പെരിഫറൽ ആർട്ടറി രോഗം
Monday, April 3, 2023 1:26 PM IST
കാലുകളുടെ ധമനികളില്‍ കൊളസ്ട്രോള്‍/കൊഴുപ്പ് അടിഞ്ഞു കൂടുമ്പോള്‍ കാലുകളിലേക്കുള്ള രക്തപ്രവാഹം ക്രമേണ കുറയുന്നു. ഇതുമൂലം നടക്കുമ്പോള്‍ രോഗിയുടെ തുടയുടെ പേശികളില്‍ വേദന അനുഭവപ്പെടാം. കാലക്രമേണ ധമനികളിലെ തടസം കൂടുന്നതനുസരിച്ച്, കുറച്ചുദൂരം നടക്കുമ്പോള്‍ തന്നെ കാലുകള്‍ക്ക് അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്യും. ഈ ഘട്ടത്തില്‍ വേണ്ടവിധം ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, വിശ്രമവേളയില്‍ പോലും രോഗിക്ക് കാലുകളില്‍ വേദന അനുഭവപ്പെടാം. ഈ ഘട്ടത്തില്‍ അടിയന്തര വൈദ്യസഹായം നല്‍കിയില്ലെങ്കില്‍ ഇതു ബാധിച്ച അവയവം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
സിടി ആന്‍ജിയോഗ്രാം
രോഗത്തിന്റെ മുന്‍കാല വിശദാംശം, ശാരീരിക പരിശോധന, ഡ്യൂപ്ലെക്സ് വിലയിരുത്തല്‍ (Duplex Evaluation) എന്നിവ കൈകാലുകളുടെ രക്തചംക്രമണത്തിന്റെ അവസ്ഥ അറിയാന്‍ സഹായിക്കുന്നു. രോഗം ഗുരുതരാവസ്ഥയിലാണെങ്കില്‍, ധമനികളിലെ തടസം മനസിലാക്കുന്നതിനായി സിടി ആന്‍ജിയോഗ്രാം ചെയ്യേണ്ടതുണ്ട്.
ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി
കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളില്‍ കീ-ഹോള്‍ സര്‍ജറി (ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി / സ്റ്റെന്റിംഗ്) അനിവാര്യമാണ്. അത് സാധ്യമല്ലെങ്കിലോ പരാജയപ്പെടുകയോ ചെയ്താല്‍ കൃത്രിമ ഗ്രാഫ്റ്റ് ഉപയോഗിച്ച് ബൈപാസ് സര്‍ജറി ആവശ്യമായി വരും.
കീ-ഹോള്‍ ശസ്ത്രക്രിയ
രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍, നടക്കുമ്പോള്‍ രോഗിയുടെ തുടയുടെ പേശികളില്‍ വേദന അനുഭവപ്പെടാം. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നടക്കാനുള്ള ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും കീ-ഹോള്‍ ശസ്ത്രക്രിയ അനുയോജ്യമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ ഓപ്പണ്‍ സര്‍ജറി ചെയ്യേണ്ടതായി വരും. ‘കാലുകളുടെ ആരോഗ്യം ജീവിത നിലവാരത്തെ തീരുമാനിച്ചേക്കാം' എന്ന് പറയുന്നത് തീര്‍ത്തും ശരിയാണ്.
വിവരങ്ങൾ: ഡോ. ഉണ്ണികൃഷ്ണൻ
സീനിയർ വാസ്കുലർ സർജൻ,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.