സഞ്ചാരികളെ മാടിവിളിച്ച് ഇരവികുളം ദേശീയോദ്യാനം
Saturday, March 26, 2022 8:33 AM IST
വരയാടുകളുടെ പ്രജനനകാലത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നിനു തുറക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. ഇതോടെ ടൂറിസം സോണായ രാജമലയിൽ ഒന്നിനു സഞ്ചാരികൾക്ക് പ്രവേശനമനുവദിക്കും.
വരയാടുകളുടെ പ്രജനനകാലം കണക്കിലെടുത്ത് ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. ഇരവികുളത്ത് ഇത്തവണ ഇതുവരെ നൂറിലധികം കുഞ്ഞുങ്ങൾ പിറന്നതായി അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറന്പിൽ അറിയിച്ചു. ടൂറിസം സോണിൽ മാത്രം 17 കുഞ്ഞുങ്ങൾ പിറന്നു.
സഞ്ചാരികളുടെ സൗകര്യാർഥം മൂന്നാറിലെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ എന്നിവടങ്ങളിൽ ഓണ്‍ലൈൻ ബുക്കിംഗിനായി പ്രത്യേകം തയാറാക്കിയ ക്യു ആർ കോഡ് സ്റ്റാൻഡുകൾ ഏപ്രിൽ ഒന്നിനു മുൻപ് സ്ഥാപിക്കും. മൂന്നാറിലെ 300 സ്ഥാപനങ്ങളിലാണ് ക്യു ആർ കോഡ് സ്റ്റാൻഡുകൾ സ്ഥാപിക്കുന്നത്. സഞ്ചാരികൾക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്ത് മുൻകൂറായി ബുക്കുചെയ്യാം.
ഓണ്‍ലൈനിൽ ബുക്കു ചെയ്തശേഷം ലഭിക്കുന്ന മെസേജിൽ നൽകിയിരിക്കുന്ന സമയത്ത് പ്രവേശന കവാടമായ അഞ്ചാം മൈലിലെത്തി വനം വകുപ്പ് തയാറാക്കിയിട്ടുള്ള വാഹനത്തിൽ കയറി രാജമലയിലെത്താം. ബസിൽ യാത്ര ചെയ്യുന്നതിനിടെ ശബ്ദരേഖയിലൂടെ ഇരവികുളം ദേശീയോദ്യാനത്തിന്റെ വിവരങ്ങൾ, ലഭിക്കുന്ന സേവനങ്ങൾ, ചെയ്യരുതാത്ത കാര്യങ്ങൾ എന്നിവ സംബന്ധിച്ച് സഞ്ചാരികൾക്ക് വിവരം കേൾക്കാം. വിദേശികൾക്ക് 500 രൂപയും സ്വദേശികൾക്ക് 200 രുപയുമാണ് പ്രവേശന ഫീസ്.
അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്ന മറയൂർ റോഡിലെ ലക്കം വെള്ളച്ചാട്ടവും ഏപ്രിൽ ഒന്നുമുതൽ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ്.വി. വിനോദ് പറഞ്ഞു. വെള്ളച്ചാട്ടത്തിൽ കുളി കഴിഞ്ഞെത്തുന്നവർക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, ഭക്ഷണശാല എന്നീ സംവിധാനങ്ങൾ ഇവിടെ പുതുതായി ഏർപ്പെടുത്തിയതായി വാർഡൻ അറിയിച്ചു.
രാജമല സന്ദർശനത്തിനുള്ള ഓണ്‍ലൈൻ അഡ്രസ്: www.eravikulamnationalpark.in, www.munnarwildlife.com