ചാരക്കണ്ണുകളിലെ വിജയത്തിളക്കം
ചാരക്കണ്ണുകളിലെ വിജയത്തിളക്കം
Monday, August 5, 2019 3:20 PM IST
സ്വപ്‌നം കണ്ട വര്‍ണങ്ങള്‍ ജീവിതത്തില്‍ യാഥാര്‍ഥ്യമായതിന്റെ ആനന്ദം നിറയുന്ന ചാരക്കണ്ണുകള്‍. കൊഞ്ചലും കുസൃതിയും നിറഞ്ഞ വാക്കുകള്‍. അതില്‍ പ്രതീക്ഷയും ആത്മവിശ്വാസവും മുന്നില്‍. മലയാളത്തിന്റെ പുതിയ നായിക നിരയിലേക്കു കടന്നുവന്ന സോനു അന്ന ജേക്കബിനു പറയാന്‍ ഏറെ വിശേഷങ്ങളുണ്ട്...

ബിഗ് സ്‌ക്രീന്‍ തുടക്കം

ആങ്കറിംഗ് ചെയ്യാന്‍ എനിക്കു വളരെ ഇഷ്ടമായിരുന്നു. അതുമായി മുന്നോട്ടു പോകുന്ന സമയത്താണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ അലമാരയുടെ ഓഡീഷനായി വിളിക്കുന്നത്. ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ കാമറ അസോസിയേറ്റായിരുന്ന എന്റെ ഒരു സുഹൃത്താണ് അലമാരയിലെ ഓഡീഷനു പോകണം, നല്ല തുടക്കമായിരിക്കും എന്ന് പറഞ്ഞത്. ഫോട്ടോ അയച്ചു കൊടുത്തതിനു ശേഷമാണ് ഓഡീഷനു പോയത്. ഓഡീഷന്‍ കഴിഞ്ഞപ്പോള്‍ തന്നെ അലമാരയിലെ കഥാപാത്രമായി ഫിക്‌സ് ചെയ്തു.

കലാപരമായ പരിചയം

സ്‌കൂള്‍ - കോളജ് പഠനകാലത്ത് അഭിനയിച്ച് പരിചയം ഉണ്ടായിരുന്നില്ല. ചെറുപ്പത്തില്‍ നൃത്തം പഠിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം സിനിമ ചെയ്യുമ്പോള്‍ അതു വലിയൊരു ഗൃഹപാഠമായി മാറാറുണ്ട്. അലമാരയില്‍ അഭിനയിക്കുമ്പോള്‍ ബിഹേവ് ചെയ്യാനാണ് ശ്രമിച്ചത്. പിന്നീട് സിനിമകള്‍ ചെയ്തപ്പോഴാണ് ഓരോ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അതിന്റെ ഭാവം മനസിലാക്കി അഭിനയിച്ചത്. ഒപ്പം ഡയലോഗ് ഡെലിവറിയില്‍ സ്പീഡ് കുറച്ചു സംസാരിക്കാനും പഠിച്ചു. ഓരോ സിനിമയിലൂടെയും ഓരോരോ കാര്യങ്ങള്‍ പഠിച്ചു വരികയാണ്.

ആദ്യ സിനിമ എക്‌സ്പീരിയന്‍സ്

അലമാര എന്ന സിനിമയില്‍ എത്തിയപ്പോള്‍ പുതുമുഖമായിട്ടുള്ളത് ഞാന്‍ മാത്രമായിരുന്നു. അതുകൊണ്ടു തന്നെ സംവിധായകന്‍ മിഥുന്‍ ചേട്ടന്‍ വളരെയധികം സപ്പോര്‍ട്ട് തന്നു. ഷൂട്ടിനു മുമ്പ് ലൊക്കേഷനില്‍ കൊണ്ടുപോയി, എല്ലാവരെയും പരിചയപ്പെടുത്തി. ടെക്‌നിക്കലിയുള്ള വാക്കുകളൊക്കെ മനസിലാക്കിത്തന്നു. എന്റെ ആദ്യ സീന്‍ തന്നെ രണ്‍ജി പണിക്കര്‍, സീമ ജി നായര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്കൊപ്പമുള്ളതായിരുന്നു. അലമാരയുടെ ലൊക്കേഷന്‍ ശരിക്കും ഒരു കുടുംബം പോലെയായിരുന്നു.

സിനിമാ സഞ്ചാരം

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയാണ് ആദ്യ ചിത്രം. അതില്‍ സണ്ണി വെയ്‌ന്റെ സഹോദരിയുടെ വേഷം ചെയ്തു. പിന്നീട് മാച്ച് ബോക്‌സ്, മാസ് സംവിധാനം ചെയ്ത ഇമ്രാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. അതിനു ശേഷമാണ് ഈസ്റ്റ് കോസ്റ്റിന്റെ ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളിലേക്ക് എത്തുന്നത്. ചില ന്യൂജന്‍ നാുവിശേഷങ്ങളില്‍ മീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങളുമായും കണക്ട് ചെയ്യുന്ന വളരെ പ്രാധാന്യമുള്ള നായിക കഥാപാത്രമാണ് മീര.



ആദ്യം ആശങ്കകള്‍

പുറമേനിന്നു കേള്‍ക്കുന്നത് സിനിമയില്‍ നമ്മള്‍ പേടിക്കണം, എന്തും സംഭവിക്കാവുന്ന മേഖല എന്നൊക്കെയാണ്. പക്ഷേ, അലമാരയുടെ സെറ്റില്‍ വര്‍ക്കു ചെയ്തപ്പോള്‍ എനിക്കു മനസിലായി പുറത്തു കേള്‍ക്കുന്നതുപോലെയല്ല സിനിമാമേഖലയെന്ന്. അവിടെ ആര്‍ട്ടിസ്റ്റിന് അത്രമാത്രം വാല്യു കൊടുക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കു പൂര്‍ണ സുരക്ഷിതത്വം നല്‍കുന്ന ഷൂട്ടിംഗ് സൈറ്റായിരുന്നു അലമാരയുടേയത്. എന്റെ അനുഭവത്തില്‍ വളരെ കംഫര്‍ട്ടബിളാണ് സിനിമാ മേഖല. പിന്നെ നമ്മള്‍ എങ്ങനെ നില്‍ക്കുന്നോ, അതിനനുസരിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങള്‍ പോകുന്നത്.

സിനിമയുടെ തെരഞ്ഞെടുപ്പ്

ആദ്യ സിനിമ പ്രാധാന്യമുള്ള കഥാപാത്രമായതിനാലാണ് പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത്. പിന്നീട് രണ്ടു മൂന്ന് ഓഫര്‍ വന്നെങ്കിലും പഠനത്തിന്റെ തിരക്കുകൊണ്ട് ചെയ്യാന്‍ സാധിച്ചില്ല. അതിനു ശേഷമാണ് മാച്ച് ബോക്‌സ് ചെയ്തത്. പിന്നീട് ഇമ്രാനിലേക്ക് ഓഫര്‍ വന്നു. അഭിനേത്രി എന്ന നിലയില്‍ പെര്‍ഫോം ചെയ്യാനുള്ളത് ആ ചിത്രത്തിലുണ്ടായിരുന്നു. കോമഡി, റൊമാന്‍സ് തുടങ്ങി വിവിധ ഭാവങ്ങളിലൂടെയാണ് ആ ചിത്രം സഞ്ചരിക്കുന്നത്. തുടര്‍ന്ന് ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളിലേക്കു വിളി വന്നു. ഒരു സിനിമ കണ്ടു കഴിയുമ്പോള്‍ നമ്മള്‍ ചെയ്ത കഥാപാത്രം പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാകണം എന്ന് ആഗ്രഹിക്കാറുണ്ട്.

പുതിയ പ്രോജക്ടുകള്‍

റിലീസിനൊരുങ്ങുന്ന ചിത്രം ചില ന്യൂജന്‍ നാട്ടുവിശേഷങ്ങളാണ്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് ഓഫറുണ്ട്. ഒരു തമിഴ് ചിത്രത്തില്‍ ഡോക്ടറുടെ കഥാപാത്രത്തിലേക്കാണ് ക്ഷണം. ഒരു മലയാള സംവിധായകന്‍ ഒരുക്കുന്ന മറ്റൊരു തമിഴ് ചിത്രത്തിലേക്കും അവസരം വന്നിുണ്ട്.

പ്രത്യേകതയുള്ള കണ്ണുകള്‍

എന്‍േറത് ബ്രൗണ്‍ ഐസാണ്. കണ്ണിന്റെ പ്രത്യേകത കൊണ്ടുതന്നെ മുസ്ലിം കഥാപാത്രമായി കൂടുതല്‍ വിളിക്കുന്നുണ്ട്. ഇമ്രാനിലും മാച്ച് ബോക്‌സിലും മുസ്ലിം കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പുതിയ ഒരു ചിത്രത്തിലേക്കും അത്തരം ഒരു കഥാപാത്രമായാണ് വിളിച്ചിട്ടുള്ളത്.

കുടുംബത്തിന്റെ പിന്തുണ

കൊല്ലം ജില്ലയിലെ പുനലൂരാണ് എന്റെ സ്ഥലം. പപ്പ, മമ്മി, അനിയന്‍, പപ്പയുടെ അമ്മ എന്നിവര്‍ ചേരുന്നതാണ് കുടുംബം. സി.എ പഠനത്തിനായാണ് എറണാകുളത്തേക്കു വരുന്നത്. ഇപ്പോള്‍ അഞ്ചു വര്‍ഷമായി എറണാകുളത്തുണ്ട്. സിനിമയിലേക്കുള്ള ഓഡീഷനു പോയത് വീട്ടുകാര്‍ അറിയാതെയാണ്. കിട്ടിക്കഴിഞ്ഞപ്പോഴാണ് അവരോട് പറഞ്ഞത്. ആദ്യം പപ്പയ്ക്കു നല്ല പേടിയുണ്ടായിരുന്നു. അലമാര സെറ്റില്‍ വന്ന് അവിടത്തെ അന്തരീക്ഷം കണ്ടപ്പോള്‍ ടെന്‍ഷനൊക്കെ മാറി. മമ്മിയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ എത്തുന്നത്.

ലിജിന്‍ കെ. ഈപ്പന്‍