മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിന്; തമിഴ്നാടിന്റേതു കടന്നുകയറ്റം
Wednesday, August 29, 2018 2:54 PM IST
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ പൂർണ അധികാരം കേരളത്തിനു മാത്രമാണെന്നും ഏതു കരാറിന്റെ പേരിലാണെങ്കിലും തമിഴ്നാട് കാണിക്കുന്നതു കടന്നു കയറ്റമാണെന്നും അഡ്വ.റസൽ ജോയി. മുല്ലപ്പെരിയാർ വിഷയത്തിൽ ധീരമായ നിലപാടു സ്വീകരിച്ച് സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി നേടിയ അദ്ദേഹത്തെ തേടി നിരവധി വിളികളാണ് എത്തുന്നത്. റസൽ ജോയിയുടെ പോരാട്ടത്തിന്റെ കഥ സൺഡേ ദീപികയിലൂടെ പുറത്തുവന്നതോടെയാണ് അദ്ദേഹത്തെ കേരളം അന്വേഷിച്ചുതുടങ്ങിയത്.
മൗനം ദുരൂഹം
ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം കേരളത്തിന്റെ അവകാശമാണെന്നും അതിൽ കൈകടത്താൻ മറ്റൊരു സംസ്ഥാനത്തിന് അധികാരമില്ലെന്നും റസൽ ജോയിപറയുന്നു. ഭരണഘടനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമുള്ള വിവേചന അധികാരം നിർവചിച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിനുള്ളിൽ കടന്നു കയറി അധികാരം കാണിക്കുന്നതിനെ കടന്നുകയറ്റമെന്നേ പറയാൻ കഴിയൂ. ഇതു ഫെഡറൽ സംവിധാനത്തിന് എതിരാണ്. മുല്ലപ്പെരിയാർ പൂർണമായും കേരളത്തിലാണ്. കരാർപ്രകാരമുള്ള വെള്ളം കൊടുക്കുന്നതിനൊന്നും കേരളം എതിരല്ല.
എന്നാൽ, കേരളത്തിനുള്ളിൽ കയറി അധികാരം കാണിച്ചിട്ടും മുല്ലപ്പെരിയാർ തമിഴ്നാടിന്റേതാണെന്നു പറഞ്ഞിട്ടും കേരളം മൗനം പാലിക്കുന്നതാണ് അതിശയിപ്പിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനുള്ളിൽ കടന്നു കയറുന്നതിനെ കേരള സർക്കാർ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യണമായിരുന്നു. എന്തുകൊണ്ടാണ് ഇവരെല്ലാം മൗനം പാലിക്കുന്നതെന്നു മാത്രം മനസിലാകുന്നില്ല. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ പൂർണ അവകാശം കേരളത്തിനു കിട്ടണം.- അദ്ദേഹം അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സംഘം
മുല്ലപ്പെരിയാർ വിഷയത്തിൽ അന്താരാഷ്ട്രവിദഗ്ധസംഘം മുല്ലപ്പെരിയാറിലെത്തി ഡീ കമ്മീഷൻ ചെയ്യുന്നതാണ് എന്റെ സ്വപ്നം. അതുകൊണ്ടു മാത്രമാണ് മുല്ലപ്പെരിയാർ വിഷയത്തിൽ അണക്കെട്ടിന്റെ ഡീകമ്മീഷൻ തീയതി നിശ്ചയിക്കണമെന്നു ഹർജി കൊടുത്തിരിക്കുന്നത്. അന്താരാഷ്ട്ര വിദഗ്ധസമിതി പരിശോധിച്ചിട്ട് ആയുസ് കഴിഞ്ഞ ഡാം സുരക്ഷിതമാണെന്നു പറയട്ടെ. അന്താരാഷ്ട്ര വിദഗ്ധ സമിതിയെ സുപ്രീംകോടതിയോ കേന്ദ്രസർക്കാരോ വിളിക്കട്ടെ. അങ്ങനൊരു വിദഗ്ധസമിതി വന്നാൽ ഈ ഡാം സുരക്ഷിതമാണെന്നു പറയില്ല.
സുപ്രീംകോടതിയെ പോലും ധിക്കരിക്കുന്ന നിലപാടാണു തമിഴ്നാട് സ്വീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 144 അടി വെള്ളമെത്തിയപ്പോഴാണ് 142 അടിയെന്നു കള്ളം പറഞ്ഞത്. ഈ കള്ളം പറയുന്നതു സുപ്രീംകോടതിയിലാണെന്നും കൂടി അറിയണം. അവരുടെ നേട്ടത്തിനു വേണ്ടി ഒരു സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്പിക്കാൻ പോലും ഇവർ തയാറാകില്ല - അദ്ദേഹം പറഞ്ഞു.
എംഎൽഎമാർ വിളിച്ചു
ദീപിക വാർത്ത പുറത്തു വന്നതോടെ സംസ്ഥാനത്തെ ഏതാനും എംഎൽഎമാർ ബന്ധപ്പെട്ടിരുന്നു. അവർ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിൽ വിഷയം എത്തിക്കാമെന്നും അവർ പറഞ്ഞു കഴിഞ്ഞു. ഞാൻ 140 എംഎൽഎമാരെയും വിളിക്കും. സഹായം അഭ്യർഥിക്കും. എനിക്കു വേണ്ടിയല്ല, നമ്മുടെ നാടിനുവേണ്ടിയാണ് ജനപ്രതിനിധികളുടെ സഹായം തേടുന്നത്. ജനങ്ങളുടെ പ്രാർഥനയും പിന്തുണയും എനിക്കു സഹായമായി ഉണ്ടെങ്കിലും ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഒന്നിച്ചു നിൽക്കുന്ന ഒരു അവസരം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
പിന്തുണച്ചില്ല
ആറുമാസം മുന്പ് എന്റെ കേസിൽ അന്താരാഷ്ട്ര നിലവാരമുള്ള ദുരന്ത നിവാരണ സമിതികൾ രൂപീകരിച്ചു ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു സുപ്രീം കോടതി കേരളത്തോടും തമിഴ്നാടിനോടും കേന്ദ്രസർക്കാരിനോടും ഉത്തരിവിട്ടിരുന്നു. ഇതിന്റെ കോപ്പി എംഎൽഎമാർക്ക് അയച്ചു കൊടുക്കുകയും നേരിട്ടു വിഷയം സംസാരിക്കുകയും ചെയ്തിട്ടും ആരുടെയും പിന്തുണ കിട്ടിയില്ലെന്നതു സങ്കടകരമാണ്.
അഭിനന്ദനപ്രവാഹം
മുല്ലപ്പെരിയാർ വിഷയത്തിൽ റസൽ ജോയിയുടെ വെളിപ്പെടുത്തൽ സൺഡേ ദീപികയിൽ വന്നതോടെ അദ്ദേഹത്തെ തേടി അഭിനന്ദനപ്രവാഹമാണ്. മുല്ലപ്പെരിയാർ വിഷയം സോഷ്യൽ മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. ദീപികയിലേക്കു റസൽ ജോയിയുടെ ഫോണ് നന്പരുകൾ അന്വേഷിച്ചു നിരവധി വിളികളാണ് എത്തുന്നത്. ഈ വിഷയം ജനഹൃദയങ്ങളിൽ എത്തിക്കാൻ പരിശ്രമിച്ച ദീപികയോടു കേരളം കടപ്പെട്ടിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ശരിയായ മാധ്യമധർമമാണു ദീപിക നിറവേറ്റുന്നത്. ഈവിഷയത്തിൽനിന്നും ഒരിക്കലും പിന്നോട്ടില്ല.
എന്നോടൊപ്പം കേരളജനത മുഴുവനുണ്ടെന്ന തിരിച്ചറിവ് ശക്തിപകരുന്നു. സാധാരണക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജനവിഭാഗം ഇതിനകം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതെന്റെ നിയോഗമാണ്. മുല്ലപ്പെരിയാർ എന്ന ഡാമിന്റെ നിലനിൽപിന്റെ പ്രശ്നം മാത്രമല്ല, ഇതു കേരളത്തിന്റെയും തമിഴ്നാട്ടിലെ അഞ്ചു ജില്ലകളുടെയും അതീജിവനത്തിന്റെ പ്രശ്നം കൂടിയാണ്- നിശ്ചയദാർഢ്യത്തോടെ അദ്ദേഹം പറയുന്നു.
ജോണ്സണ് വേങ്ങത്തടം