ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ ബൈക്കുകള്‍ ഇന്ത്യയിലെത്തി
ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ ബൈക്കുകള്‍ ഇന്ത്യയിലെത്തി
ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്‍റെ ഇരുചക്ര വാഹന വിഭാഗമായ മോട്ടോറാഡിന്‍റെ 310 ബൈക്ക് സീരീസിലെ മൂന്നാമത്തെ മോഡല്‍ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു.

ജി 310 ആര്‍, ജി 310 ജിഎസ് എന്നിവയ്ക്ക് ശേഷം 310 സീരീസില്‍ നിന്നുള്ള ബവേറിയന്‍ ബ്രാന്‍ഡിന്‍റെ മൂന്നാമത്തെ മോഡലാണിത്. ബ്ലാക്ക് വേരിയന്‍റിന് 2.85 ലക്ഷം (എക്സ്ഷോറൂം) സ്റ്റൈല്‍ സ്പോര്‍ട് വേരിയന്‍റിന് 2.99 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. പ്രതിമാസം 3,999 രൂപ തവണകളായി അടച്ച് ഉപഭോക്താക്കള്‍ക്ക് ബൈക്ക് സ്വന്തമാക്കാനാകുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

ആഭ്യന്തര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു ബൈക്കുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്. ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310ന്‍റെ പരിഷ്ക്കരിച്ച ശൈലിയാണ് ബിഎംഡബ്ല്യു ജി 310 ആര്‍ആറിനുള്ളത്. ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ന് ബിഎംഡബ്ല്യുവിന്‍റേതായ നിര്‍ദ്ദിഷ്ട നിറങ്ങളും ഗ്രാഫിക്സും നല്‍കിയിട്ടുണ്ട്. കോസ്മെറ്റിക് അപ്ഡേറ്റുകളും നല്‍കിയിട്ടുണ്ട്,

ബിഎംഡബ്ല്യു ജി 310 ആര്‍ ആര്‍, ഫെയറിംഗിന്‍റെ സമാന രൂപകല്‍പനയ്ക്കൊപ്പം മുന്‍വശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം നിലനിര്‍ത്തുന്നു. പിന്‍ഭാഗത്ത്, ടെയില്‍ ലാമ്പുകളിലെ ബുള്‍ ഹോണ്‍ ശൈലിയിലുള്ള എല്‍ഇഡി ഘടകങ്ങളും അപ്പാച്ചെ 310ന് സമാനമാണ്. നവീകരിച്ച ഓപ്പറേറ്റിംഗ് സിസ്റ്റവും ബ്ലൂടൂത്ത് കണക്റ്റിവിറ്റി പോലുള്ള സാങ്കേതിക വിദ്യയും ഉള്‍ക്കൊള്ളുന്ന ലംബമായ 5ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്‍റ് കണ്‍സോളും ഇതിന് ലഭിക്കുന്നു.


പവര്‍ട്രെയിനിനെ സംബന്ധിച്ച് ബിഎംഡബ്ല്യു ജി 310 ആര്‍ആര്‍ന് 310 കുടുംബത്തില്‍ നിന്നുള്ള അതേ 313 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ലഭിക്കും. മോട്ടോര്‍ 9,700 ആര്‍പിഎമ്മില്‍ 34 ബിഎച്ച്പിയും 7,700 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, കൂടാതെ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

174 കിലോഗ്രാമാണ് ഈ വാഹനത്തിന്‍റെ ഭാരം. 17 ഇഞ്ച് വലിപ്പമുള്ള ടയറുകളാണ് ഇതിനുള്ളത്. ട്രാക്ക്, സ്പോര്‍ട് മോഡുകളില്‍ മണിക്കൂറില്‍ പരമാവധി 160 കിലോമീറ്ററും റെയിന്‍, അര്‍ബന്‍ മോഡുകളില്‍ പരമാവധി 125 കിലോമീറ്ററും വേഗത ഈ ബൈക്കിന് കൈവരിക്കാനാകും.