ഡീടോക്സിഫിക്കേഷന് ബീറ്റ്റൂട്ട്
Wednesday, October 3, 2018 2:21 PM IST
എല്ലുകളുടെയും പല്ലുകളുടെയും കരുത്തിന് ബീറ്റ്റൂട്ട് സഹായകം.ആരോഗ്യവും കരുത്തുമുള്ള എല്ലുകൾക്ക് അവശ്യമായ പോഷകമാണു കാൽസ്യം. എല്ലുകളുടെ ആരോഗ്യത്തിനു സഹായകമായ ഫോളേറ്റ്, വിറ്റാമിൻ സി, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ എന്നീ പോഷകങ്ങളും ബീറ്റ്റൂട്ടിൽ ധാരാളം. ബീറ്റ്റൂട്ട് പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗത്തിനുള്ള സാധ്യത കുറയ്ക്കാം.
ബീറ്റ്റൂട്ട് ജ്യൂസ് ഡീ ടോക്സിഫിക്കേഷൻ പ്രവർത്തനങ്ങൾക്കു കരളിനെ സഹായിക്കും. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന വിവിധതരം വിഷമാലിന്യങ്ങളെ ശരീരത്തിൽ നിന്നു പുറന്തളളുന്ന പ്രവർത്തനമാണ് ഡീ ടോക്സിഫിക്കേഷൻ. കരൾ, കുടൽ, ചർമം, വൃക്കകൾ എന്നിവ ഈ ജോലി നിർവഹിക്കുന്നു.
മദ്യാസക്തി, പ്രോട്ടീന്റെ കുറവ് എന്നിവമൂലം കരളിൽ ഫാറ്റ് അടിഞ്ഞുകൂടുന്ന ഫാറ്റിലിവറിൽ നിന്നു കരളിനെ സംരക്ഷിക്കുന്നതിനും ബീറ്റ്റൂട്ട് ജ്യൂസ് സഹായകം.
തലച്ചോറിലേക്കുളള രക്തസഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ബീറ്റ്റൂട്ട്് സഹായകം. പ്രായമായവരെ ഡിമെൻഷ്യ(ഓർമക്കുറവ്) എന്ന ആരോഗ്യപ്രശ്നത്തിൽ നിന്നു സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ ഫോളിക് ആസിഡ് ധാരാളം. ഗർഭസ്ഥശിശുവിന്റെ ആരോ ഗ്യത്തിനു ഫോളിക്കാസിഡ് അവശ്യം.
ചർമത്തിന്റെ ആരോഗ്യത്തിനു ബീറ്റ്റൂട്ടിന്റെ ആന്റി ഇൻഫ്ളമേറ്ററിസ്വഭാവം സഹായകം. ചർമത്തിലെ പൊളളൽ, കുരുക്കൾ എന്നിവ ഭേദപ്പെടുത്തുന്നു.
രക്തശുദ്ധിക്കും സഹായകം.
ചർമത്തിലെ മൃതകോശങ്ങളെ നീക്കി പുതിയവ രൂപപ്പെടുത്തുന്നു. ബീറ്റ്റൂട്ടിലെ ആന്റി ഓക്സിഡൻറുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി ചർമത്തിനു തിളക്കം നല്കുന്നു, യുവത്വം നിലനിർത്തുന്നു.