കഴുത്തുവേദന/ നടുവേദന: വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കാം
ഡോ. അരുൺ ഉമ്മൻ
Thursday, February 23, 2023 3:34 PM IST
വർധിച്ചുവരുന്ന ഉദാസീനമായ ജീവിതശൈലി കാരണം കഴുത്തിലെ പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല. അതുകൊണ്ട് നട്ടെല്ലിന് സ്ട്രെയിൻ താങ്ങാൻപറ്റാതെ വരുന്നു.
നമ്മുടെ നാഡീവ്യവസ്ഥയിൽ എന്തെങ്കിലും തകരാറു സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് വേദനയായി അനുഭവപ്പെടുന്നത്.
അത് പലവിധത്തിൽ നമുക്ക് അനുഭവപ്പെടാം. കുത്തുന്ന തരത്തിൽ അല്ലെങ്കിൽ പുകച്ചിൽ, ശരീരഭാഗം കട്ടുകഴയ്ക്കുന്ന തരത്തിൽ അല്ലെങ്കിൽ പൊള്ളിപ്പിടിക്കുന്ന വിധത്തിൽ അസുഖകരമായ ഒരു വികാരമായി വേദന അനുഭവപ്പെടാം. വേദന കാഠിന്യമേറിയതോ അല്ലെങ്കിൽ കുറഞ്ഞതോ ആകാം. അത് വരാം പോകാം, അല്ലെങ്കിൽ സ്ഥിരമായിരിക്കാം.
ഇതൊന്നുമല്ലെങ്കിൽ ഒരു പരുക്കുപറ്റിയതിന്റെ ഭാഗമായും വേദന അനുഭവപ്പെടാവുന്നതാണ്. ഇവിടെ നമ്മൾ മനസിലാക്കേണ്ടതെന്തെന്നാൽ ഒരു വേദനയും വെറുതെ വരുന്നതല്ല, അതിന് ഒരു അടിസ്ഥാന കാരണം ഉണ്ടാവും. അത് മനസിലാക്കി അതിനു വേണ്ട ചികിത്സ നൽകുക എന്നത് അത്യാവശ്യമാണ്.
സെർവിക്കൽ സ്പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം)
കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോംഗ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്ഷൻ വർക്കർമാർ, ഹെഡ് ലോഡിംഗ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പോലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ ഡോക്ടർമാർ തുടങ്ങിയവ രിലാണ് സെർവിക്കൽ സ്പോണ്ടിലൈറ്റിസ് (കഴുത്ത് തേയ്മാനം) കൂടുതൽ കാണുന്നത്.
പുറം വേദനയ്ക്ക് കാരണമാകുന്നത് എന്താണ്?
* ഭാരമേറിയ വസ്തുക്കൾ എടുക്കുക, അല്ലെങ്കിൽ അനുചിതമായ ശരീരവിന്യാസത്തിൽ ഇരിക്കുക, തുടർച്ചയായി ദീർഘനേരം വാഹനമോടിക്കുക, അല്ലെങ്കിൽ കമ്പ്യൂട്ടർ/ മൊബൈൽ ഫോൺ എന്നിവയിൽ അധികനേരം ചിലവഴിക്കുക. ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ നടുവിന് ഏറെ സമ്മർദം അനുഭവപ്പെടുന്നു.
* മുറിവ്, ആഘാതം, പരിക്ക്, അല്ലെങ്കിൽ ഒടിവുകൾ
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]