സുഹൃത്തുക്കള്‍ ചവിട്ടിതാഴ്ത്തിയ യുവാവിന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍; തുടരും...
Saturday, August 30, 2025 2:29 PM IST
മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അത്തരമൊരു അന്വേഷണം ചെന്നെത്തിയിരിക്കുന്നത് ഒരു ഒരുതിരോധാന കേസിന് തുമ്പായായാണ്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ ക്രൈം അങ്ങിനെ രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ച കഥയാണ് കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ സരോവരത്ത് യുവാവിനെ ചതുപ്പുനിലത്തില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. അതുമായിബന്ധപ്പെട്ട തുടര്‍ നടപടികളുടെ തിരക്കിലാണ് കേരള പോലീസ് ഇപ്പോള്‍.
തുടക്കം ഇങ്ങനെ...
കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസുകളിൽ ഒരു വർഷത്തിന് മുകളിലുള്ള കേസുകളുടെ സ്ഥിതിയെന്താണെന്നറിയണമെന്ന സിറ്റി പോലീസ് ടി.നാരായണന്റെ നിർദേശപ്രകാരമാണ് പോലീസ് മൂന്നുവര്‍ഷം മുന്‍പ് കാണാതായ എലത്തൂര്‍ സ്വദേശിയായ വിജിലിനെ(28) കാണാതായ കേസിന് പിന്നാലെ വീണ്ടും പോകുന്നത്.
വിജിലിനെ കാണാതായ ദിവസത്തെ കാര്യങ്ങൾ വീണ്ടുമന്വേഷിച്ച പോലീസിന് സുഹൃത്തുക്കൾ ഒപ്പമുള്ളതായി വിവരം ലഭിച്ചു. ഇതോടെ സുഹൃത്തുക്കൾ ആരെല്ലാമായിരുന്നുവെന്നും വിജിലുമായുള്ള അടുപ്പം സംബന്ധിച്ചും വിശദമായി അന്വേഷിച്ചു.
അന്വേഷണത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരായിരുന്നു വിജിലിനൊപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.
ഇവർ നാലുപേരും ലഹരി ഉപയോഗിക്കാറുള്ള വിവരവും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ദീപേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൊലപ്പെടുത്തിയില്ല, കുഴിച്ചുമൂടി...
വിജിലിനെ കൊലപ്പെടുത്തിയതല്ലെന്നാണ് പ്രതികൾ പറയുന്നത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഇക്കാര്യം പുറത്തറിഞ്ഞാലുള്ള നടപടികൾ ഭയന്നാണ് മൃതദേഹം ചതുപ്പിൽ താഴ്ത്താൻ തീരുമാനിച്ചത്.
സംഭവത്തിൽ തുടർന്ന് മൂവർക്കും കുറ്റബോധമുണ്ടായിരുന്നു. അതിനിടെയാണ് മൂവരും ചേർന്ന് വിജിലിന് ബലിതർപ്പണം നടത്താൻ തീരുമാനിച്ചത്. ഇതിനായി മൃതദേഹം ചതുപ്പിൽ താഴ്ത്തിയ സ്ഥലത്ത് വീണ്ടുമെത്തി അസ്ഥി ശേഖരിച്ചു.
ഈ അസ്ഥിയുമായി വരക്കൽ ബലിതർപ്പണം നടത്തുന്നിടത്തെത്തി ക്രിയകൾ ചെയ്തതായും പ്രതികൾ മൊഴി നൽകി. അതേസമയം ചോദ്യം ചെയ്യാനായി ദീപേഷിനെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴേക്കും സത്യം വെളിപ്പെടുത്തിയിരുന്നു.
രണ്ടര വർഷം മുമ്പ് കാണാതായ ഹേമചന്ദ്രനെ കൊലപ്പെടുത്തി തമിഴ്നാട് ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട സംഭവം കണ്ടെത്തിയതിന് പിന്നാലെയാണ് ആറ് വർഷം മുമ്പത്തെമിസിംഗ് കേസ് പോലീസ് തെളിയിച്ചത്.
തെരച്ചില്‍ തുടരും...
യുവാവിനെ സരോവരത്തിന് സമീപം കണ്ടല്‍ക്കാട്ടില്‍ ചവിട്ടിതാഴ്ത്തിയ സംഭവത്തില്‍ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുടരും.വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കാലാവസ്ഥ അനുകൂലമായതോടെ തെരച്ചിൽ പുനരാരംഭിക്കാനാണ് പോലീസ് തീരുമാനം. കഴിഞ്ഞ ദിവസം സ്ഥലത്തു പരിശോധന നടത്താൻ മണ്ണുമാന്തി എത്തിച്ചിരുന്നു. എന്നാൽ, പാതിവഴിയിൽ മണ്ണുമാന്തി താഴ്ന്നതോടെ ശ്രമം അവസാനിപ്പിച്ചു.
തുടർന്നു മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നു പറയുന്ന സ്ഥലത്തേക്ക് പൊക്ലെയ്ൻ എത്തിക്കാൻ ഇന്നലെ ഈ ഭാഗത്ത് മണ്ണ് ഇറക്കി താൽക്കാലിക റോഡ് നിർമിച്ചു. രാവിലെ 8.30ന് ആരംഭിച്ച നിർമാണം വൈകിട്ട് ആറോടെയാണ് പൂർത്തിയായത്.
സ്വകാര്യ സ്കൂൾ റോഡിൽ നിന്നു സംഭവ സ്ഥലത്തേക്ക് 20 മീറ്ററിലാണ് താത്കാലികമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മണ്ണിറക്കി പൊക്ലെയ്ൻ എത്തിക്കാൻ റോഡ് നിർമിച്ചത്. മൃതദേഹം കെട്ടിത്താഴ്ത്തിയെന്നു പറയുന്ന സ്ഥലത്തുനിന്ന് അവശിഷ്ടം ലഭിക്കുമെന്നാണു പോലീസ് പറയുന്നത്.
അവിടെ ഒന്നര മീറ്ററോളം താഴ്ചയിൽ ചെളിയാണ്. ഈ ഭാഗത്ത് ചുറ്റും മൺചാക്കുകൾ നിരത്തി വെള്ളം വറ്റിച്ചു പൊക്ലെയ്ൻ ഉപയോഗിച്ചു ചെളിനീക്കി തെരച്ചിൽ നടത്താനാണ് പദ്ധതി. മഴ ഇല്ലെങ്കിൽ തിരച്ചിൽ നടത്താൻ കഴിയുമെന്നാണ് പോലീസിന്റെപ്രതീക്ഷ.