മുല്ലപ്പെരിയാർ കേസിൽ സർക്കാർ വീഴ്ച വരുത്തിയിട്ടില്ല: മന്ത്രി
Saturday, September 15, 2018 2:10 PM IST
പത്തനംതിട്ട: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് സംബന്ധിച്ചു സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പൊതുതാൽപര്യ ഹർജിയിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ലെന്നു മന്ത്രി മാത്യു ടി. തോമസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര വിദഗ്ധ സമിതിയെക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപരിശോധന നടത്തിക്കണമെന്ന വാദത്തെ കേരളസർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ എതിർത്തു തോൽപ്പിച്ചുവെന്നതു വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
2016 ൽ ഈ സർക്കാർ അധികാരത്തിലെത്തിയ ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച ആശയമാണ് അങ്ങനെയൊരു പരിശോധന. ആ സ്ഥിതിക്ക് ആ ആവശ്യം വ്യവസ്ഥാപിത മാർഗത്തിലൂടെ സാധിതമാക്കാൻ ഒരവസരമുണ്ടായാൽ സർക്കാർ അതിനെ എതിർക്കില്ല. ഹർജിക്കാരന്റെ വാദങ്ങളിൽ ഒന്നൊഴികെ എല്ലാംതന്നെ സർക്കാരിനു സ്വീകാര്യവുമായിരുന്നുവെന്നു മന്ത്രി ചൂണ്ടിക്കാട്ടി.
ഇപ്പോൾ കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം തുറന്നു വിട്ടതാണെന്ന വാദത്തിൽ മാത്രമാണ് സർക്കാരിനു വിയോജിപ്പുണ്ടായിരുന്നത്. പ്രസ്തുത വിയോജിപ്പ് സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഹരീഷ് സാൽവെ ശക്തമായി രേഖപ്പെടുത്തി.