വാര്‍ഡ് വിസാര്‍ഡ് അതിവേഗ ഇ -സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു
വാര്‍ഡ് വിസാര്‍ഡ് അതിവേഗ ഇ -സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു
Friday, February 11, 2022 9:22 PM IST
കൊച്ചി: ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് മൂന്ന് പുതിയ ഇന്ത്യന്‍ നിര്‍മിത അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചു.

വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+, ഫ്‌ലീറ്റ് മാനേജ്‌മെന്‍റ് ഇലക്ട്രിക് സ്‌കൂട്ടറായ ഡെല്‍ ഗോ എന്നിവയാണ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

ഓഫ് റോഡുകള്‍ക്കു വേണ്ടി 160 എംഎം റോഡ് ക്ലിയറന്‍സോടെ രൂപകല്പന ചെയ്തിരിക്കുന്ന വൂള്‍ഫ്+, ജെന്‍ നെക്‌സ് നാനു+ മോഡലുകളില്‍ കീലെസ് സ്റ്റാര്‍ട്ട്, സ്റ്റോപ്, സ്മാര്‍ട്ട് കണക്റ്റിവിറ്റി, ദൂരെയിരുന്ന് ബാറ്ററി സ്റ്റാറ്റസ് പരിശോധിക്കാനും സ്‌കൂട്ടര്‍ ട്രാക്ക് ചെയ്യാനുമുള്ള റിമോട്ട് ആപ്ലിക്കേഷന്‍, ഇക്കോ, സ്‌പോര്‍ട്ട്‌സ്, ഹൈപര്‍ എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡ്, റിവേഴ്‌സ് മോഡ് തുടങ്ങിയ സവിശേഷതകളോടെയാണ് എത്തുന്നത്.


20എന്‍എം ടോര്‍ക് തരുന്ന 1500 ഡബ്ല്യു മോട്ടോറുള്ള ഈ സ്‌കൂട്ടറില്‍ പരമാവധി 55 വേഗത്തില്‍ സഞ്ചരിക്കാം. 60വി35എഎച്ച് ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ യാത്രചെയ്യാം. വൂള്‍ഫ്+ന് 1,10,185 രൂപയും ജെന്‍ നെക്‌സ് നാനു+ന് 1,06,991 രൂപയും ഡെല്‍ ഗോയ്ക്ക് 1,14,500 രൂപയുമാണ് എക്‌സ്‌ഷോറൂം വില. മൂന്നിനും മൂന്നു വര്‍ഷത്തെ വാറന്‍റി ലഭ്യമാകും. കമ്പനിയുടെ എല്ലാ ഡിലര്‍ഷിപ്പുകളിലും ബുക്കിംഗ് ആരംഭിച്ചു.

കമ്പനിയുടെ ആര്‍ ആന്‍ഡ് ഡി വിഭാഗം പ്രാദേശിക വത്കര‌ണവും മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭവും പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് ഈ വാഹനങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ഗുജറാത്തിലെ വഡോദരയിലുള്ള അത്യാധുനിക ഫാക്ടറിയിലാണ് ഈ സ്‌കൂട്ടറുകള്‍ നിര്‍മിക്കുന്നത്.