രണ്ടു വർഷത്തിനുള്ളിൽ വൈദ്യുത വാഹനങ്ങൾക്ക് പെട്രോൾ വാഹനങ്ങളുടെ വിലയാകും: ഗഡ്കരി
Wednesday, March 23, 2022 3:38 PM IST
മുംബൈ: പരമാവധി രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞ് പെട്രോൾ വാഹനങ്ങളുടേതിനു തുല്യമാകുമെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോക്സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
“വൈദ്യുത സ്കൂട്ടർ, വൈദ്യുത കാർ, വൈദ്യുത റിക്ഷ എന്നിവയുടെ വില ഗണ്യമായി കുറയും. ലിഥിയം അയണ്‍ ബാറ്ററികളുടെ വില കുറഞ്ഞു വരികയാണ്. രാജ്യത്ത് സിങ്ക് അയണ്‍ ബാറ്ററി, അലുമിനിയം അയണ്‍ ബാറ്ററി തുടങ്ങിയവയുടെ നിർമാണം ആരംഭിക്കും.
പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കാൻ 100 രൂപ മുടക്കേണ്ട സ്ഥാനത്ത് വൈദ്യുത വാഹനങ്ങളിൽ 10 രൂപ മുടക്കിയാൽമതി’’- ഗഡ്കരി പറഞ്ഞു.
ജനപ്രതിനിധികൾ ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.