മാസമുറ ക്രമമല്ല
Tuesday, March 1, 2016 4:19 AM IST
? ഡോക്ടർ, ഞാൻ 22 വയസുള്ള അവിവാഹിതയാണ്. എന്റെ മാസമുറ ക്രമമല്ല. ശരീരഭാരം വളരെ കൂടുതലാണ്. അമിതമായ രോമവളർച്ചയുമുണ്ട്. മാസമുറ ക്രമമാകാൻ എന്തു ചെയ്യണം. മേൽപ്പറഞ്ഞ പ്രശ്നങ്ങൾ എന്തെങ്കിലും രോഗലക്ഷണമാണോ.

= നിങ്ങൾ പറയുന്ന പ്രശ്നങ്ങൾ PCOS (പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം) എന്ന രോഗത്തിന്റെ ലക്ഷണമാണ്.

ശരിയായി നടക്കാത്ത അണ്ഡോൽപാദനം, പുരുഷഹോർമോണുകളുടെ അളവ് സ്ത്രീശരീരത്തിൽ കൂടുതലായി കാണപ്പെടുക, സ്കാൻ ചെയ്യുമ്പോൾ അണ്ഡാശയങ്ങൾ പോളിസിസ്റ്റിക് ആയി കാണപ്പെടുക. എന്നിവയുണ്ടെങ്കിൽ PCOS എന്ന അസുഖം ഉണ്ടെന്ന് അനുമാനിക്കാം.

PCOS സ്ത്രീകളുടെ ഒരു ജീവിതചര്യാരോഗമാണ്. അമിതമായ ഭക്ഷണം, വറുത്തതും എണ്ണമയമേറിയതുമായ ഭക്ഷണം എന്നിവ PCOS ലേക്കുള്ള ചവിട്ടുപടിയാണ്. വ്യായാമമില്ലാത്ത ജീവിതം, ജോലി സ്‌ഥലത്തെ പിരിമുറുക്കങ്ങൾ എന്നിവയെല്ലാം ഈ രോഗത്തിന് വളം വയ്ക്കുന്നു. ജനിക്കുന്ന സമയത്ത് വളർച്ചക്കുറവുള്ള പെൺകുട്ടികൾ, പ്രമേഹമുള്ള അമ്മമാർക്ക് ജനിക്കുന്ന ഭാരം കൂടിയ പെൺകുട്ടികൾ എന്നിവർക്ക് ഭാവിയിൽ PCOS വരാനുള്ള സാധ്യത കൂടുതലാണ്. PCOS ഉള്ള സ്ത്രീകളിൽ ഗർഭധാരണത്തിന് താമസം നേരിടുന്നുണ്ട്.