കരൾരോഗങ്ങളെ ചെറുക്കാം: ഹെപ്പറ്റൈറ്റിസ് ദിനത്തിൽ അറിയേണ്ടതെല്ലാം
Monday, July 28, 2025 1:42 PM IST
ഹെപ്പറ്റൈറ്റിസ് എന്ന നിശബ്ദവും അപകടകാരിയുമായ ആരോഗ്യ പ്രശ്നത്തിനെതിരേ ആഗോളതലത്തിൽ പ്രതിരോധം തീർക്കാൻ വർഷം തോറും ജൂലൈ 28ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നു.
പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്ന ഈ രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നു.
2025-ലെ ഹെപ്പറ്റൈറ്റിസ് ദിനം "ഹെപ്പറ്റൈറ്റിസ്: നമുക്കതിനെ തകർക്കാം' (Hepatitis: Let's Break It Down) എന്ന പ്രമേയത്തിലൂടെ ഈ രോഗത്തെ ഇല്ലാതാക്കാൻ തടസമായി നിൽക്കുന്ന സാമ്പത്തിക, സാമൂഹിക, വ്യക്തിപരമായ വെല്ലുവിളികളെ തകർത്തെറിയാൻ ലോകത്തിന് ആഹ്വാനം നൽകുന്നു.
നേരത്തെയുള്ള രോഗനിർണയവും ചികിത്സയും പ്രതിരോധവുമാണ് ഈ മാരകമായ രോഗത്തെ മറികടക്കാൻ നമുക്കുള്ള ഏറ്റവും വലിയ ആയുധങ്ങൾ.
എന്തുകൊണ്ട് നേരത്തെയുള്ള രോഗനിർണയം പ്രധാനം?
ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ പ്രകടമല്ലാത്തതിനാൽ പലപ്പോഴും തിരിച്ചറിയപ്പെടുന്നത് രോഗം ഗുരുതരമായ ഘട്ടത്തിലെത്തുമ്പോൾ മാത്രമാണ്.
എന്നാൽ, കൃത്യസമയത്തുള്ള രോഗനിർണയം കരളിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് തടയാനും രോഗമുക്തി വേഗത്തിലാക്കാനും സഹായിക്കും.
ഹെപ്പറ്റൈറ്റിസിന്റെ വൈറൽ, നോൺ-വൈറൽ രൂപങ്ങളെ ചെറുക്കാൻ രോഗത്തെക്കുറിച്ചുള്ള അവബോധവും രോഗനിർണയ പരിശോധനകളും ആവശ്യമാണ്.
അപകടസാധ്യതകളെ അറിയുക
രോഗം ബാധിക്കാനുള്ള സാധ്യതകൾ ഹെപ്പറ്റൈറ്റിസിന്റെ തരമനുസരിച്ച് (എ, ബി, സി, ഡി, ഇ) വ്യത്യാസപ്പെട്ടിരിക്കും.
പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെക്കൊടുക്കുന്നു:
മലിനമായ ഭക്ഷണവും വെള്ളവും: വൃത്തിയില്ലാത്ത സാഹചര്യങ്ങളിൽ, മലിനമായ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ പകരാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധവും സിറിഞ്ചുകളുടെ പങ്കുവയ്ക്കലും: ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക്: ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായ അമ്മയിൽ നിന്ന് നവജാത ശിശുവിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്.
ചികിത്സാപരമായ കാരണങ്ങൾ: മതിയായ അണുബാധ നിയന്ത്രണമില്ലാത്ത രക്തപ്പകർച്ച, ശസ്ത്രക്രിയ തുടങ്ങിയ വൈദ്യനടപടികളിലൂടെയും രോഗം പകരാം.
മറ്റ് കരൾ രോഗങ്ങൾ: ഫാറ്റി ലിവർ രോഗങ്ങൾ (എസ്എൽഡി), മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗങ്ങൾ (എഎൽഡി) എന്നിവയും ഹെപ്പറ്റൈറ്റിസിലേക്ക് നയിച്ചേക്കാം.
ഹെപ്പറ്റൈറ്റിസ് ലക്ഷണങ്ങൾ: തിരിച്ചറിയാം, ചികിത്സ തേടാം
കഠിനമായ ക്ഷീണവും ഉന്മേഷക്കുറവും
മഞ്ഞപ്പിത്തം: കണ്ണുകളിലും ചർമ്മത്തിലും മഞ്ഞനിറം, വയറുവേദന, പ്രത്യേകിച്ചും വയറിന്റെ മുകൾ ഭാഗത്ത് കടുത്ത നിറമുള്ള മൂത്രവും വിളറിയ മലവും, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, പനി, പ്രത്യേകിച്ചും അക്യൂട്ട് ഹെപ്പറ്റൈറ്റിസിൽ സന്ധിവേദനകൾ (പ്രത്യേകിച്ച് ഹെപ്പറ്റൈറ്റിസ് സിയോടൊപ്പം).
രോഗനിർണയവും പരിശോധനകളും
ഒരു വിശദമായ മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിലൂടെയാണ് രോഗനിർണയം ആരംഭിക്കുന്നത്. യാത്രാവിവരങ്ങൾ, മുൻകാല അണുബാധകൾ, വാക്സിനേഷൻ വിവരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
രക്തപരിശോധന: ആന്റിബോഡികളുടെയും വൈറൽ ലോഡിന്റെയും അളവ് കണ്ടെത്താൻ രക്തപരിശോധന നിർണായകമാണ്.
അൾട്രാസൗണ്ട് സ്കാനിംഗ്: കരൾരോഗത്തിന്റെ തീവ്രതയും മറ്റ് സങ്കീർണതകളും വിലയിരുത്താൻ ഇത് സഹായിക്കുന്നു.
ലിവർ ബയോപ്സി: അപൂർവമായി മാത്രം ആവശ്യമായി വരുന്ന ഒരു പരിശോധനയാണിത്. ചില സന്ദർഭങ്ങളിൽ കൂടുതൽ കൃത്യമായ രോഗനിർണയത്തിനായി ലിവർ ബയോപ്സി ആവശ്യമായി വന്നേക്കാം.
ചികിത്സാ രീതികൾ
ഹെപ്പറ്റൈറ്റിസിന്റെ തരവും തീവ്രതയും അനുസരിച്ച് ചികിത്സാരീതികൾ വ്യത്യാസപ്പെടാം.
അക്യൂട്ട് ഹെപ്പറ്റൈറ്റിസ് (എ, ബി, ഇ): മിക്കവാറും പേർക്കും അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ചികിത്സ മതിയാകും.
ആന്റിവൈറൽ മരുന്നുകൾ കൂടാതെ തന്നെ ഭൂരിഭാഗം ആളുകളും രോഗമുക്തി നേടുന്നു. എന്നാൽ അപൂർവമായി കരളിന് തകരാർ സംഭവിക്കുകയാണെങ്കിൽ അത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണ്.
ക്രോണിക് ഹെപ്പറ്റൈറ്റിസ് (ബി, സി): ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കുള്ള ആന്റിവൈറൽ മരുന്നുകൾ വൈറസിനെ നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും കരൾ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും.
ഫാറ്റി ലിവർ രോഗം (NAFLD): ജീവിതശൈലിയിലുള്ള മാറ്റങ്ങളാണ് ഈ രോഗത്തിന്റെ ചികിത്സയിലെ പ്രധാന ഘടകം. ഗുരുതരമായ കരൾ സിറോസിസ് ഉള്ളവർക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
പുതിയ മരുന്നുകൾ വന്നതോടെ ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സ കൂടുതൽ ലളിതവും ഫലപ്രദവുമാണ്.
പ്രതിരോധം: നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്
വാക്സിൻ എടുക്കുക: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. ഉയർന്ന അപകടസാധ്യതയുള്ളവർ കൃത്യസമയത്ത് വാക്സിൻ എടുക്കാൻ ശ്രദ്ധിക്കുക.
സുരക്ഷിതമായ ലൈംഗികബന്ധം: സുരക്ഷിതമായ ലൈംഗികബന്ധത്തിൽ ഏർപ്പെടുക, ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധം ഒഴിവാക്കുക.
വ്യക്തിപരമായ സാധനങ്ങൾ പങ്കുവയ്ക്കാതിരിക്കുക: സിറിഞ്ചുകൾ, റേസർ ബ്ലേഡുകൾ, ടൂത്ത് ബ്രഷ് തുടങ്ങിയ വ്യക്തിപരമായ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ഒഴിവാക്കുക.
സുരക്ഷിതമായ രക്തദാനം: രോഗാണു വിമുക്തമായ ചികിത്സാ രീതികളും സുരക്ഷിതമായ രക്തം സ്വീകരിക്കലും ഉറപ്പാക്കുക.
മദ്യം ഒഴിവാക്കുക: കരൾ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മദ്യപാനം പൂർണമായും ഒഴിവാക്കണം.
ആരോഗ്യകരമായ ജീവിതശൈലി: സമീകൃതാഹാരവും ചിട്ടയായ വ്യായാമവും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൈകൾ വൃത്തിയാക്കുക: വൃത്തിയില്ലാത്ത ഭക്ഷണവും വെള്ളവും ഒഴിവാക്കുക.
തുടർച്ചയായ പരിശോധന: കുടുംബത്തിൽ രോഗമുള്ളവരും മറ്റ് രോഗങ്ങളോ രോഗം ബാധിക്കാനുള്ള സാധ്യതയോ ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തുക.
ഇന്ന് കൃത്യമായ രോഗനിർണയത്തിനുള്ള വഴികളും ഫലപ്രദമായ മരുന്നുകളും നമ്മുടെ കൈകളിലുണ്ട്.
എന്നാൽ ഈ രംഗത്ത് ഏറ്റവും ശക്തമായ ആയുധം അവബോധവും കൃത്യസമയത്തുള്ള ഇടപെടലുകളുമാണ്. ഹെപ്പറ്റൈറ്റിസ് മുക്തമായ ഒരു ഭാവിക്കായി നമുക്ക് കൈകോർക്കാം.
ഡോ. രാജേഷ് ഗോപാലകൃഷ്ണ
സീനിയർ കൺസൾട്ടന്റ് - ഗ്യാസ്ട്രോഎന്ററോളജി & ഹെപ്പറ്റോളജി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ