ടാർഗറ്റഡ് ട്രീറ്റ്മെന്റും ഇമ്യൂണോ തെറാപ്പിയും- കാൻസർ ചികിത്സയിലെ പുതുവഴികൾ
Friday, February 4, 2022 1:37 PM IST
ക്ലോസ് ദ കെയർ ഗ്യാപ്പ് - അതാണ് ഇത്തവണത്തെ അർബുദ ദിനാചരണത്തിലെ ചിന്താവിഷയം. ലോകരാജ്യങ്ങൾക്കിടയിൽ കാൻസർ ചികിത്സാ സൗകര്യങ്ങളിൽ, അവയുടെ ലഭ്യതയിൽ പലതരത്തിലുള്ള അന്തരം നിലനിൽക്കുന്നുണ്ട്. അർബുദ ചികിത്സയുടെ ചെലവിലും വലിയ അന്തരമുണ്ട്.
ആവശ്യമുള്ള കൃത്യമായ ചികിത്സ കൃത്യസമയത്തു കിട്ടുന്നതിൽ ലോകത്തെവിടെയുമുള്ള കാൻസർ രോഗികൾ ധാരാളം കടന്പകൾ കടക്കണം. വരുമാനം, വിദ്യാഭ്യാസം, വംശം, ലിംഗം, പ്രായം, വൈകല്യങ്ങൾ, ജീവിതനിലവാരം ഇവയുടെയൊക്കെ അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ ഗുണനിലവാരമുള്ള കാൻസർ ചികിത്സയുടെ ലഭ്യതയെ സ്വാധീനിക്കുന്നുണ്ട്. അതാണ് കെയർ ഗ്യാപ്പ്. പണമുള്ളവർക്കും മുൻഗണനയുള്ളവർക്കും കാര്യങ്ങൾ എളുപ്പമാണ്. അതിനു മാറ്റമുണ്ടാവണം.
ഗുണനിലവാരമുള്ള കാൻസർ ചികിത്സയ്ക്ക് ഒന്നും തടസമാകരുത്
ജനിച്ച രാജ്യം, സ്ഥലം, വംശം, സാന്പത്തികം, ലിംഗവ്യത്യാസം, ശാരീരിക വൈകല്യങ്ങൾ, ജോലി, പ്രായം, ചികിത്സാ ചെലവ്... എന്നിവയൊന്നും ഏറ്റവും മെച്ചപ്പെട്ട ചികിത്സ കിട്ടുന്നതിനു തടസമാകരുത്. ഇതിന്റെയൊക്കെ പേരിൽ ലോകത്ത് ഏതു പ്രദേശത്തുള്ളയാൾക്കും ഗുണനിലാരമുളള, ഏറ്റവും ആധുനികമായ കാൻസർ ചികിത്സ ലഭിക്കാതെ പോകരുത്.
വിവിധ രാജ്യങ്ങളിലെ ചെലവുകളിലെ അന്തരം രോഗനിർണയം മുതൽ ചികിത്സ വരെയുള്ള കാര്യങ്ങളിൽ തടസമാകരുത്. അർബുദ വിമുക്ത ലോക നിർമിതിയിൽ നമുക്ക് എന്തു ചെയ്യാനാവും. അതു മുൻനിർത്തിയുള്ള പ്രചാരണ പരിപാടികൾക്കാണ് അർബുദ ദിനത്തിൽ തുടക്കം കുറിക്കുന്നത്.
പുതിയ ചികിത്സകൾ
സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവയാണ് കാൻസർ ചികിത്സയിലെ മൂന്നു സങ്കേതങ്ങൾ. അതൊക്കെ നല്കിയിട്ടും ചില രോഗികളിൽ കാൻസർ വീണ്ടെടുക്കുന്നതായി കണ്ടു. അതിന്റെ പിന്നിൽ എന്താണ്? അത്തരം ചിന്തകളും ഗവേഷണങ്ങളും കാൻസറിനു പിന്നിൽ വേറെയും കാരണങ്ങളുണ്ട് എന്ന കണ്ടെത്തലിൽ എത്തിച്ചു. അതിനു പോംവഴിയും ഗവേഷകർ കണ്ടെത്തി. അങ്ങനെയാണ് ഓങ്കോളജിസ്റ്റുകൾ പുതിയ ചികിത്സകളിലേക്ക് എത്തുന്നത്.
കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് എന്തിന്?
എല്ലാ കാൻസർ രോഗികളിലും വീണ്ടും കാൻസർ ഉണ്ടാകണമെന്നില്ല. ടെസ്റ്റ് ചെയ്തെങ്കിൽ മാത്രമേ അതു മനസിലാവുകയുള്ളൂ. അത് ആവശ്യമുള്ള ആളുകളെ കണ്ടെത്തുന്നതിനു സ്പെഷൽ ടെസ്റ്റുണ്ട്. കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് (C.G.P).
ചികിത്സ നല്കുന്പോൾ വളരെ മോശമായ രീതിയിൽ റിസൾട്ട് ലഭിക്കുന്ന ചില കാൻസറുകളുണ്ട്. പാൻക്രിയാസ് , ശ്വാസകോശം, മൂത്രസഞ്ചി, ഓവറി, കുടൽ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾക്ക് ഈ ടെസ്റ്റ് ചെയ്യുന്നത് ഉചിതമാണ്. ഇത്തരം കാൻസർ ബാധിതരിൽ മിക്കവാറും റിസൾട്ട് മോശമായിരിക്കും. അവർക്ക് എന്തെങ്കിലും പ്രതീക്ഷ കൊടുക്കാനാകുമോ എന്നറിയാൻ ഈ ടെസ്റ്റ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
ഇത്തരത്തിലുള്ള ആക്രമണസ്വഭാവമുള്ള കാൻസറുകൾക്കു മുൻകൂട്ടിത്തന്നെ കോംപ്രിഹെൻസീവ് ജീൻ പ്രൊഫൈലിംഗ് ചെയ്യുന്നത് ഏറ്റവും ഉചിതമായിരിക്കും.
പേഴ്സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ
സെലിബ്രിറ്റികൾ അമേരിക്കൽ പോയി ആധുനിക ചികിത്സയെടുത്ത് രോഗമുക്തരാകുന്ന വാർത്തകൾ നിരന്തരം കേൾക്കുന്നുണ്ട്. അപ്പോൾ ന്യായമായും ഒരു സംശയം സാധാരണക്കാരനുണ്ടാവാം. ഇന്ത്യയിൽ അത്തരം ചികിത്സാസൗകര്യം ഇല്ലേ?
റിസേർച്ച് ലാബുകളെല്ലാം യുഎസിലും യൂറോപ്പിലുമാണ്. അവിടെ ഓരോ രോഗിയുടെയും സാന്പിൾ എടുത്ത് കോംപ്രിഹെൻസീവ് ജീൻ അനാലിസിസ് നടത്തി കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള ജീനുകളിലേക്ക് ഗവേഷകർക്ക് എത്താനാവും. ട്യൂമറുകളെ ഈ ടെസ്റ്റിനു വിധേയമാക്കുന്പോൾ അതിൽ ഏതൊക്കെയാണു പോസിറ്റീവാകുന്നതെന്നു മനസിലാക്കാം. അതനുസരിച്ച് ആ രോഗിക്കു മാത്രം ഫലപ്രദമാകുന്ന മരുന്നുകൾ നിർദേശിക്കും.
കീമോതെറാപ്പി കൊടുത്താൽ പ്രശ്നക്കാരായതും കുഴപ്പമില്ലാത്തതും ഉൾപ്പെടെ എല്ലാ കോശങ്ങളും നശിക്കും. അതൊഴിവാക്കുന്നതിനാണ് പേഴ്സണലൈസ്ഡ് മെഡിസിൻ അഥവാ പ്രിസിഷൻ മെഡിസിൻ. ഒരു കാൻസർ ബാധിതന്റെ ശരീരകോശങ്ങളിൽ ഏതാണോ അബ്നോർമാലിറ്റി(ക്രമവിരുദ്ധതയുള്ളത്) ആ അബ്നോർമാലിറ്റിക്കു മാത്രം മരുന്നു കൊടുക്കുക എന്നതാണ് പ്രിസിഷൻ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
രോഗിയുടെ പ്രായം, ലിംഗം, ട്യൂമർ ടൈപ്പ് തുടങ്ങിയ ഘടകങ്ങളെ അയാളുടെ മാത്രം ജീവിതശൈലിയുമായി ബന്ധപ്പെടുത്തി മരുന്നു നല്കുന്നു എന്നതാണ് പേഴ്സണലൈസ്ഡ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
കാൻസറിനെതിരേയുള്ള രണ്ടു പുതിയ ചികിത്സാരീതികൾ
1. ടാർഗറ്റഡ് ട്രീറ്റ്മെന്റ്
2. ഇമ്യൂണോ തെറാപ്പി.
ടാർഗറ്റഡ് ട്രീറ്റ്മെന്റ്
ട്യൂമറിനകത്തെ അസാധാരണത്വമുള്ള (സ്പെസിഫിക്കായ) കാര്യങ്ങൾ കണ്ടുപിടിച്ച ശേഷം നടത്തുന്ന ചികിത്സ ടാർഗറ്റഡ് ട്രീറ്റ്മെന്റ്. ചിലപ്പോൾ ട്യൂമറിനു ചില പ്രത്യേകതരം സ്വഭാവങ്ങളുണ്ടാവും. അതു കണ്ടെത്താനായാൽ ആ രോഗിക്ക് അതിനെതിരായി മാത്രം മരുന്നു കൊടുത്താൽ മതി. ബ്രസ്റ്റ് കാൻസർ, കോളൻ കാൻസർ എന്നിവയിലൊക്കെ അതു സാധ്യമാണ്. രോഗവ്യാപനത്തിന്റെ സ്റ്റേജ് ഈ ചികിത്സയിൽ പരിഗണിക്കേണ്ടതില്ല.
ഇന്ന തരം കാൻസർ ഉണ്ടാക്കുമെന്നു ഏവർക്കുമറിയാവുന്ന ഒരു കാൻസർ ഏജന്റ് ശരീരത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത മറ്റൊരു തരം കാൻസറിനും കാരണമാവാം. എന്റെ ഒരു പ്രഷ്യന്റിനു പാൻക്രിയാസ് കാൻസറായിരുന്നു. കോപ്രിഹെൻസീവ് ജീൻ പ്രൊഫയിലിംഗ് എന്ന ടെസ്റ്റ് ചെയ്തപ്പോൾ അവർക്കു പാൻക്രിയാസ് കാൻസർ ഉണ്ടാകാൻ കാരണം ആൻജലീന ജോളിക്കു ബ്രസ്റ്റ് കാൻസർ ഉണ്ടാക്കാൻ കാരണമായ അതേ ജീനാണെന്നു കണ്ടെത്തി.
അതായത് ബ്രസ്റ്റ് കാൻസറുണ്ടാക്കാൻ കഴിവുള്ള ജീനിനു പാൻക്രിയാറ്റിക് കാൻസർ ഉണ്ടാക്കാൻ പറ്റുമെന്ന് അതിൽ നിന്നു മനസിലായി. അപ്പോൾ അതിനെതിരേയുള്ള മരുന്നു കൊടുത്താൽ ആ രോഗി രക്ഷപ്പെടും. അതാണ് ടാർഗറ്റഡ് ട്രീറ്റ്മെന്റ്.
ഇമ്യൂണോ തെറാപ്പി
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാനം പരാജയമാകുന്നതെന്താണ്? അവിടെയാണ് ആധുനിക ശാസ്ത്രം ഇമ്യൂണോ തെറാപ്പി എന്ന ചികിത്സാരീതി അവതരിപ്പിക്കുന്നത്. ഈ അർബുദ ദിനത്തിൽ നമ്മുടെ ചർച്ചകൾ ഈ നൂതന ചികിത്സാരീതിയെക്കുറിച്ചാവണം. നിരവധി സെലിബ്രിറ്റികളെ അർബുദത്തിൽ നിന്നു രക്ഷിച്ച ചികിത്സാരീതി യെന്ന നിലയിലും ഇമ്യൂണോ തെറാപ്പി ശ്രദ്ധ നേടുന്നുണ്ട്.
ടി സെൽ
നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധ ശേഷി കൊണ്ടുവരാൻ ഏറ്റവും ശക്തമായി പ്രയത്നിക്കുന്നതു വെളുത്ത രക്താണുക്കളാണ്(ഡബ്ള്യുബിസി സെല്ലുകൾ). അതിലുള്ള ഒരു സെല്ലാണ് ടി സെൽ. ടി സെല്ലുകളാണ് എല്ലാ പ്രതിരോധ തന്ത്രങ്ങളും നിയന്ത്രിക്കുന്നത്. ശരീരത്തിലെ പോലീസുകാരൻ - അങ്ങനെയാണ് ടി സെൽ അറിയപ്പെടുന്നത്.
ശരീരത്തിൽ എവിടെ പ്രശ്നമുണ്ടെങ്കിലും അതു കണ്ടുപിടിക്കും. അവിടെപ്പോയി അതു പരിഹരിക്കും. ടി സെല്ലിന്റെ ഈ കഴിവിനെ ഓരോ തരം കാൻസറിനും ഏതിരായ രീതിയിൽ ഉദ്ദീപിപ്പിക്കുകയാണെങ്കിൽ ശരീരം അഡോപ്റ്റീവ് ഇമ്യൂണിറ്റി - നമ്മൾ വളർത്തിയെടുത്തു കൊണ്ടുവരുന്ന ഒരു തരം പ്രതിരോധം - എന്ന അവസ്ഥയിലെത്തും.
ടി സെല്ലിനെ ഉണർത്താം
സാധാരണഗതിയിൽ ടി സെല്ലുകൾ ഉറക്കത്തിലായിരിക്കും. അത് എപ്പോഴും ഉണർന്നിരുന്നാൽ അതു നമ്മുടെ ശരീരത്തെ തന്നെ ആക്രമിക്കും. ചില ഫുഡ് കഴിച്ചാൽ അലർജിയാണെന്നു പറയാറില്ലേ. ആ ഫുഡിലുള്ള വിഷപദാർഥങ്ങളെ നശിപ്പിക്കാനായി ടി സെൽ അവിടെപ്പോയി അതിനുമേൽ പ്രവർത്തിക്കുന്പോഴാണ് നമുക്ക് അലർജിയായി തോന്നുന്നത്.
ഇതുപോലെ കാൻസർ ഉള്ള ആളുകളിൽ ടി സെൽ ആദ്യമൊക്കെ അവരെ രക്ഷപ്പെടുത്താൻ നോക്കും. കാലക്രമത്തിൽ കാൻസറിന്റെ കാഠിന്യം കൂടുന്പോൾ ടി സെല്ലിന്റെ കഴിവു നഷ്ടമാകും. കഴിവുപോയ ഈ ടി സെല്ലിനെ നമ്മൾ ഉണർത്താൻ ശ്രമിച്ചാൽ പല മടങ്ങായി അതു വിഭജിച്ചുകൊണ്ടിരിക്കും. അതിന്റെ ആക്്ഷൻ കൂടും. അങ്ങനെയാണ് അതു വഴി കാൻസർ നിയന്ത്രിതമാകുന്നത്. അതാണ് ഇമ്യൂണോ തെറാപ്പി. കേരളത്തിലും ഈ ചികിത്സ കൊടുക്കുന്നുണ്ട്.
ഇത്തരത്തിലുള്ള രോഗിനിർണയത്തിനും ചികിത്സയ്ക്കും ചെലവേറും. ചെലവേറിയതാണെങ്കിലും ഈ ചികിത്സ രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനു മറ്റു രീതികളേക്കാൾ ഫലപ്രദമാണ്. ചികിത്സ ചെലവിനു സബ്സിഡി നല്കി എവർക്കും ഇതു ലഭ്യമാക്കാവുന്നതാണ്. സർക്കാർ തലത്തിൽ അതിനുള്ള നടപടികൾ ഉണ്ടാകണം.
എല്ലാവരിലും ഫലപ്രദമാണോ?
കാൻസർ ബാധിതനിൽ രോഗം ഉണ്ടാക്കാൻ കാരണമായ ജനിതകമായ വേരിയേഷൻ കണ്ടുപിടിക്കുന്നു. ആ വേരിയേഷൻ എതിരേയുള്ള ആന്റി ഡോട്ടായ മരുന്ന് കൊടുക്കുന്പോൾ ആ കാൻസർ ഇല്ലാതാവും. അതാണ് ഇമ്യൂണോ തെറാപ്പി. എല്ലാവരിലും ഈ ചികിത്സ ഫലപ്രാപ്തിയിലെത്തുമോ എന്നു ചോദിച്ചാൽ ഇല്ല. നൂറായിരം മാറ്റങ്ങൾ ഒരു കോശത്തിനുള്ളിൽ ഉണ്ടായെന്നുവരാം.
എല്ലാറ്റിനെയും നമുക്കു കണ്ടെടുക്കാനായെന്നു വരില്ല. നമുക്കു കണ്ടെടുക്കാനാവാത്ത ലെവലിലുള്ള ഏതെങ്കിലും തരം ജനിതക മാറ്റങ്ങളാണെങ്കിൽ അവർക്ക് ഇമ്യൂണോ തെറാപ്പി ഫലം ചെയ്യില്ല. ശ്വാസകോശ അർബുദം, കോളൻ കാൻസർ, ഓവേറിയൻ കാൻസറുകൾ, സ്്തനാർബുദം, തല, കഴുത്ത് എന്നിവയെ ബാധിക്കുന്ന ചിലതരം കാൻസറുകൾ, പാൻക്രിയാറ്റിക് കാൻസർ എന്നിവയ്ക്കു ഇമ്യൂണോ തെറാപ്പി ഫലപ്രദമാണെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
അത്തരം മരുന്നുകൾ ഇന്ത്യയിലും ലഭ്യമായിക്കൊണ്ടിരിക്കുന്നു. പക്ഷേ, അതു ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം ഏറെയുള്ളത് അമേരിക്കയിലാണ്. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇന്ത്യയിൽ ആയിവരുന്നതേയുള്ളൂ. സെലിബ്രിറ്റികൾ എന്തുകൊണ്ട് കാൻസർ ചികിത്സയ്ക്ക് അമേരിക്ക യിൽ പോകുന്നു എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായെന്നു കരുതട്ടെ.
വിവരങ്ങൾ: ഡോ. തോമസ് വർഗീസ്
MS FICS(Oncology) FACS സീനിയർ കൺസൾട്ടന്റ് & സർജിക്കൽ ഓങ്കോളജിസ്റ്റ്,
Renai Medicity, കൊച്ചി & പ്രസിഡന്റ്,
കേരള കാൻസർ കെയർ സൊസൈറ്റി
ഫോൺ: 9447173088