വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
Friday, September 29, 2023 10:35 AM IST
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022-ല്‍ 79 രാജ്യങ്ങളിലായി 1.3 ദശലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്.
ഓസ്ട്രേലിയ, കാനഡ, യുഎഇ, അമേരിക്ക എന്നിവിടങ്ങളാണ് വിദേശ പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങള്‍. വിദേശ പഠനത്തിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നതിനിടെ കൃത്യമായ സ്റ്റൂഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി എന്നത് തികച്ചും അനിവാര്യമാണ്.
ചികിത്സാപരമായതും യാത്രയിലെ അപ്രതീക്ഷിത സംഭവങ്ങളുമായി ബന്ധപ്പെട്ടതുമായ പരിരക്ഷകള്‍ ഇതിലൂടെ ലഭിക്കും. അതുവഴി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മനസമാധാനം ലഭ്യമാക്കാനും സാധിക്കും.
ഉയര്‍ന്ന ചികിത്സാ ചെലവുകള്‍, പ്രത്യേകിച്ച് കോവിഡിനെ തുടര്‍ന്ന് ആരോഗ്യ സംരക്ഷണ കാര്യത്തിലുണ്ടായ നിരക്കു വര്‍ധനകള്‍, വിദേശത്തേക്കു പോകുന്ന വിദ്യാര്‍ഥികളെ കൃത്യമായ സ്റ്റുഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് എടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
ഇങ്ങനെ ഇന്‍ഷൂറന്‍സ് പരിരക്ഷ തേടുമ്പോള്‍ വിദ്യാര്‍ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:
1. കൃത്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ തേടുക
കുറഞ്ഞ കാലാവധി മാത്രമുള്ള വിനോദയാത്രകള്‍ക്കുള്ള ഇന്‍ഷൂറന്‍സ് വാങ്ങണോ അതോ വിദ്യാര്‍ഥികളെ പ്രത്യേകമായി ഉദ്ദേശിച്ചുള്ള അന്താരാഷ്ട്ര യാത്രാ ഇന്‍ഷൂറന്‍സ് പരിരക്ഷ വാങ്ങണോ എന്നത് പലപ്പോഴും വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ്.
വിദേശത്തുള്ള വിദ്യാര്‍ഥികള്‍ നേരിടാവുന്ന അപകട സാധ്യതകളും പഠനം ഒരു വര്‍ഷത്തിലേറെ നീളാനുള്ള സാധ്യതകളും കണക്കിലെടുത്ത് പ്രത്യേകമായുള്ള സ്റ്റുഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.
ആരോഗ്യ അടിയന്തരാവസ്ഥകള്‍, യാത്രകളിലെ അപ്രതീക്ഷിത വൈകലുകള്‍, ബാഗേജുകള്‍ വൈകുകയോ നഷ്ടമാകുകയോ ചെയ്യുക, വിദ്യാഭ്യാസത്തെ തടസപ്പെടുത്തുന്ന നിയമപരമായ പ്രശ്നങ്ങള്‍ തുടങ്ങി അവരുടെ വിദ്യാഭ്യാസത്തെ തടസപ്പെടുത്തുന്ന രീതിയിലുളള നിരവധി വെല്ലുവിളികള്‍ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടി വരും.
ഇവയ്ക്കെല്ലാം പ്രത്യേകമായുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമാണെന്നത് ഓര്‍മിക്കണം. പ്രീമിയത്തിന്റെ കാര്യം പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ സ്റ്റുഡന്റ് ഇന്‍ഷൂറന്‍സ് പോളിസികള്‍ കൂടുതല്‍ ന്യായമായ രീതിയില്‍ നല്‍കുന്നുമുണ്ട്.
2. ട്രാവല്‍ ഇന്‍ഷൂറന്‍സോ ആരോഗ്യ ഇന്‍ഷൂറന്‍സോ?
അന്താരാഷ്ട്ര സ്റ്റൂഡന്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സോ ട്രാവല്‍ ഇന്‍ഷൂറന്‍സോ തെരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യയില്‍ നിന്നു വാങ്ങുന്ന സ്റ്റൂഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസിയാകും മികച്ചത്. മെഡിക്കല്‍ പരിരക്ഷ, യാത്രയ്ക്കുള്ള മെഡിക്കല്‍ ഇതര പരിരക്ഷ, ബാഗേജ്, മറ്റ് അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയ മെച്ചപ്പെട്ട സമഗ്ര പരിരക്ഷയും നേട്ടങ്ങളുമാവും ഇവയിലൂടെ നല്‍കുന്നത്.
സ്റ്റൂഡന്റ് ട്രാവല്‍ ഇന്ഷൂറന്സിനു കീഴില്‍ ലഭിക്കുന്ന ചില നേട്ടങ്ങള്‍ ഇവയാണ്
പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നേട്ടങ്ങള്‍, പഠന തടസങ്ങള്‍ക്കുള്ള പരിരക്ഷ, വസ്തുവിനുണ്ടാകുന്ന നഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള പേഴ്സണല്‍ ലയബിലിറ്റി, അടിയന്തര ഒഴിപ്പിക്കല്‍, യാത്ര വൈകല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
· പരമാവധി 180 ദിവസം പരിരക്ഷ നല്കുന്ന വിനോദ, ബിസിനസ് യാത്രകള്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് പോളിസികളില്‍ നിന്നു വ്യത്യസ്തമായി ഒരു വര്‍ഷത്തിനും അപ്പുറം പരിരക്ഷ നല്‍കുന്നതാണ് സ്റ്റൂഡന്റ് ട്രാവല്‍ പോളിസികള്‍.
· ഒരു വ്യക്തി തങ്ങുന്ന കാലാവധിക്ക് അനുസൃതമായി ആവശ്യമായ പരിരക്ഷ ലഭ്യമാക്കുന്ന വിധത്തിലുള്ള പദ്ധതി തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
3. പൊതുവായ യൂണിവേഴ്സിറ്റി പാക്കേജുകള്‍ക്കു മേലുള്ള ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് പാക്കേജുകള്‍
തങ്ങളുടെ ക്ലെയിം സെറ്റില്‍മെന്റ് സമയത്ത് ലഭിക്കുന്ന പരിരക്ഷയുടെ പരിധി കൃത്യമായി അറിയാന്‍ ഇന്ത്യന്‍ സ്റ്റൂഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ സാധിക്കും. സമഗ്ര പരിരക്ഷ ലഭിക്കും എന്നതാണ് ഇന്ത്യയില്‍ നിന്നുള്ള പോളിസികളുടെ മറ്റൊരു നേട്ടം.
യൂണിവേഴ്സിറ്റി പദ്ധതികള്‍ മെഡിക്കല്‍, അനുബന്ധ പരിരക്ഷകള്‍ മാത്രം സാധാരണ നല്കുമ്പോള് ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ട്രിപ്, ബാഗേജ് ബന്ധപ്പെട്ട പരിരക്ഷകള്‍ ഉള്‍പ്പെടെയുള്ള അധിക നേട്ടങ്ങള്‍ നല്‍കും.
വിദേശ പഠനം നടത്താന്‍ ഉദ്ദേശിക്കുന്ന സര്‍വകലാശാലയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പരിരക്ഷകള്‍ ലഭ്യമാണോ എന്നു പരിശോധിക്കേണ്ടതും ആവശ്യമാണ്.
4. നിയമപരമായ സഹായവും ലയബിലിറ്റി കവറേജും
നിയമപരമായ റെപ്രസന്റേഷനു വേണ്ടി അറ്റോണിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പോളിസി ഉടമയ്ക്ക് നല്കുന്ന ലീഗല്‍ അസിസ്റ്റന്‍സ് ഉള്‍പ്പെടുത്തിയതാവും സാധാരണ നിലയില്‍ സ്റ്റൂഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ്.
വിദ്യാര്‍ഥി മറ്റുള്ളവരുടെ വസ്തുവിനു നഷ്ടമുണ്ടാക്കുകയോ പരുക്കുണ്ടാകുകയോ ചെയ്താല്‍ പരിരക്ഷ ലഭ്യമാക്കുന്നതാണ് ലയബിലിറ്റി കവറേജ്. കൃത്യമായ പോളിസി തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധാപൂര്‍വമുള്ള വിലയിരുത്തലുകള്‍ നടത്തണം.
സ്റ്റൂഡന്റ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുമ്പോള്‍ വിവിധ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടേയും അഗ്രിഗേറ്റര്മാരുടേയും വെബ്സൈറ്റുകളില്‍ വിവിധ പദ്ധതികള്‍ താരതമ്യം ചെയ്യണം. കൃത്യമായ ആവശ്യങ്ങള്‍ വിലയിരുത്താനും ആവശ്യമായ ആഡ് ഓണുകളുള്ള സമഗ്രമായ പദ്ധതി തെരഞ്ഞെടുക്കാനും ഇതു സഹായിക്കും.
മുകളില്‍ സൂചിപ്പിച്ചതു പോലെ സര്‍വകലാശാലകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയ്ക്കാവണം പ്രാധാന്യം നല്‍കേണ്ടത്.
പദ്ധതി ഏതെന്നു തീരുമാനിക്കും മുന്‍പ് സ്ഥാപനത്തിന്റെ ക്ലെയിം സെറ്റില്‍മെന്റ് നിരക്കും വിലയിരുത്തണം. ശരാശരിയിലും ഉയര്‍ന്ന നിരക്കാണെങ്കില്‍ തടസങ്ങളില്ലാത്ത ക്ലെയിം പ്രോസസിംഗ് പ്രതീക്ഷിക്കാം.
ഇതിനു പുറമെ പ്രദേശത്തിന് അനുസൃതമായ ഘടകങ്ങളും പരിഗണിക്കണം. ട്രാവല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും എന്നതിനാല്‍ ഇക്കാര്യം ഏറെ പ്രസക്തമാണ്.
ആഗോള തലത്തില്‍ സാന്നിധ്യമുള്ളതും ട്രാവല്‍ ഇന്‍ഷൂറന്‍സ് രംഗത്ത് മികച്ച ബ്രാന്‍ഡ് ഉള്ളതുമായ സ്ഥാപനത്തിന് പ്രാധാന്യം നല്‍കുകയും വേണം. ഒരു വ്യക്തിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഏറെ പ്രധാനപ്പെട്ടതാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ യാത്ര.
വിദ്യാര്‍ഥികള്‍ സമയവും പരിശ്രമവും ഇവിടെ നിക്ഷേപമാക്കുന്നതു പോലെ സുരക്ഷയുടേയും ക്ഷേമത്തിന്റേയും കാര്യത്തിലും മികച്ച നിക്ഷേപം നടത്തി കൃത്യമായ ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കണം.
ഡോ. സന്തോഷ് പുരി
സീനിയര്‍ വൈസ് പ്രസിഡന്റ്, ഹെല്‍ത്ത് പ്രോഡക്ട്സ് ആന്റ് പ്രോസസ്,
ടാറ്റ എഐജി ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി