അഞ്ചാംവട്ടം സിവില്‍ സര്‍വീസ് കൈപ്പിടിയിലാക്കി ശ്രീലക്ഷ്മി
Friday, June 14, 2019 3:15 PM IST
നാലു തവണ കൈവിട്ടെങ്കിലും അഞ്ചാം തവണ സിവില്‍ സര്‍വീസിനെ കൈപ്പിടിയിലൊതുക്കിയ സന്തോഷത്തിലാണ് ആര്‍.ശ്രീലക്ഷ്മി. 29ാം റാങ്കോടെ കേരളത്തിലെ ഒന്നാം റാങ്കുകാരിയെന്ന റിക്കാര്‍ഡാണ് ശ്രീലക്ഷ്മിയെ തേടിയെത്തിയത്. അതുകൊണ്ടുതന്നെ കടുങ്ങല്ലൂരിലെ സഹജഗ്രാമം തൈക്കാട്ടില്‍ വീട്ടിലെ വിഷുവിന് ഇത്തവണ ഇരട്ടിമധുരമായിരുന്നു. പരാജയത്തില്‍ നിന്ന് വിജയത്തിന്റെ നെറുകയിലേക്ക് ചുവടുവച്ച ശ്രീലക്ഷ്മിയുടെ കഥ വായിക്കാം...
പരാജയത്തില്‍ പതറാതെ
തുടര്‍ച്ചയായ നാല് തവണ പരാജയപ്പെട്ടെങ്കിലും മനസ് മടുത്തില്ല. വീണ്ടും ശ്രമിക്കാന്‍ പിന്തുണ നല്‍കിയത് മാതാപിതാക്കളാണ്. മനസ് മടുക്കാതെ പരിശ്രമിച്ചാല്‍ വിജയം നേടാനാകുമെന്ന് തെളിയിക്കാനുള്ള അവസരമായി ഞാനിതിനെ കാണുന്നു. മൂന്ന് വട്ടം പരീക്ഷ എഴുതിയപ്പോഴും അഭിമുഖ പരീക്ഷയിലാണ് പരാജയം രുചിച്ചത്. വെറും ഒമ്പത് മാര്‍ക്കിനാണ് കഴിഞ്ഞ തവണ റാങ്ക് നഷ്ടമായത്. അത് വെല്ലുവിളിയായി എടുത്തു. ഇത്തവണയും പരാജയപ്പെട്ടിരുന്നെങ്കില്‍ ഇനിയും ശ്രമിക്കും. സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കില്‍ ഇക്കണോമിക്‌സില്‍ ഗവേഷണമെന്നായിരുന്നു അടുത്ത പരിപാടി.
ഒരുക്കങ്ങള്‍
തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഒരു മാസത്തെ ഓറിയന്‍േറഷന്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായി പഠിക്കാമെന്ന ആത്മവിശ്വാസം വന്നു. പരിശീലന സ്ഥാപനങ്ങളുടെ മോക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കാളിയായി. ബാക്കി സ്വന്തമായ പഠനം തന്നെ. ഓണ്‍ലൈന്‍ പഠനസാമഗ്രികളില്‍ നിന്ന് തെരഞ്ഞെടുത്താണ് പഠിച്ചത്. ടെസ്റ്റ് സീരീസുകളും മുന്‍ ചോദ്യ പേപ്പറുകളും ഗുണം ചെയ്തു.
പഠന സമയം
അതിരാവിലെ നാലിന് എഴുന്നേറ്റ് പഠനം ആരംഭിക്കും. ദിവസവും ഏഴു മണിക്കൂര്‍ വരെ പഠനം നീളും. യോഗയും ചെയ്യും. തലേന്ന് വായിച്ച് വച്ച വിഷയങ്ങള്‍ കൂടുതല്‍ അഗാധമായി പഠിക്കാന്‍ ശ്രമിച്ചു. ആവശ്യമെങ്കില്‍ എഴുതി പഠിക്കുമായിരുന്നു. ആനുകാലിക വിഷയങ്ങള്‍ അറിയാന്‍ പത്രങ്ങളായിരുന്നു പ്രധാന മാര്‍ഗം. ഇംഗ്ലീഷ് പത്രങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും സഹായകമായി. വസ്തുതകള്‍ കൃത്യമായി അറിയാന്‍ രാജ്യസഭാ ടിവിയിലെ ചര്‍ച്ചകള്‍ കാണും. പഠിക്കുമ്പോള്‍ ഒരു ദേശീയ കാഴ്ചപ്പാടോടെയാകണം എല്ലാം വിലയിരുത്താന്‍. അഭിമുഖത്തിലാണ് കേരളത്തെക്കുറിച്ചു ചോദ്യങ്ങള്‍ വന്നത്. പ്രവാസി പ്രശ്‌നങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. പഠന സംബന്ധിയായ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഒഴിച്ചുകൂടാനാകില്ല. കൂട്ടുകാരുമായുള്ള ചര്‍ച്ചകള്‍ ഏറെ ഗുണം ചെയ്തു. പ്രത്യേകിച്ച് ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍.
? സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ളയാള്‍ക്ക് ജോലി സാധ്യത നിരവധിയുണ്ടായിരുന്നു
ശരിയാണ്. പക്ഷെ ഒരു കളക്ടര്‍ക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും കിട്ടുന്ന ബഹുമാനം, ആദരവ്, അധികാരം എന്നിവയാണ് എനിക്ക് സിവില്‍ സര്‍വീസ് എഴുതാന്‍ പ്രചോദനമായത്.
? സര്‍വീസില്‍ പ്രവേശിച്ചാല്‍ ഏതെങ്കിലും മേഖലയില്‍ മാറ്റമോ പദ്ധതിയോ പ്രതീക്ഷിക്കാമോ
ഞാന്‍ സാധാരണ കുടുംബത്തില്‍ ജനിച്ച് സാധാരണക്കാരിയായി വളര്‍ന്നവളാണ്. അതിനാല്‍ സാധാരണക്കാരുടെ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കിടക്കുന്നുണ്ട്. എന്നാല്‍ വനിതകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവരില്‍ 25 ശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളു. കേരളത്തിലെ ഏക പരീക്ഷ കേന്ദ്രമായ തിരുവന്തപുരത്തെ എഴുത്ത് പരീക്ഷ പാസായി അഭിമുഖത്തിന് വരുമ്പോള്‍ വനിതകളുടെ സാന്നിധ്യം കൈവിരലില്‍ എണ്ണാവുന്നവരാകും. എന്നോടൊപ്പം വിജയിച്ച ആദിവാസി വിഭാഗത്തില്‍പ്പെ ശ്രീധന്യയുടെ വിജയം അനുകരണീയമാണ്. പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ സമൂഹം തയാറാക്കണം. വീട്ടുജോലികളില്‍ തളച്ചിടാതെ പഠനസാധ്യതകള്‍ പെണ്‍കുട്ടികള്‍ക്കും ലഭ്യമാക്കണം.
ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം
എന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം ഇപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തുക അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ചിത്രമാണ്. പ്രളയത്തില്‍ സ്വന്തം വീടും നാടും മുങ്ങിപ്പോകുന്നതിന് സാക്ഷിയായ എനിക്ക് ആ ചിത്രം ഇനിയും മാറ്റാനായിട്ടില്ല. വെല്ലുവിളികള്‍ നിറഞ്ഞ പ്രളയദിനത്തില്‍ സിവില്‍ സര്‍വീസുള്ള ഒരു വ്യക്തിക്ക് എന്ത് ചെയ്യാനാകുമെന്ന് നാം കണ്ടു. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ലോകം മുഴുവന്‍ പുകഴ്ത്തി. ജനനന്മയ്ക്ക് ഏതറ്റം വരെയും പ്രവര്‍ത്തിക്കാനാകുമെന്ന അധികാര സ്വാതന്ത്യം സിവില്‍ സര്‍വീസിന്റെ മേന്മയായി ഞാന്‍ കാണുന്നു.
ഹോബി
വായന തന്നെ. കര്‍ണാടക സംഗീതം പഠിച്ചിട്ടുണ്ട്. തത്ത്വചിന്താപരവും ചരിത്രപരവുമായ പുസ്തകങ്ങളോടാണ് പ്രിയം.
കുടുംബം
ആലുവ നിര്‍മലയിലും കളമശേരി രാജഗിരിയിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഡിഗ്രി ചെന്നൈ സ്‌റ്റെല്ലാ മാരീസ് കോളജിലും പി.ജി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പൂര്‍ത്തീകരിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടി. മാതാപിതാക്കളായ രാമചന്ദ്രന്‍ നായരും കലാദേവിയും എസ്ബിഐ മുന്‍ ഉദ്യോഗസ്ഥരാണ്. ഏക സഹോദരി ഡോ.ആര്‍ വിദ്യ തിരൂര്‍ മലയാള സര്‍വകലാശാലയില്‍ അസി. പ്രഫസറാണ്.
ബോബന്‍ ബി. കിഴക്കേത്തറ