മഞ്ഞപ്പിത്തം കാരണമറിഞ്ഞു ചികിത്സിക്കാം
Friday, September 24, 2021 12:56 PM IST
കുടിവെള്ളംം മലിനമാകുന്നതു മൂലമുണ്ടാകുന്ന രോഗങ്ങളിൽ പ്രധാനിയാണു മഞ്ഞപ്പിത്തം. പല രോഗാവസ്ഥകൾ കൊണ്ടും മഞ്ഞപ്പിത്തം ബാധിക്കാം. എലിപ്പനി പോലുള്ളവയിൽ ബാക്റ്റീരിയയാണു രോഗാണു.
എന്നാൽ ഇപ്പോൾ ജലത്തിലൂടെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ളതാണ്. വൈറസ് മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ് ബി,സി, എന്നിവ ശരീര സ്രവങ്ങളിലൂടെയാണു പകരുന്നത് എന്നോർക്കുക.
കൂടാതെ പിത്താശയ കല്ലുകൾ, കരൾ രോഗങ്ങൾ, കാൻസറുകൾ, രക്തകോശ തകരാറുകൾ, പരാദങ്ങൾ എന്നിവകൊണ്ടും മഞ്ഞപ്പിത്തം വരാം എന്നതിനാൽ കാരണമറിഞ്ഞുള്ള ചികിൽസയ്ക്ക് പ്രാധാന്യമുണ്ട്.
പൊതുജനങ്ങൾ രോഗമറിയാൻ ഡോക്ടറിന്റെ കുറിപ്പൊന്നുമില്ലാതെ സ്വയം രോഗനിർണയം നടത്തുന്ന അവസ്ഥയിലാണു സാക്ഷരകേരളത്തിലെ ആരോഗ്യ ബോധം, അതു സഹിക്കാം! എന്നാൽ, ചികിത്സയും കൂടി ഇന്റർനെറ്റ് നോക്കി നടത്തുന്പോഴാണു പ്രശ്നമാകുന്നത്.
എന്താണു മഞ്ഞപ്പിത്തം?
കരൾ ഉത്പാദിപ്പിക്കുന്ന പിത്തരസത്തിന്റെ അളവ് വിവിധ കാരണങ്ങളാൽ കൂടുകയോ അവയുടെ സഞ്ചാരപാതയിൽ തടസമുണ്ടാവുകയോ ചെയ്യുന്പോൾ പിത്തരസത്തിലെ ബിലിറൂബിൻ എന്ന മഞ്ഞ വർണ്ണവസ്തു രക്തത്തിൽ കൂടുന്നു.
കണ്ണിന്റെ വെള്ളഭാഗത്തിനും മൂത്രത്തിനുമൊക്കെ മഞ്ഞനിറം കാണുന്നു. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കൂടാതെ പനി, ഓക്കാനം, ചൊറിച്ചിൽ എന്നിവയും വരാം.
പിത്തരസവാഹിനിക്കു തടസം വന്നിട്ടുണ്ടാകുന്ന മഞ്ഞപ്പിത്തമുണ്ടാകുന്പോൾ രോഗിയുടെ മലത്തിനു മഞ്ഞനിറം കുറഞ്ഞു വിളറിയ വെള്ളനിറമാവും.
എങ്ങനെ തിരിച്ചറിയാം?
പുറമേ കാണുന്ന ലക്ഷണങ്ങളോടൊപ്പം രക്ത പരിശോധനയും കൂടി ചെയ്തുറപ്പാക്കണം. രക്തത്തിലെ ബിലിറൂബിന്റെ അളവ് സാധാരണ ഗതിയിൽ 1 മില്ലിഗ്രാം ആയിരിക്കും. അത് 1.2 ൽ കൂടിയാൽ മഞ്ഞപ്പിത്തമായി.
അത് 2 ൽ കൂടിയാൽ മാത്രമേ കണ്ണിനു മഞ്ഞനിറം വരികയുള്ളു. അതിനാൽ പകർച്ചവ്യാധി യുള്ള മേഖലകളിൽ കണ്ണിൽ മഞ്ഞനിറം വരാൻ വേണ്ടി കാത്തിരിക്കേണ്ട. മൂത്രത്തിൽ മഞ്ഞനിറം തോന്നിയാൽ ബൈൽ സാൾട്ട്, ബൈൽ പിഗ് മെന്റ് എന്നിവയും കാണാം.
എന്തൊക്കെ ശ്രദ്ധിക്കണം
മഞ്ഞപ്പിത്തം കരൾ രോഗമായതിനാൽ കരളിനു വിശ്രമം കൊടുക്കണം. മദ്യപാനം, ഉറക്കമൊഴിയുക, കൂണ് പോലുള്ള ചില ഭക്ഷണങ്ങൾ, എണ്ണയുടെ അമിതോപയോഗം, കൊഴുപ്പുകൾ, ചില ഇംഗ്ലീഷ് മരുന്നുകൾ എന്നിവ പ്രശ്നങ്ങൾ വഷളാക്കാം.
ഹെപ്പറ്റൈറ്റിസ് എ വലിയ ചികിൽസയൊന്നുമില്ലാതെ ശമിക്കാമെങ്കിലും വീണ്ടും വരാനുള്ള സാധ്യതയുണ്ട്. അതിനാൽ രോഗകാരണമായ സാഹചര്യങ്ങളെയും മലിനജല ഉറവിടത്തെയും കണ്ടെത്താൻ ശ്രമിക്കേണ്ടതുണ്ട്. രോഗിയുടെ വിസർജ്യം കുടിവെള്ളവുമായി സന്പർക്കം വരുന്നതാണു പലയിടങ്ങളിലും പ്രശ്നമായി കാണാറുള്ളത്.
ജന്മനാ ബിലിറുബിൻ കൂടിയാൽ
ക്രിഗ്ളർ നജ്ജാർ സിൻഡ്രം, ഗില്ബർട്സ് സിൻഡ്രം എന്നീ രോഗമുള്ളവരിൽ രക്തത്തിലെ ബിലിറൂബിന്റെ അളവ് ജന്മനാതന്നെ കൂടിയിരിക്കും. ഇതിനു ചികിൽസിക്കേണ്ട ആവശ്യമില്ല.
നവജാതശിശുക്കളിലെ മഞ്ഞപ്പിത്തം
ഇതും പകരുന്ന രോഗമല്ല. ഇത് ജനിച്ച് രണ്ടുനാൾ മുതൽ രണ്ടാഴ്ചവരെ നീണ്ടു നില്ക്കാം. ഇതു സാധാരണമാണ്. കുഞ്ഞിന്റെ കരൾ ശരിയായി പ്രവർത്തിച്ചു തുടങ്ങിയെന്നതിന്റെയും അതു തന്റെ ശരീരത്തിലുള്ള അമ്മയുടെ ചുവന്ന രക്താണുക്കളെ വിഘടിപ്പിക്കുന്നതിന്റെ അഥവാ സ്വയം നിൽനില്ക്കാൻ ശ്രമിക്കുന്നു എന്നതിന്റെയും തെളിവാണ് ഈ മഞ്ഞനിറം.
ഹോമിയോപ്പതിയിൽ
വിവിധ കാരണങ്ങൾ കൊണ്ടുണ്ടാകുന്ന മഞ്ഞപ്പിത്തത്തിനു ഹോമിയോപ്പതിയിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി പോലുള്ള പ്രശ്നക്കാരായ മഞ്ഞപ്പിത്തംം വരെ ഹോമിയോപ്പതി ചികിൽസ കൊണ്ട് ശമിപ്പിക്കാനും രക്തത്തിലെ രോഗാണു സാന്നിധ്യം മാറ്റാനും സാധിക്കാറുണ്ട്.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ് മുഴക്കുന്ന്, കണ്ണൂർ
ഫോൺ: 9447689239
[email protected]