മനസും ചര്‍മരോഗങ്ങളും
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കുമാനസിക പിന്തുണ നല്‍കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ആധികാരികമാകണമെന്നില്ല. ചര്‍മ രോഗങ്ങളുമായി ബന്ധപ്പെട്ടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ ദിവസം മുഴുവന്‍ അതേക്കുറിച്ചു മാത്രമാകും ചിന്തിക്കുക. മാനസിക സമ്മര്‍ദം കൂട്ടാന്‍ മാത്രമേ ഇത് വഴി തെളിക്കൂ.

ആരോഗ്യമുള്ള മനസും ശരീരവും

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. നിഷേധ വികാരങ്ങളും വൈകാരികമായ പിരിമുറുക്കങ്ങളുമെല്ലാം മനസില്‍ നിലനില്‍ക്കുന്നതുമൂലം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെയാണ് മനോജന്യ രോഗങ്ങള്‍ അഥവാ സൈക്കോസോമാറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. ചര്‍മരോഗങ്ങള്‍ ഉള്‍പ്പെടെ നൂറോളം രോഗങ്ങള്‍ ഇത്തരത്തിലുണ്ടാകാമെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. മാനസികമായി അസ്വസ്ഥതയുള്ള കാലത്താണ് മിക്ക ചര്‍മരോഗങ്ങളും വഷളാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ശരീരവും മനസും പരസ്പര പൂരകങ്ങളാണ്. അതായത് നമ്മുടെ മനസിനുണ്ടാകുന്ന ഓരോ ബുദ്ധിമുട്ടും ശരീരത്തെയും ശരീരത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ മാനസിക അവസ്ഥയെയും കാര്യമായി തന്നെ സ്വാധീനിക്കുന്നു. ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ടുവരുന്ന മാനസിക സമ്മര്‍ദം രോഗം കൂടുതല്‍ വഷളാകുന്നതിനു കാരണമാകാറുണ്ട്. പ്രത്യേകിച്ചു സ്ത്രീകളില്‍!

രോഗത്തെ അറിയണം

ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ട ചികിത്സാരീതികളെക്കുറിച്ചുള്ള അറിവില്ലായ്മയും ചര്‍മരോഗങ്ങളെല്ലാം പകര്‍ച്ചവ്യാധികളാണെന്ന തെറ്റിധാരണയും ഒരു പരിധിവരെ ചര്‍മരോഗങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ചര്‍മസംരക്ഷണത്തിനും ചര്‍മസൗന്ദര്യത്തിനുമെല്ലാം പ്രാധാന്യമോ ഒരു പക്ഷേ അമിതപ്രാധാന്യമോ നല്‍കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വളരെക്കാലമായി മാധ്യമങ്ങളും മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളുമെല്ലാം ചര്‍മസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു. ചര്‍മത്തിന്റെ നിറവും അതിന്റെ ഘടനയുമെല്ലാം വ്യക്തിത്വത്തിന്റെതന്നെ അളവുകോലായി പലപ്പോഴും കണക്കാക്കപ്പെടുന്നു. സമൂഹമനസില്‍ ചര്‍മവുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ വിഷയങ്ങള്‍ക്കും അതീവ പ്രാധാന്യമാണ് ലഭിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ചര്‍മരോഗങ്ങള്‍ ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ എത്രമാത്രം സ്വാധീനിക്കുന്നുവെന്നു പറയേണ്ടതില്ല.

ചികിത്സ പ്രധാനം

ഏതൊരു രോഗത്തെയും പോലെ ചര്‍മരോഗങ്ങള്‍ക്കും കൃത്യവും സമയോചിതവുമായ ചികിത്സ തേടുകയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. സോറിയാസിസ്, വെള്ളപ്പാണ്ട്, മുഖക്കുരു തുടങ്ങിയ ചര്‍മരോഗങ്ങള്‍ അനുഭവിക്കുന്നവരില്‍ സമൂഹത്തെ അഭിമുഖീകരിക്കുന്നതിനുള്ള ഭയം, ഉത്കണ്ഠ, ആത്മവിശ്വാസക്കുറവ്, രോഗം ഭേദമാകില്ല എന്ന ചിന്ത, സ്വന്തം ശരീരവുമായി ബന്ധപ്പെട്ട പ്രതിച്ഛായയിലുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം സാധാരണ കണ്ടുവരാറുണ്ട്. അതുപോലെതന്നെ സുഹൃത്തുക്കളില്‍ നിന്നും അടുപ്പക്കാരില്‍നിന്നുമൊക്കെയുള്ള അകന്നുനില്‍ക്കല്‍, മറ്റുള്ളവര്‍ നമ്മെ അവഗണിക്കുമോ എന്ന ഭയം, വ്യക്തിബന്ധങ്ങളിലുള്ള താല്‍പര്യമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ കണ്ടുവരാറുണ്ട്. എന്നാല്‍, രോഗിക്കു കിട്ടുന്ന സാമൂഹികകുടുംബ പിന്തുണ, രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവ്, രോഗം ഭേദമാവുമെന്നുള്ള ആത്മവിശ്വാസം, പ്രതിസന്ധികളോടു പൊരുത്തപ്പെടാനുള്ള വ്യക്തിയുടെ കഴിവ് തുടങ്ങിയവയൊക്കെ ചര്‍മരോഗചികിത്സയെ സഹായിക്കുന്ന പ്രധാനപ്പെട്ട മാനസിക ഘടകങ്ങളാണ്.

വേണം മാനസിക പിന്തുണ

ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്‍കുകയെന്നത് പരമപ്രധാനമായ കാര്യമാണ്. അതുപോലെതന്നെ ആത്മവിശ്വാസത്തോടെ ചികിത്സയുടെ പ്രാധാന്യത്തെ മനസിലാക്കുകയും രോഗത്തെയും രോഗ ചികിത്സയെയും കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്‍ നേടുകയും ചെയ്യുന്നത് രോഗചികില്‍സയെ സഹായിക്കും. എന്നാല്‍ ഈ ആധുനിക കാലഘട്ടത്തില്‍ രോഗത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റും തിരയുന്നവരാണ് അധികവും. അവിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ഓര്‍മിക്കുക.


ഡോക്ടറെ കണ്ടെത്താം

ചര്‍മരോഗ ചികിത്സയില്‍ ഡോക്ടര്‍ ഷോപ്പിംഗ് ഒഴിവാക്കുകയെന്നതു വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലുമൊരു ചര്‍മരോഗ വിദഗ്ധനെ സമീപിച്ചതിനുശേഷം ചികിത്സ പൂര്‍ത്തിയാകുന്നതിനുമുന്‍പുതന്നെ മറ്റൊരു ഡോക്ടറെ സമീപിക്കുകയും അതുപോലെ തന്നെ വീണ്ടും വീണ്ടും ചികിത്സകരെ മാറിമാറി കാണുന്ന പ്രവണതയും ഒഴിവാക്കുക. നമ്മുടെ അസുഖത്തിനു ചികിത്സ നല്‍കാന്‍ പറ്റിയ ഡോക്ടറെ ആദ്യം തന്നെ കണ്ടെത്തുക എന്നതാണു പ്രധാനം. അതോടൊപ്പം മനസും ചര്‍മവുമുള്ള ബന്ധം മനസിലാക്കി അനാവശ്യ ചിന്തകള്‍ ഒഴിവാക്കി മനസിനെ ശാന്തമാക്കാന്‍ ശ്രമിക്കുകയെന്നതും പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം സമാനമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരോടും, രോഗമുക്തി നേടിയവരോടും മറ്റും ഇടപെടാനും സംസാരിക്കുവാനും അതുപോലെ ഒരുമിച്ചു കൂടുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമൊക്കെയുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതു മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു സഹായിക്കും.

ചിന്തയും മാറണം

ചര്‍മരോഗങ്ങളുമായി ബന്ധപ്പെട്ടു മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍ ഒരു ദിവസത്തില്‍ ഏകദേശം മുഴുവന്‍ സമയവും അതേക്കുറിച്ചു മാത്രമാകും ചിന്തിക്കുക. സമ്മര്‍ദം കൂട്ടാന്‍ മാത്രമേ ഇതുവഴി തെളിക്കു. ഇതോടെ രോഗാവസ്ഥ മൂര്‍ച്ഛിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വ്യക്തി ജീവിതത്തിലെപ്പോഴെങ്കിലും ഇഷ്ടത്തോടെ ചെയ്തിരുന്ന പ്രവൃത്തികള്‍ വീണ്ടും തുടങ്ങുന്നതിനു ശ്രമിക്കുക. കളികള്‍, സംഗീതം, ചിത്രരചന, കഥ, കവിത, കൃഷി തുടങ്ങിയ മാനസിക ഉല്ലാസം നല്‍കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് മാനസിക ഉല്ലാസം നല്‍കുകയും മനസ് ശാന്തമാകാന്‍ ഉപകരിക്കുകയും ചെയ്യും.

നെഗറ്റീവ് ചിന്തകള്‍ വേണ്ട

പലപ്പോഴും കാലാകാലങ്ങളായി ശീലിച്ചുപോരുന്ന നെഗറ്റീവ് ചിന്തകളെ മാറ്റിനിര്‍ത്തി പോസിറ്റീവ് ചിന്തകള്‍ നള്‍ തന്നെ ആവര്‍ത്തിച്ചുപറയുന്നത് അത്മവിശ്വാസം വര്‍ധിക്കാന്‍ സഹായിക്കും. മാനസിക ജീവിതചര്യകളില്‍ മാറ്റം വരുത്തുകയും ശരിയായ ചികിത്സാ രീതികള്‍ അവലംബിക്കുകയും ചെയ്യുമ്പോള്‍ രോഗാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുകയും മാനസികമായ ഊര്‍ജം കൈവരിക്കുകയും ചെയ്യും. എന്നാല്‍, ചില ഘട്ടങ്ങളില്‍ മാനസിക സര്‍ദം അതിതീവ്രമാവുകയും അത് വ്യക്തിയുടെ എല്ലാ ജീവിതതലങ്ങളെയും കാര്യമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ഒരു മനഃശാസ്ത്രജ്ഞനെയോ മനോരോഗ വിദഗ്ധനെയോ സമീപിക്കുന്നത് ഗുണകരമാണ്. വ്യക്തിയുടെ അടിയുറച്ച ചില ചിന്തകളെ പുനഃക്രമീകരിക്കുന്ന മനശാസ്ത്ര സങ്കേതങ്ങളായ കൊഗ്നിടിവ് ബിഹെവിയര്‍ തെറാപി, മൈന്‍ഡ്ഫുള്‍നെസ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാരീതികളും ഇക്കാര്യത്തില്‍ ഗുണകരമാണ്.

ഒന്നു റിലാക്സ് ആകാം.

മെഡിറ്റേഷന്‍, റിലാക്സേഷന്‍, പ്രാണായാമം തുടങ്ങിയവ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനു സഹായകരമാണ്. ഉദാഹരണത്തിനു വളരെ സ്വസ്ഥമായി ഒരു സ്ഥലത്ത് കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. വളരെ ശാന്തമായൊരു മാനസിക അവസ്ഥയിലേക്കു പോവാന്‍ തയാറെടുക്കണം. സാവധാനം രണ്ടുമൂന്നു തവണ ശ്വാസം ഉള്ളിലേക്കെടുക്കുകയും പുറത്തേക്കു വിടുകയും ചെയ്തുകൊണ്ട് സ്വന്തം ശരീരത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനു ശേഷം മനസിനു സന്തോഷം ലഭിക്കുന്ന ഏതെങ്കിലും സ്ഥലം മനസില്‍ കാണാന്‍ ശ്രമിക്കണം. അതൊരു കടല്‍ ത്തീരമാകാം, പൂന്തോട്ടമാകാം, പുഴക്കരയാകാം, മനസിനു സന്തോഷം കിട്ടുന്ന ഏതു സ്ഥലം വേണമെങ്കിലും ആവാം. അതിനുശേഷം അവിടെ കാണുന്ന ഓരോ കാര്യങ്ങളും മനസില്‍ കാണുക. അവിടെ ആയിരിക്കുന്ന രീതിയില്‍ മനസിന് ഉന്മേഷം നല്‍കുന്ന കാഴ്ചകളെ ആസ്വദിക്കാനും ശ്രമിക്കുക. അതിലൂടെ മനസിനെ ശാന്തമാക്കണം. ഇത് സമ്മര്‍ദം കുറയ്ക്കാനുതകുന്ന ഒരു പരിശീലനമാണ്.

ചികിത്സയുടെ ഭാഗമായി വരുന്ന ചെറിയ മാറ്റങ്ങളെ പോലും ശ്രദ്ധിക്കുകയും തന്‍േറകൂടി പരിശ്രമഫലമാണ് തനിക്കു വന്ന മാറ്റമെന്ന് ഉറച്ചു വിശ്വസിക്കുകയും അതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യണം. ഇക്കാര്യത്തില്‍ നാം നമ്മെ തന്നെ പ്രോത്സാഹിപ്പിക്കുക.

തയാറാക്കിയത്: റിച്ചാര്‍ഡ് ജോസഫ്

സുജിത് ബാബു
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, അസിസ്റ്റന്റ് പ്രഫസര്‍,
മനഃശാസ്ത്ര വിഭാഗം, കേരള സര്‍വകലാശാല, തിരുവനന്തപുരം.