വിഷ്ണു വാണിയുടെ തണല്മരം
Thursday, May 31, 2018 2:51 PM IST
പരസ്പരം പ്രണയിച്ച്, വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിന് ഒരുങ്ങി നിൽക്കവേയാണ്, വിധി വാഹനാപകടത്തിന്റെ രൂപത്തിൽ വാണിയുടെയും വിഷ്ണുവിന്റെയും വസന്തദിനങ്ങളെ തല്ലിക്കൊഴിക്കാനെത്തിയത്. വൻ ദുരന്തം ഒഴിവായതിന്റെ സന്തോഷത്തിനിടയിലും വാണിക്ക് വൈകല്യങ്ങൾ ഉണ്ടായേക്കാം എന്ന ഡോക്ടറുടെ വാക്കുകൾ രണ്ടു കുടുംബങ്ങളെയും അലട്ടിക്കൊണ്ടേയിരുന്നു. അതിനേക്കാൾ ഏറെ വിഷമിപ്പിച്ചത് ഇനി ഈ വിവാഹം നടക്കുമോ എന്ന ചിലരുടെ ചോദ്യവും സഹതാപത്തോടെ നോക്കുന്ന കണ്ണുകളുമായിരുന്നു എന്ന് പറയുന്പോൾ വിഷ്ണുവിന്റെയും വാണിയുടെയും കണ്ണുകൾ പരസ്പരം ആശ്ലേഷിച്ചു. ഒടുവിൽ എല്ലാവരുടേയും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകിക്കൊണ്ട് ഏപ്രിൽ 27നു വിഷ്ണു വാണിയെ താലി ചാർത്തി. പ്രണയത്തിന്റെ പൂമരങ്ങൾ പിന്നെയും വസന്തത്തിന്റെ തണൽ വിരിച്ചു.
""ഏതു വെയിലിലും ഓടിക്കയറാവുന്ന തണൽ, അതാണ് എനിക്ക് ചേട്ടായി''- വിഷ്ണുവിന്റെ കൈയിൽ കൈ ചേർത്തു പിടിച്ച് വാണി പറഞ്ഞു. അപകടത്തിനു ശേഷമുണ്ടായ അസ്വസ്ഥതകളൊക്കെ ഇപ്പോഴും ഉണ്ടെങ്കിലും വിഷ്ണുവിനൊപ്പമായിരിക്കുന്പോൾ വാണിയെ ഒന്നും അലട്ടുന്നില്ല. അലട്ടാൻ വിഷ്ണു അനുവദിക്കാറില്ല എന്നതാണു സത്യം.
രണ്ടുവർഷം മുൻപുണ്ടായ ഒരു വാഹനാപകടമാണ് വാണിയേയും വിഷ്ണുവിനേയും അവരുടെ കുടുംബങ്ങളേയും തളർത്തിയത്. ""തളർന്നു പോകുമെന്നു തോന്നിയപ്പോഴെല്ലാം ചേട്ടായി എനിക്കൊപ്പം നിന്നു. ആ ദിവസങ്ങളിൽ അമ്മയുടേയും ചേട്ടായിയുടേയും കണ്ണുകളിൽ കണ്ട പ്രതീക്ഷയുടെ തിളക്കമാണ് ജീവിതത്തിലേക്ക് എനിക്ക് തിരികെ വരാനുള്ള ഉൗർജം പകർന്നു തന്നത്.''- ചുണ്ടിൽ വിരിഞ്ഞ ചിരിയെ കുറച്ചുകൂടി മനോഹരമാക്കി, വാണി കണ്കോണിൽ വന്ന് എത്തിനോത്തിയ സന്തോഷാശ്രുവിനെ തൊട്ടു.
""ഒരുപാടു പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഞങ്ങൾക്കു വാണിയെ ഇങ്ങനെ തിരികെ കിട്ടുന്നത്. വാണിയെക്കുറിച്ചല്ലാതെ മറിച്ചൊന്നും ഞാൻ ആ സമയത്ത് ചിന്തിച്ചിട്ടില്ല. വാണിക്കൊപ്പം നിൽക്കണം, അവൾക്കു ധൈര്യം പകരണം എന്നൊക്കെ പറഞ്ഞ് ഒപ്പം നിന്ന ഒരുപാടു സുഹൃത്തുക്കളുണ്ട്. അതേസമയം ചിലരുടെ വാക്കുകൾ വിഷമിപ്പിക്കുകയും ചെയ്തു. ഞാൻ ഇത്രയേ കരുതിയുള്ളൂ, ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചവരാണ് ഞങ്ങൾ. വിവാഹശേഷം ഇവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? ഇതുപോലെ തന്നെ ഞാൻ ഒപ്പം നിന്നേനെ. അതെന്റെ കടമയാണ്.'' വാണിയെ ചേർത്തു നിർത്തി വിഷ്ണു ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
സൗഹൃദം പ്രണയത്തിനു വഴിമാറി
വാണി: അമ്മമാർ തമ്മിലുള്ള സൗഹൃദമാണ് ഞങ്ങൾ പരിചയപ്പെടാൻ കാരണമായത്. എന്റെ അമ്മയും ചേട്ടായിയുടെ അമ്മയും എൻഎസ്എസ് കോളജിൽ ഒരേ ഡിപ്പാർട്ട്മെന്റിൽ അധ്യാപകരായിരുന്നു. നേരിൽ വലിയ അടുപ്പം ഇല്ലായിരുന്നെങ്കിലും ഞങ്ങൾ ഫേസ്ബുക്കിൽ സുഹൃത്തുക്കളായിരുന്നു.
വിഷ്ണു: എന്റെ ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഒരു കാലഘട്ടത്തിലാണ് ഞാൻ വാണിയെ പരിചയപ്പെടുന്നത്. മറ്റാരേക്കാളും പ്രശ്നങ്ങൾ എനിക്കുണ്ടോ എന്നുപോലും അപ്പോഴൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷേ എന്റെ പ്രശ്നങ്ങളെല്ലാം വളരെ നിസാരമാണെന്നും കാർമേഘങ്ങളൊഴിഞ്ഞ് മാനം ഒരിക്കൽ തെളിയുമെന്നുമൊക്കെ വാണി എനിക്കു മനസിലാക്കി തന്നു. അവളുടെ വാക്കുകളിൽ അത്രയേറെ മാജിക് ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി. അങ്ങനെയാണ് ഞങ്ങൾക്കിടയിലെ സൗഹൃദം മെല്ലെ പ്രണയത്തിലേക്ക് വഴിമാറിയത്.
വീട്ടുകാർക്ക് നൂറുവട്ടം സമ്മതം
വാണി: ഞങ്ങൾ തമ്മിലുള്ള ഇഷ്ടം ചേട്ടായിയാണ് ആദ്യം അനിയൻ വരുണ് വഴി വീട്ടിൽ അവതരിപ്പിക്കുന്നത്. ആ സമയത്ത് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു, കാരണം ചേട്ടായീടെ അമ്മ എന്നെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ മകനെ ഇഷ്ടപ്പെടുന്നതു തെറ്റാണോ അല്ലയോ എന്നൊക്കെയുള്ള പേടി എന്റെയുള്ളിൽ ഉണ്ടായിരുന്നു.
വിഷ്ണു: അനിയൻ വഴി കാര്യങ്ങൾ ഓപ്പറേറ്റ് ചെയ്യുന്പോഴും എനിക്ക് വലിയ ഉറപ്പൊന്നും ഇല്ലായിരുന്നു. അതിനേക്കാൾ എന്റെ പേടി ഞങ്ങളുടെ ഇഷ്ടം അമ്മമാർ തമ്മിലുള്ള സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തുമോ എന്നായിരുന്നു. പിന്നെ ബെറ്റി ആന്റിയെ ഞാൻ ചതിച്ചു എന്നൊരു തോന്നൽ ഉണ്ടാകുമോ എന്നും തോന്നി. പക്ഷേ പേടിച്ചതുപോലെ വലിയ പൊട്ടിത്തെറി ഒന്നും ഉണ്ടായില്ലെന്നും മാത്രമല്ല രണ്ടു കുടുംബങ്ങൾക്കും നൂറുവട്ടം സമ്മതവുമായിരുന്നു. രണ്ടു വീട്ടുകാരും ഒരേയൊരു കണ്ടീഷൻ മാത്രമാണു മുന്നോട്ടു വച്ചത്, -"രണ്ടുപേരും ഇപ്പോൾ പഠനത്തിൽ ശ്രദ്ധിക്കുക, രണ്ടു വർഷം കഴിഞ്ഞും ഈ ഇഷ്ടം ഇതുപോലെ മനസിൽ നിൽക്കുന്നുണ്ടെങ്കിൽ നമുക്കു നടത്താം.
’
ഞങ്ങൾക്കു ഞങ്ങൾ മതി
രണ്ടു വർഷത്തെ സമയം വീട്ടുകാർ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയതാണെങ്കിലും കൃത്യം രണ്ടു വർഷം കഴിഞ്ഞപ്പോൾ വീട്ടുകാർക്കു മുന്നിലേക്കു അവർ വീണ്ടും ചെന്നു. ഞങ്ങൾക്കു ഞങ്ങൾ മതി എന്നുറപ്പിച്ചാണ് രണ്ടുപേരും ഇക്കുറി പോയത്.
വിഷ്ണു: തീരുമാനത്തിൽ മാറ്റമൊന്നുമില്ലെന്നു പറഞ്ഞപ്പോൾ വീട്ടുകാരും സമ്മതം മൂളി. അങ്ങനെ 2016 ഒക്ടോബർ 20ന് ഞങ്ങളുടെ വിവാഹ നിശ്ചയം നടത്തി. 2017 ഡിസംബറിലേക്ക് വിവാഹവും നടത്താൻ തീരുമാനിച്ചു. ഒരു മംഗളകർമം നടന്നതിന്റെ സന്തോഷത്തിൽ ഇരിക്കെയാണ് നവംബർ രണ്ടിന് എല്ലാ സന്തോഷങ്ങളും തട്ടിത്തെറിപ്പിച്ചുകൊണ്ട് ആ കാർ പാഞ്ഞു വന്നത്. വാക്കുകൾക്കിടയിൽ വിഷ്ണുവിന്റെ ശബ്ദമിടറിയപ്പോൾ വാണി സംസാരിച്ചു തുടങ്ങി
‘ഞങ്ങളുടെ സ്വന്തം സ്ഥലം കട്ടപ്പനയാണ്. അമ്മ നാട്ടിലേക്കു പോകുന്പോൾ ഞാനാണ് പതിവായി ബസ് സ്റ്റാൻഡിൽ കൊണ്ടു വിടുന്നത്. അന്നും അങ്ങനെ തന്നെയായിരുന്നു. അമ്മയെ ബസ് സ്റ്റാൻഡിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്കു വരുകയായിരുന്നു. അപ്പോഴാണ് കൈമനത്തു വച്ച് തമിഴ്നാടു ഭാഗത്തു നിന്നു വന്ന കാർ സ്കൂട്ടറിൽ ഇടിച്ചത്. കാർ ഇടിച്ചതും റോഡിലേക്കു തെറിച്ചു വീഴുന്നതും എനിക്ക് പുക വീണതുപോലെ ഓർമയുണ്ട്. പക്ഷേ പെട്ടെന്നു തന്നെ കണ്ണിലേക്ക് ഇരുട്ടു കയറി. പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. ആരൊക്കെയോ ചേർന്ന് എന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.’’
മകളുടെ വിളി കാത്തിരുന്ന അമ്മയെ വിളിച്ചത് ഡോക്ടർ
അമ്മയെ ബസിൽ കയറ്റി വിട്ട് വീടെത്തിയാൽ ഉടൻ തന്നെ അമ്മയെ വിളിക്കുകയാണ് വാണിയുടെ പതിവ്. അന്ന് ആ പതിവു തെറ്റി. വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും മകൾ വിളിക്കാതെ ആയതോടെ ആ അമ്മയുടെ ഉള്ള് പിടച്ചു. "ഇടയ്ക്ക് എപ്പോഴോ ബോധം തെളിഞ്ഞപ്പോൾ ആവണം ഞാൻ ഡോക്ടർക്ക് അമ്മയുടെ മൊബൈൽ നന്പർ പറഞ്ഞു കൊടുത്തത്.’ വാണി തുടർന്നു. "അപ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് അമ്മയെ വിളിച്ച് വിവരം പറഞ്ഞു. അന്ന് എന്തോ കാരണത്താൽ ബസ് പുറപ്പെടാൻ വൈകിയിരുന്നു. അമ്മ അപ്പോൾ തന്നെ ഇറങ്ങി ആശുപത്രിയിലേക്ക് വന്നു. പാവം ആ സമയത്തൊക്കെ ഒരുപാട് ടെൻഷൻ അടിച്ചു കാണും. പിന്നെ ആശുപത്രിയിലെ എല്ലാ ആവശ്യങ്ങൾക്കും ചേട്ടായിയും അമ്മയും ഉണ്ടായിരുന്നത് അമ്മയ്ക്കു വലിയ ആശ്വാസം ആയിരുന്നു.’ വിഷ്ണുവിന്റെ മുഖത്തേക്കു നോക്കി വാണി പറഞ്ഞു.

വേദനയുടേയും വിഷമങ്ങളുടേയും ദിവസങ്ങൾ
അരയ്ക്കു കീഴ്പ്പോട്ട് പതിനൊന്ന് ഒടിവുകളാണ് വാണിക്കുണ്ടായത്. ഇതിനു പുറമേ ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണങ്ങാത്ത മുറിവുകളും. ഹെൽമറ്റ് ഉണ്ടായിരുന്നതുകൊണ്ട് തലയ്ക്ക് ഒന്നും പറ്റിയില്ല. ഏഴ് മേജർ ശസ്ത്രക്രിയകളാണ് നടന്നത്. എട്ടു മണിക്കൂർ നീണ്ടുനിന്നതായിരുന്നു ആദ്യ ദിവസത്തെ ശസ്ത്രക്രിയ. പിന്നെ ഒരു മാസത്തോളം ആശുപത്രിയിൽ തന്നെയായിരുന്നു. ബെഡിൽ ഒരേ കിടപ്പ്. ഇൻഫെക്ഷനുള്ള സാധ്യത കൂടുതൽ ആയതിനാൽ സന്ദർശനാനുമതി നൽകിയിരുന്നത് വളരെക്കുറച്ചു പേർക്കായിരുന്നു.- വാണി പറഞ്ഞു.
വിഷ്ണു: ഒരു കുഞ്ഞിനെ നോക്കുന്നതിനേക്കാൾ ശ്രദ്ധയോടെയാണ് ആ സമയത്ത് ബെറ്റി ആന്റി വാണിയെ നോക്കിയതും പരിപാലിച്ചതും. ശരീരം ഒട്ടും അനക്കാൻ പാടില്ലെന്നായിരുന്നു ഡോക്ടർമാർ നിർദേശിച്ചത്. വീട്ടിലേക്കു കൊണ്ടു വന്നതും ചെക്കപ്പിന് കൊണ്ടുപോകുന്നതുമെല്ലാം ഐസിയു ആംബുലൻസിലായിരുന്നു. ഇത്രയും ചെറിയ വാണിയെ എടുക്കാൻ ആറുപേരൊക്കെ വേണമായിരുന്നു. ബെഡ്ഷീറ്റോടെയാണ് എടുത്തു പൊക്കുന്നത്. നാലു മാസം ഒരേ കിടപ്പായിരുന്നു.
പിച്ചവച്ചത് ചേട്ടായിക്കൊപ്പം
ആക്സിഡന്റിനും ആശുപത്രി വാസത്തിനും ശേഷമുള്ള രണ്ടാം ജന്മത്തിൽ വാണി പിച്ചവച്ചത് വിഷ്ണുവിന്റെ കൈപിടിച്ചാണ്. നാലു മാസത്തിനു ശേഷമാണ് ഡോക്ടറുടെ നിർദേശ പ്രകാരം നടക്കാൻ തുടങ്ങിയത്. പക്ഷേ അപ്പോഴേക്കും വിധി അടുത്ത പരീക്ഷണവുമായി ഇവർക്കിടയിലേക്കു കടന്നു വന്നു. "എല്ലാം ശരിയായി എന്നു പറഞ്ഞിരുന്നപ്പോഴാണ് ഇടതു കാലിൽ ഇട്ടിരുന്ന ഫീമർ നെയ്ൽ ഒടിഞ്ഞത്. വീണ്ടും ഒരു ശസ്ത്രക്രിയ കൂടി വേണ്ടി വന്നു. മറ്റു ശസ്ത്രക്രിയകൾ പോലെ വലുത് അല്ലെങ്കിലും അന്നെനിക്ക് മരിച്ചുപോകും എന്നപോലെ പേടി തോന്നി.’
"ആ പേടിയൊക്കെ വാണിക്കു മാത്രമായിരുന്നു. അതിലും വലിയ സർജറി ഓവർക്കം ചെയ്താണ് വാണി മടങ്ങി വന്നത്. പിന്നെ ഞാൻ മാത്രമല്ല ബെറ്റി ആന്റിയും വളരെ ബോൾഡ് ആയി നിന്നാണ് ആ അവസ്ഥയെ കൈകാര്യം ചെയ്തത്.’
അമ്മ പ്രാർഥനയോടെ കാവൽ നിന്നു
വാണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് മാതാപിതാക്കൾ. സാമൂഹിക പ്രവർത്തകനും ഇടുക്കിയിൽ കൗണ്സലറുമായ അച്ഛൻ ഗിരീഷിന് എപ്പോഴും കൂടെയുണ്ടാകാൻ സാധിച്ചില്ലെങ്കിലും ആ വിടവ് അമ്മ ബെറ്റിമോൾ മാത്യു ഒറ്റയ്ക്കു നിന്നു പരിഹരിച്ചു. ആ ദിവസങ്ങളിലൊക്കെ അമ്മ ഉറങ്ങാതെ എനിക്ക് കാവലിരുന്നിട്ടുണ്ട്. ഉള്ളിലുള്ള സങ്കടക്കടൽ ഒളിപ്പിച്ച് അമ്മ എന്റെ മുന്നിൽ നിറഞ്ഞ ചിരിയുമായി വന്നു നിൽക്കും. ഓരോരോ വിശേഷങ്ങൾ പറയും. പാവം ആ ദിവസങ്ങളിൽ ഒരുപാടു പാടുപെട്ടു.
അമ്മയുടെ കത്ത്
എന്റെ മകൾക്കായി ഒരുപാടു നന്മയുള്ള ഒരമ്മയുടെ വയറ്റിൽ പിറന്ന എന്റെ മകൻ- ഇങ്ങനെയാണ് വിഷ്ണുവിനെക്കുറിച്ച് വാണിയുടെ അമ്മ ഫേസ്ബുക്കിൽ കുറിച്ചത്. വിഷ്ണുവിന്റെയും വാണിയുടേയും വിവാഹശേഷം ബെറ്റിമോൾ ഫേസ്ബുക്കിൽ വിഷ്ണുവിനെഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. അതേക്കുറിച്ച് സംസാരിക്കുന്പോൾ വാണിയുടെ കണ്ണ് നിറയും. വിഷ്ണുവിന് വാക്കുകൾ ഇല്ലാതെയാകും. ഒരു ദിവസം രാത്രിയാണ് അമ്മ ആ പോസ്റ്റിടുന്നത്. വാണിയാണ് പോസ്റ്റ് കണ്ടത്. അപ്പോൾ തന്നെ അവൾ എന്നെ വിളിച്ചുണർത്തി പോസ്റ്റ് കാണിച്ചു. പെട്ടെന്ന് ആ പോസ്റ്റ് കണ്ടപ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നി, കരച്ചിൽ വന്നു. വിഷ്ണു സംസാരിക്കുന്നതിനിടയിൽ വാണി പറഞ്ഞു. അതുകണ്ടപ്പോൾ ഒരു ലൈക്കും കൊടുത്ത് എഫ്ബി ലോഗ്ഒൗട്ട് ചെയ്തുവെങ്കിലും അന്നു ഞാൻ ഏറെ നേരം ഉറങ്ങാതെ കിടന്നു. അടുത്ത ദിവസം ഫേസ്ബുക്ക് നോക്കിയപ്പോഴാണ് വളരെ സ്വകാര്യമായി അമ്മ ഇട്ട പോസ്റ്റ് വൈറലായി എന്നറിഞ്ഞത്.-വിഷ്ണു പറഞ്ഞു.
ഞങ്ങൾക്ക് രണ്ട് അമ്മമാർ
ഞങ്ങൾക്ക് രണ്ട് അമ്മമാരുണ്ടെന്ന് വിഷ്ണുവും വാണിയും വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയും. വിഷ്ണുവിന്റെ അമ്മ രമാബായിയുടെ ക്ലാസിൽ ഇരുന്നു പഠിച്ച വാണിക്ക് ഇന്ന് ആ അമ്മ ടീച്ചറല്ല, അമ്മായിഅമ്മയും അല്ല; അമ്മയാണ്. തിരുവനന്തപുരം സെന്റ് മദർ തെരേസ കോളജിലെ അധ്യാപകരാണ് രമാബായിയും വാണിയും ഇപ്പോൾ. രണ്ടുപേരം ഒന്നിച്ച് കോളജിലേക്കു പോകുന്നതും തിരികെ വരുന്നതുമൊക്കെ കാണാൻ നല്ല രസമാണെന്ന് വിഷ്ണു പറയുന്നു. ആദ്യമൊക്കെ എനിക്കു പേടിയാരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾ ഒരു ടീമാണ്, ഒരൽപ്പം കുറുന്പു ചേർത്ത് വിഷ്ണുവിനെ നോക്കി വാണി പറഞ്ഞു. കേരള സർവകലാശാലയിൽ ചരിത്രത്തിൽ പിഎച്ച്ഡി ചെയ്യുകയാണ് വിഷ്ണു ഇപ്പോൾ.
അഞ്ജലി അനിൽകുമാർ