കഴുകൻമാർ വട്ടമിടുന്ന ധർമഭൂമി-4
Tuesday, July 29, 2025 3:36 PM IST
ധര്‍മസ്ഥലയില്‍ നടന്നതായി പറയുന്ന കൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ഇവിടവുമായി ബന്ധപ്പെട്ട് കാണാതായ പലരുടെയും കുടുംബാംഗങ്ങള്‍ വീണ്ടും പരാതികളുമായി എത്തുകയാണ്. സിബിഐയില്‍ സ്റ്റെനോഗ്രാഫറായി വിരമിച്ച ബംഗളൂരു സ്വദേശിനിയായ സുജാത ഭട്ട് ആയിരുന്നു ഇവരില്‍ ആദ്യത്തെയാള്‍.
ഇവരുടെ മകള്‍ മണിപ്പാലില്‍ എംബിബിഎസ് വിദ്യാര്‍ഥിനിയായിരുന്ന അനന്യ ഭട്ടിനെ 2003 ലാണ് ധര്മസ്ഥലയില്വച്ച് കാണാതായത്. ധര്‍മസ്ഥലയും സമീപസ്ഥലങ്ങളും കാണാനായി കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു അനന്യ. പല വഴിക്കായി കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടെ അനന്യയെ പെട്ടെന്ന് കാണാതായതായാണ് കൂട്ടുകാര്‍ പറഞ്ഞത്. ഏറെ അന്വേഷിച്ചിട്ടും കാണാതിരുന്നപ്പോള്‍ പോലീസിലും പരാതി നല്‍കിയതാണ്. പക്ഷേ അവരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായില്ല.
അന്ന് കൊല്‍ക്കത്തയില്‍ ജോലിചെയ്തിരുന്ന സുജാത മകളെ കാണാതായതായി വിവരം കിട്ടിയതോടെ ധര്‍മസ്ഥലയിലേക്ക് പറന്നെത്തിയതായിരുന്നു. എന്നാല്‍, ഇവര്‍ സിബിഐയിലെ ഉദ്യോഗസ്ഥയായിരുന്നിട്ടുപോലും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തണുപ്പന്‍ സമീപനമായിരുന്നു. മകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാകാമെന്ന നിഗമനമാണ് ബെല്‍ത്തങ്ങാടി പോലീസ് ഇവരോട് പറഞ്ഞത്.
മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങാതെയായിരുന്നു അനന്യയുടെയും കൂട്ടുകാരുടെയും ധര്‍മസ്ഥല യാത്ര. ഇത് പോലീസിന്റെ വാദത്തിന് ബലമായി. ഹോസ്റ്റല്‍ അധികാരികളും പോലീസുമെല്ലാം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവായപ്പോള്‍ മകളെ കണ്ടെത്താന്‍ സഹായം തേടി ധര്‍മസ്ഥലയിലെ ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്ഡെയുടെ മുന്നില്‍തന്നെ സുജാത എത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നുപറഞ്ഞ് അദ്ദേഹവും കൈമലര്‍ത്തി.
ഇതോടെ സുജാത മകളെ കാണാതായ വഴികള്‍ തേടി സ്വന്തം നിലയ്ക്ക് തന്നെ ധര്‍മസ്ഥലയില്‍ അന്വേഷണം നടത്തി. സുജാത വിവരിച്ച അനന്യയുടെ രൂപലക്ഷണങ്ങളുള്ള പെണ്‍കുട്ടിയെ ധര്‍മസ്ഥല ട്രസ്റ്റുമായി അടുത്ത ബന്ധമുള്ള ചിലര്‍ക്കൊപ്പം കണ്ടിരുന്നതായി നാട്ടുകാരായ ചിലരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു.
ഇതിനിടയില്‍ ക്ഷേത്രത്തിനു സമീപം ഒരിടത്ത് ഇരിക്കുമ്പോള്‍ മകളെ കണ്ടെത്താനുള്ള സഹായം ചെയ്തുതരാമെന്നു പറഞ്ഞ് ഒരുസംഘം ആളുകള്‍ സുജാതയെ സമീപിച്ചു. ക്ഷേത്രത്തിലെ വോളന്റിയര്‍മാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വെള്ള യൂണിഫോമാണ് അവര്‍ ധരിച്ചിരുന്നത്. അവര്‍ സുജാതയെ ഒരു മുറിക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് പെട്ടെന്ന് തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റതായും താന്‍ അബോധാവസ്ഥയിലായതായും സുജാത പറയുന്നു.
എവിടെയോ അബോധാവസ്ഥയില്‍ കിടന്ന തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസിനെ ധിക്കരിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ ഇറങ്ങിത്തിരിച്ചതായതിനാല് ഇതുമായി ബന്ധപ്പെട്ടും അവരുടെ ഭാഗത്തുനിന്ന് ഇടപെടലൊന്നുമുണ്ടായില്ല. അന്ന് മര്‍ദനമേറ്റതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും സുജാതയ്ക്കുണ്ട്.
ഇതോടെ സിബിഐയിലെ ജോലിയില്‍നിന്ന് സ്വയം വിരമിച്ച് മകള്‍ക്കായുള്ള അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ തുടരുകയായിരുന്നു. പക്ഷേ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതൊന്നും എങ്ങുമെത്തിയിരുന്നില്ല.
അപ്പോഴാണ് മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി പറയുന്ന ഇടങ്ങള്‍ പരിശോധിക്കുമ്പോള്‍ അനന്യയുടെ ശേഷിപ്പുകള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് ഇപ്പോള്‍ സുജാതയുടെ ആവശ്യം. ഇത്രയും കാലം മകള്‍ക്കായി കാത്തിരുന്ന വയോധികയായ തനിക്ക് ഇനി മകളുടെ അന്ത്യകര്മങ്ങളെങ്കിലും ചെയ്യാനുള്ള സാഹചര്യമൊരുക്കിത്തരണമെന്നു മാത്രമാണ് സുജാത പറയുന്നത്.
കുറ്റക്കാരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമൊക്കെ ഇനി സര്‍ക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും ചെയ്യട്ടെയെന്ന് കാലങ്ങളുടെ കാത്തിരിപ്പ് സൃഷ്ടിച്ച നിര്‍വികാരതയോടെ സുജാത പറയുന്നു.
ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ആരോപണവിധേയരാകുന്ന ആളുകള്‍ സര്‍ക്കാരുകളിലും മറ്റു സംവിധാനങ്ങളിലും സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന രാഷ്ട്രീയ കക്ഷികളിലും വളരെയേറെ സ്വാധീനവും ധനബലവും ഉള്ളവരായതിനാല്‍ കുറ്റകൃത്യങ്ങളില്‍ കുറച്ചെങ്കിലും പുറത്തുവന്നാലും അവരാരെങ്കിലും യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ ഇതേ നിര്‍വികാരതയാണ് ധര്മസ്ഥലയിലേയും കര്‍ണാടകയിലേയും സാധാരണക്കാരില്‍ ഭൂരിഭാഗവും പുലര്‍ത്തുന്നത്.
ചെറുതായെന്തെങ്കിലും സംഭവിച്ചാല്‍തന്നെ ആശ്വാസമെന്ന നിലപാടാണ് അധികം പേര്‍ക്കുമുള്ളത്. വെളിപ്പെടുത്തലുകള്‍ നടത്തിയ ആളിന്റെ സുരക്ഷയും അന്വേഷണങ്ങള്‍ ഇഴഞ്ഞുനീങ്ങാനോ ക്രമേണ അട്ടിമറിക്കപ്പെടാനോ ഉള്ള സാധ്യതകളുമെല്ലാമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്ക്കുന്നു. ശുചീകരണ തൊഴിലാളിയുടെ സൂപ്പര്വൈസറെപ്പോലുള്ള ചെറുമൃഗങ്ങളെ മാത്രം കൂട്ടിലാക്കി കഴുകന്മാര് പിന്നെയും ഉയര്‍ന്നുതന്നെ പറക്കാനുള്ള സാധ്യതയുമുണ്ട്.
2012 ലെ സൗജന്യ കേസ് സൃഷ്ടിച്ച ആഘാതത്തിനു ശേഷം ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെ തിരോധാനങ്ങളും ദുരൂഹമരണങ്ങളും നടന്നിട്ടുള്ളതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലുകളെല്ലാം അതിനുമുമ്പു നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. സൗജന്യ കേസ് ധര്‍മസ്ഥലയുടെ സല്പേരിനും വിശ്വാസ്യതയ്ക്കും വലിയ തോതില്‍ മങ്ങലേല്‍പിച്ചതോടെ ഇവിടെ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കാന്‍ ഉന്നതതലത്തില്‍ തന്നെ ഇടപെടലുകള്‍ നടന്നിരിക്കാമെന്നാണ് സൂചന.
ഉന്നതതലത്തിലുള്ള പലര്‍ക്കും കാഴ്ചവയ്ക്കാന്‍ വേണ്ടിത്തന്നെയാണ് ക്രിമിനല്‍ സംഘങ്ങള്‍ കാലങ്ങളായി പെണ്‍കുട്ടികളെ ലക്ഷ്യമിട്ടിരുന്നതെന്നാണ് ധര്‍മസ്ഥലയില്‍ പറഞ്ഞുകേള്‍ക്കുന്ന വിവരം. ഇവരുടെ ഇംഗിതത്തിന് വഴങ്ങാന്‍ വിസമ്മതിച്ചിരുന്നവരാണ് കൊലചെയ്യപ്പെട്ടത്. എത്ര മൂടിവച്ചാലും കാലങ്ങള്ക്കപ്പുറമെങ്കിലും സത്യം പുറത്തുവരുമെന്ന വിശ്വാസമാണ് ഇപ്പോള്‍ ശരിയായിത്തീര്‍ന്നത്. അതിന്റെ ശേഷിപ്പുകളോരോന്നായി പുറത്തെടുക്കപ്പെടുമ്പോള്‍ കാലം കണക്കുചോദിക്കുന്നത് ആരോടൊക്കെയാവാമെന്ന് വരുംദിവസങ്ങള്‍ തെളിയിക്കും.
(അവസാനിച്ചു)