകണക്കിന് ആളുകള്‍ ജീവിക്കുന്നതുകൂടി കണ്ടപ്പോള്‍ വിജയം എന്ന് എഴുതി ഞാന്‍ അടിവരയിട്ടു. അപ്പോഴും എന്നേക്കാള്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയത് അച്ഛന്‍തന്നെയായിരുന്നു. അര്‍ജുനന് കൃഷ്ണന്‍ എന്നപോലെ ഒരു തേരാളിയായി അച്ഛന്‍ ഇന്നും എനിക്കൊപ്പമുണ്ട്.ജിനി എഴുതുന്നതു ജീവിതമായിരുന്നു.

101 പവന്റെ സ്വര്‍ണസമ്പാദ്യമല്ല മറിച്ചു മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ആത്മബലവും ആര്‍ജവവും ധൈര്യ വുമാണ് അച്ഛന്‍ മകള്‍ക്കു നല്‍കിയതെന്നു ജിനി പറയുന്നു. ജിനി അച്ഛനെ കുറിച്ച് പുസ്തകം എഴുതുകയാണ്.

ജിനിയുടെ വളര്‍ച്ച

ഏലപ്പാറയിലും പെരുവന്താനത്തുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിനിയെ ഡോക്ടറായി കാണാനായിരുന്നു മാതാപിതാക്കള്‍ക്കു താല്‍പര്യം. പ്ലസ്ടു കഴിഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. 17ാമത്തെ വയസില്‍ കിറ്റ്ക്‌സിന്റെ തുണി ഫാക്ടറിയില്‍ സാധാരണ തൊഴിലാളിയായി കയറി. അഞ്ചുവര്‍ഷക്കാലം അവിടെ ജോലി ചെയ്തു. ഇതിനിടയില്‍ ബിസിഎയും ബിഎഫ്ഡിയും പഠിച്ചു. തുടര്‍ന്നു ബംഗളൂരില്‍ ഫാഷന്‍ നെറ്റ് വര്‍ക്ക് എന്ന കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. വീണ്ടും കൊച്ചിയില്‍ മടങ്ങിയെത്തി ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജോലിക്കുകയറി. പക്ഷേ, വസ്ത്രത്തിന്റെ വര്‍ണലോകം ഇടയ്ക്കിടെ മനസിലെത്തി ഭ്രമിപ്പിച്ചു കൊണ്ടേയിരുന്നു. ഒടുവില്‍ കഠിനാധ്വാനവും പരിശ്രമവും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹവും സുഹൃത്തുക്കളുടെ പിന്‍ബലവും കൂടിയപ്പോഴാണ് ആറ്റിറ്റിയൂഡ് എന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം തുടങ്ങുന്നത്. മൂന്നു സ്ഥാപനങ്ങളിലായി നൂറോളം പേര്‍ ജോലി ചെയ്യുന്നു. വസ്ത്രനിര്‍മാണ പരിശീലനം നല്‍കി അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയതിനൊപ്പം തന്റെ സ്ഥാപനം വഴി എത്തുന്ന ജോലികള്‍ അവര്‍ക്കു പകുത്തു നല്‍കി വരുമാനമാര്‍ഗം കണ്ടെത്തുന്നതിനു ജിനി സഹായിക്കുന്നുണ്ട്.ജോണ്‍സണ്‍ വേങ്ങത്തടം