അധിക വരുമാനത്തിന് അഫിലിയേറ്റ് മാർക്കറ്റിംഗ്
ആമസോണിൽ നിന്നും വാങ്ങിയ ജീൻസ്, പേഴ്സണൽ ഗാഡ്ജറ്റ്സ്, ഗൃഹോപകരണങ്ങൾ, പലചരക്ക്, അങ്ങനെ മേനി പറഞ്ഞു നടക്കുകയാണ് നമ്മൾ മലയാളികൾ പലരും. പക്ഷെ, ആമസോണിൽ നിന്നും മറ്റുളളവരെ വാങ്ങാൻ സഹായിച്ചൽ അതൊരു അധിക വരുമാനം കൂടി ആക്കുകയാണ് മറ്റൊരു കൂട്ടർ. ഈ ഒരു വിഭാഗം ആളുകൾ ഉപജീവനം നടത്തുന്നത് പോലും ഇത്തരം ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നുള്ള ഉത്പന്നം മറ്റുള്ളവരെ കൊണ്ട് വാങ്ങിപ്പിച്ച് അതിന്‍റെ കമ്മീഷൻ നേടിയാണ്. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയിൽ മാർക്കറ്റിംഗ് നടത്തി കൂടുതൽ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് അതിന്‍റെ കമ്മീഷൻ നേടുന്ന രീതിയുടെ ചുരുക്കപേരാണ് ’അഫിലിയേറ്റ് മാർക്കറ്റിംഗ്.

നിങ്ങൾക്ക് ഒരു ഉത്പന്നം ഉണ്ടെങ്കിൽ, പ്രമോട്ടർമാരുമായി സഹകരിച്ച് അവർക്ക് ഇൻസന്‍റീവ് കൊടുത്തുകൊണ്ട് കൂടുതൽ വിറ്റുവരവ് ഉണ്ടാക്കുവാൻ ഇതുവഴി സാധിക്കും. റവന്യൂ ഷെയറിംഗ് എന്ന ബിസിനസ് മോഡൽ ആണ് ഇവിടെ പ്രാവർത്തികമാക്കുന്നത്.

അഫിലിയേറ്റ് മാർക്കറ്റിംഗ് എങ്ങനെ

അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നത് ഒരു വ്യക്തി നടത്തുന്ന മാർക്കറ്റിംഗ് രീതിയായി മാത്രം കാണേണ്ടതില്ല, ഈ രംഗത്ത് വലിയ കന്പനികളും സജീവമാണ്. 100 ഡോളർ മുതൽ ഒരു ലക്ഷം ഡോളർ വരെ സന്പാദിക്കുന്ന കന്പനികളും ഉണ്ട്. ഈ ലേഖനത്തിൽ ഒരു സാധാരണക്കാരന് എങ്ങനെ അഫിലിയേറ്റ് മാർക്കറ്റിംഗ് ഒരു അധിക വരുമാന മാർഗമായി അല്ലെങ്കിൽ ഉപജീവന മാർഗമായി സ്വീകരിക്കാം എന്നതിലേക്ക് ചുരുങ്ങിയാണ് വിശദീകരിച്ചിരിക്കുന്നത്.
ഇ-കൊമേഴ്സിന്‍റെ വരവോടെ ഓണ്‍ലൈൻ ഷോപ്പിംഗ് ഇന്ന് വളരെ സജീവമാണ്. വീട്ടിലിരുന്ന് സമയം കളയുന്നതിനായി പോലും ആളുകൾ ഇ-കൊമേഴ്സ് സൈറ്റുകൾ സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്. പലരും ഓഫറുകൾക്കായി നിരന്തരം തിരയുന്നു. നല്ല ഒരു പ്രോഡക്ട് നല്ല ഓഫറിൽ വരുന്നത് കണ്ടെത്തി പൊട്ടൻഷ്യൽ കസ്റ്റമേഴ്സിലേക്ക് എത്തിക്കുകയാണ് ഒരു അഫിലിയേറ്റ് മാർക്കറ്റർ ചെയ്യുന്നത്. ഇതിനായി ഇയാൾ സോഷ്യൽ മീഡിയയുടെ പല സേവനങ്ങളും ഉപയോഗിക്കുന്നു. സ്വന്തമായി പരസ്യം നൽകി ആളുകളെകൊണ്ടു വാങ്ങിപ്പിക്കുന്നവർ പോലും ഉണ്ട്. ഇത്തരം ഓഫറുകൾ മാത്രം നൽകുന്ന ബ്രോഡ്കാസ്റ്റിംഗ് ചാനലുകളോ, വെബ്സൈറ്റോ, വാട്സ്ആപ് ഗ്രൂപ്പോ ഒക്കെ ഇവരുടെ കൈവശം സജ്ജമായിരിക്കും.

അഫിലിയേറ്റ് മാർക്കറ്റിംഗിന് കളമൊരുക്കുന്ന ഇന്ത്യയിലെ ചില പ്രമുഖർ


ആമസോണ് അഫിലിയേറ്റ് : ആമസോണിൽ ലിസ്റ്റ് ചെയ്യുന്ന ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് ആമസോണ്‍ അഫീലിയേറ്റുകളെ മാനേജ് ചെയ്യുന്നത് ആമസോണ്‍ ഇന്ത്യ അഫിലിയേറ്റ് പ്രോഗ്രാം എന്ന പ്ലാറ്റ്ഫോം വഴിയാണ്. ഈ വെബ്സൈറ്റ് സന്ദർശിച്ച് ലോഗിൻ ചെയ്താൽ ഒരു അഫിലിയേറ്റ് ഐ.ഡി ലഭിക്കും, തെരഞ്ഞെടുക്കുന്ന ഉത്പന്നങ്ങൾക്ക് ആ അഫീലിയേറ്റ് ഐഡിയിൽ ലിങ്ക് ജനറേറ്റ് ചെയ്യുവാനും സാധിക്കും. ആ ലിങ്ക് ഷെയർ ചെയ്ത് ആളുകളെ കൊണ്ട് ആ ഉത്പന്നം വാങ്ങിപ്പിക്കുവാൻ കഴിഞ്ഞാൽ അതിന് ആമസോണ്‍ നിഷ്കർഷിച്ചിട്ടുള്ള കമ്മീഷനും ലഭിക്കും. കൂടുതൽ ആളുകൾ വാങ്ങിയാൽ കൂടുതൽ കമ്മീഷൻ ലഭിക്കും. ആമസോണ്‍ കമ്മീഷൻ നൽകാത്ത ഉത്പന്നങ്ങളും ഉണ്ട്.

ഫ്ളിപ് കാർട്ട് അഫിലിയേറ്റ്: ആമസോണ്‍ അഫിലിയേറ്റ് പ്രോഗ്രാം പിന്തുടരുന്ന രീതിയാണ് ഫ്ളിപ്കാർട്ട് അഫീലിയേറ്റിനും ഉള്ളത്. പക്ഷേ, കമ്മീഷൻ വ്യവസ്ഥയിൽ വ്യത്യാസങ്ങൾ ഉണ്ടെന്നൂ മാത്രം.

അഫോയ് മീഡിയ: അടുത്ത കാലത്ത് ആരംഭിച്ച ഒരു അഫിലിയേറ്റ് നെറ്റ് വർക്ക് ആണ് അഫോയ്. ജബോംഗ്്, യാത്ര തുടങ്ങിയ നിരവധി സൈറ്റുകളിൽ അഫോയ് വഴി അഫീലിയേറ് ചെയ്യാൻ സാധിക്കും. മറ്റ് സേവന ദാതാക്കളെ കണക്കിലെടുക്കുന്പോൾ അഫോയ് മികച്ച കമ്മീഷനും നൽകി വരുന്നു.

ഡിജിഎം ഇന്ത്യ: ഇന്ത്യയിലെ ആദ്യ ആഫീലിയേറ്റ് നെറ്റ് വർക്ക് ആണ് എസ് വിജി ഗ്രൂപ്പിന്‍റെ കീഴിൽ ഉള്ള ഡിജിഎം. ഒട്ടനവധി ഉത്പന്നങ്ങളും സേവനങ്ങളും അഫിലിയേറ്റ് ചെയ്യുവാനുള്ള അവസരം ഇവർ ലഭ്യമാക്കുന്നുണ്ട്.

വികമ്മീഷൻ, ക്ലിക്ക്ബാങ്ക്, കമ്മീഷൻ ജംഗ്ഷൻ തുടങ്ങിയ നിരവധി കന്പനികൾ അന്താരാഷ്ട്ര ഓഫാറുകൾ നൽകുന്നുണ്ട്.

അഫലിയേറ്റിന്‍റെ പല വിധ ബിസിനസ്സ് മോഡലുകളും ഇന്ന് നല്ലരീതിയിൽ ബിസിനസ്സ് ചെയ്ത് പോകുന്നുണ്ട്. അഫിലിയേറ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളും സജീവമാണ്. മികച്ച രീതിയിൽ അഫിലിയേറ്റ് മാർക്കറ്റിംഗ് നടത്തുന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ഓഫർകട. ഒട്ടനവധി ഉത്പന്നങ്ങൾ അവിടെ ഫീച്ചർ ചെയ്യപ്പെടുന്നുണ്ട്. https://www.facebook.com/offerkada/. അഫിലിയേറ്റ് മാർക്കറ്റിംഗ് എങ്ങനെ തുടങ്ങണമെന്ന് വരും ലേഖനങ്ങളിൽ നൽകുന്നതാണ്.

സുജിത് കർത്ത ഡയറക്ടർ
സ്കൂൾ ഓഫ് ഇന്‍റർനെറ്റ് , പാലാരിവട്ടം, കൊച്ചി